പ്രതിസന്ധിക്കാലത്ത് അദാനി ഗ്രൂപ്പ് കമ്പനികളുടെ ‘രക്ഷകരായി അവതരിച്ച’ ജിക്യുജി പാർട്ണേഴ്സിന്റെ ഓഹരികൾക്കും ഇന്ന് രക്ഷയില്ല. യുഎസിൽ അദാനി ഗ്രൂപ്പ് ചെയർമാനും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസും അറസ്റ്റ് വാറന്റും വന്നതിന് പിന്നാലെ ഓസ്ട്രേലിയൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ജിക്യുജി പാർട്ണേഴ്സിന്റെ ഓഹരികളുടെ വില ഇന്ന് 25% വരെ കൂപ്പുകുത്തി. ഇന്നലെ 2.64 ഓസ്ട്രേലിയൻ ഡോളറിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരിവില ഇന്നുള്ളത് 2.13 ഡോളറിൽ.
അദാനി ഗ്രൂപ്പിലെ നിക്ഷേപം സംബന്ധിച്ച് പുനഃപരിശോധന നടത്താൻ ജിക്യുജി പാർട്ണേഴ്സ് ഒരുങ്ങുന്നുവെന്നും സൂചനകളുണ്ട്. ഹിൻഡൻബർഗ് ഉൾപ്പെടെ തൊടുത്തുവിട്ട ആരോപണശരങ്ങളേറ്റ് തകർന്നടിഞ്ഞ അദാനി ഗ്രൂപ്പ് ഓഹരികളിൽ, ആപത്തുകാലത്ത് വൻനിക്ഷേപവുമായി രക്ഷയ്ക്കെത്തിയത് ജിക്യുജി പാർട്ണേഴ്സ് ആയിരുന്നു. ഓസ്ട്രേലിയൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ജിക്യുജിയുടെ ഓഹരിവില ഇടിഞ്ഞ പശ്ചാത്തലത്തിൽ ഇറക്കിയ പ്രസ്താവനയിലാണ് അദാനി ഗ്രൂപ്പിലെ നിക്ഷേപം കേസിന്റെ തുടർനടപടികൾക്ക് അനുസൃതമായി പുനഃപരിശോധിക്കുമെന്ന് ജിക്യുജി വ്യക്തമാക്കിയത്.
ഇന്ത്യൻ വംശജനായ അമേരിക്കൻ നിക്ഷേപകൻ രാജീവ് ജെയ്ൻ നയിക്കുന്ന സ്വകാര്യ ഇക്വിറ്റി നിക്ഷേപസ്ഥാപനമാണ് ജിക്യുജി. കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം മാത്രം ഏകദേശം 80,000 കോടി രൂപയാണ് ജിക്യുജി പാർട്ണേഴ്സ് അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചിട്ടുള്ളത്. അംബുജ സിമന്റ്സിൽ 2.05%, അദാനി എനർജി സൊല്യൂഷൻസിൽ 1.89%, അദാനി പവറിൽ 1.76%, അദാനി ഗ്രീൻ എനർജിയിൽ 1.62%, അദാനി എന്റർപ്രൈസസിൽ 1.45%, അദാനി പോർട്സിൽ 1.46% എന്നിങ്ങനെ നിക്ഷേപ പങ്കാളിത്തമാണ് ജിക്യുജിക്കുള്ളത്.
Also Read
സൗരോർജ കരാറിന് കോടികൾ കൈക്കൂലി; ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി യുഎസ് കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]