സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാകാത്തവിധം സ്വർണവില ഓരോ ദിവസവും റെക്കോർഡ് തകർത്ത് കുതിക്കുന്നു. സ്വർണത്തിന്റെ ആവേശം വെള്ളിക്കും അർമാദമായി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവും വെള്ളിയുമുള്ളത്. സ്വർണവില ഗ്രാമിന് ഇന്ന് 20 രൂപ വർധിച്ച് 7,300 രൂപയായി. 160 രൂപ ഉയർന്ന് 58,400 രൂപയാണ് പവന്. ഒക്ടോബർ 18ന് രേഖപ്പെടുത്തിയ ഗ്രാമിന് 7,280 രൂപയും പവന് 58,240 രൂപയും എന്ന റെക്കോർഡ് ഇനി മറക്കാം.
18 കാരറ്റ് സ്വർണവിലയും റെക്കോർഡ് തകർത്ത് എക്കാലത്തെയും ഉയരമായ 6,025 രൂപയായി. കനംകുറഞ്ഞതും (ലൈറ്റ്വെയ്റ്റ്) വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുമാണ് 18 കാരറ്റ് സ്വർണം ഉപയോഗിക്കുന്നത്. വെള്ളിയും കേരളത്തിൽ പുതിയ ഉയരത്തിലെത്തി. ഗ്രാമിന് ഇന്ന് 2 രൂപ വർധിച്ച് വില 104 രൂപയായി. വെള്ളികൊണ്ടുള്ള വള, പാദസരം, അരഞ്ഞാണം, പൂജാസാമഗ്രികൾ, പാത്രങ്ങൾ തുടങ്ങിയവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവർക്കും ഈ വിലക്കയറ്റം തിരിച്ചടിയാണ്. രണ്ടാഴ്ച മുമ്പ് വില 96 രൂപയായിരുന്നു.
ജിഎസ്ടിയും പണിക്കൂലിയും
മൂന്ന് ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. 53.10 രൂപയാണ് ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി). പുറമേ പണിക്കൂലിയും നൽകണം. പണിക്കൂലി മിനിമം 5% കണക്കാക്കിയാൽ ഇന്ന് 63,215 രൂപ കൊടുത്താലേ ഒരു പവൻ ആഭരണം കേരളത്തിൽ വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,902 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5 മുതൽ 30 ശതമാനം വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.
വിലക്കയറ്റത്തിന് കാരണക്കാർ
യുഎസും ഇസ്രയേലുമാണ് നിലവിൽ സ്വർണവിലയുടെ ശമനമില്ലാക്കുതിപ്പിന് മുഖ്യ കാരണക്കാർ. യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രപും കമല ഹാരിസും തമ്മിലെ മത്സരം പൊടിപാറുകയാണ്. ആര് ജയിക്കുമെന്ന് ഉറപ്പിക്കാനാകാത്ത സ്ഥിതി. ഇതാണ് നിക്ഷേപക, ബിസിനസ് ലോകത്തെ കുഴപ്പിക്കുന്നതും. ആര് പ്രസിഡന്റാകുമെന്ന സൂചന കിട്ടിയാലെ യുഎസിന്റെ ഇനിയുള്ള സാമ്പത്തിക നയങ്ങളെപ്പറ്റി അനുമാനിക്കാനാകൂ.
ഈ സമ്മർദ്ദം അലയടിക്കുന്നതിനാൽ നിക്ഷേപകർ ജാഗ്രതയോടെയാണ് ഓഹരി, കടപ്പത്ര വിപണികളിൽ ഇടപെടുന്നത്. സുരക്ഷിത നിക്ഷേപമെന്ന പെരുമയുള്ള സ്വർണത്തിനാണ് കൂടുതൽ സ്വീകാര്യത. ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് പണം വൻതോതിൽ ഒഴുകുന്നത് വിലക്കയറ്റം സൃഷ്ടിക്കുന്നു. പുറമേ, അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നീക്കവും സ്വർണത്തിനാണ് നേട്ടമാകുന്നത്.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണമാണ് സ്വർണവിലയുടെ കുതിപ്പിന്റെ മറ്റൊരു വളം. യുദ്ധം എക്കാലത്തും ആഗോള സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാണ്. ഇവിടെയും സുരക്ഷിത നിക്ഷേപമെന്ന പെരുമയുമായി സ്വർണമാണ് കൂടുതൽ തിളക്കം നിക്ഷേപകർക്കിടയിൽ നേടുന്നത്. ഇന്ത്യയിലും ചൈനയിലും സ്വർണ ഡിമാൻഡ് വർധിക്കുന്നതും വിലക്കുതിപ്പിന് ആക്കം കൂട്ടുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് 2,732.73 എന്ന റെക്കോർഡിലെത്തി. ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് 2,730.25 ഡോളറിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]