ചെന്നൈ ∙ തമിഴ്നാട്ടിൽ വാണിജ്യ കപ്പൽ നിർമാണശാല സ്ഥാപിക്കാൻ കൊച്ചിൻ ഷിപ്യാഡ് 15,000 കോടി രൂപ നിക്ഷേപിക്കും. ആദ്യഘട്ടം 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്കുള്ള ധാരണാപത്രം തമിഴ്നാടും ഷിപ്യാഡും ഒപ്പുവച്ചു.
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് 15,000 കോടി രൂപ മുതൽമുടക്കിൽ മറ്റൊരു കപ്പൽശാല കൂടി തമിഴ്നാട്ടിൽ നിർമിക്കും. രണ്ടു പദ്ധതികളിലൂടെ 55,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വ്യവസായ മന്ത്രി ടി.ആർ.ബി.രാജ പറഞ്ഞു.
മാരിടൈം സമ്മേളനം: 34,200 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം
ഭാവ്നഗർ (ഗുജറാത്ത്) ∙ ‘ചിപ് ഹോ യാ ഷിപ് ഹോ, ഹമേ ഭാരത് മേ ഹി ബനാനെ ഹോംഗേ’ (ചിപ് ആയാലും കപ്പൽ ആയാലും ഇന്ത്യയിൽ തന്നെ നിർമിക്കണം) എന്ന ആഹ്വാനത്തോടെ മാരിടൈം മേഖലയിൽ 34,200 കോടിയിലേറെ രൂപയുടെ മുതൽമുടക്കുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.
കൊച്ചിൻ ഷിപ്യാഡ് ഉൾപ്പെടെയുള്ള കമ്പനികൾ വിവിധ ധാരണാപത്രങ്ങൾ ഒപ്പുവച്ചു.
‘സമുദ്ര് സേ സമൃദ്ധി’ എന്ന പേരിൽ ഒരുക്കിയ വമ്പൻ മാരിടൈം സമ്മേളനത്തിൽ പ്രധാനമന്ത്രി ആവർത്തിച്ചു പറഞ്ഞതു വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കണമെന്നും ‘ആത്മനിർഭർ ഭാരത്’ മാത്രമാണു വികസനത്തിലേക്കുള്ള രാജ്യത്തിന്റെ ഏക വഴി എന്നുമാണ്.
‘‘ലോകത്താരും ഇന്ത്യയുടെ വലിയ ശത്രുക്കളല്ല. മറ്റു രാജ്യങ്ങൾക്കു മേലുള്ള അമിത ആശ്രയത്വമാണു നമ്മുടെ വലിയ ശത്രു.
മറ്റുള്ളവരെ ആശ്രയിക്കുന്നതു തുടരുന്തോറും നമ്മുടെ ആത്മാഭിമാനം ഇടിയും. 140 കോടി ജനങ്ങളുടെ ഭാവി മറ്റാരെയും ഏൽപിക്കാനാവില്ല.
തലമുറകളുടെ ഭാവി അവതാളത്തിലാക്കാൻ കഴിയില്ല. നൂറു വിഷമതകൾക്കുള്ള ഏക ഔഷധമാണ് ആത്മനിർഭർ ഭാരത്; സ്വാശ്രയത്വം.
ലോകത്തിന്റെ മുൻപിൽ നിവർന്നുനിൽക്കാൻ നാം സ്വയംപര്യാപ്തമാകണം.
ഇന്ത്യ ഇപ്പോൾ ഷിപ് ബിൽഡിങ്, തുറമുഖ മേഖലകളിൽ വലിയ വികസനമാണു നടപ്പാക്കുന്നത്. കേരളത്തിൽ (വിഴിഞ്ഞം) ഡീപ് സീ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ ഉദ്ഘാടനം ചെയ്തതു സമീപകാലത്താണ്.
ഷിപ് ബിൽഡിങ് സാധാരണ വ്യവസായമല്ല. സ്റ്റീൽ മുതൽ ഇലക്ട്രോണിക്സ് വരെ ഒട്ടേറെ അനുബന്ധ ഘടകങ്ങളാണു കപ്പൽ നിർമാണത്തിന് ആവശ്യമെന്നതിനാൽ ആ മേഖലകളിലെല്ലാം കുതിപ്പുണ്ടാകും.
3 ഷിപ് ബിൽഡിങ് ക്ലസ്റ്ററുകളാണു രാജ്യത്തു സജ്ജമാക്കുന്നത്. വലിയ തോതിൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കും’’ – അദ്ദേഹം പറഞ്ഞു.
ജിഎസ്ടി ഇളവുകൾ ലഭിച്ചതിനാൽ നവരാത്രി ആഘോഷത്തെ വ്യാപാരികൾക്കു സന്തോഷത്തോടെ സ്വീകരിക്കാമെന്നു നവരാത്രി ആശംസകൾ നേർന്നു മോദി പറഞ്ഞു.
മുംബൈ ഇന്ദിര ഡോക്കിൽ 556 കോടി രൂപ ചെലവിട്ടു നിർമിച്ച, ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂസ് ടെർമിനലാണ് ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ പ്രധാനപ്പെട്ടത്. കൊൽക്കത്ത തുറമുഖത്തെ പുതിയ കണ്ടെയ്നർ ടെർമിനൽ, പാരദ്വീപ് തുറമുഖത്തെ കണ്ടെയ്നർ ബെർത്ത്, ചെന്നൈ എന്നോർ തുറമുഖത്തെ വിവിധ പദ്ധതികൾ, ചെന്നൈ തുറമുഖത്തെ കടൽ ഭിത്തി, കാണ്ട്ല തുറമുഖത്തെ ഗ്രീൻ ബയോ മെഥനോൾ പ്ലാന്റ്, മൾട്ടി പർപസ് കാർഗോ ബെർത്ത് തുടങ്ങിയവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഗുജറാത്തിലെ ഛാര തുറമുഖത്തെ എച്ച്പി എൽഎൻജി റിഗ്യാസിഫിക്കേഷൻ ടെർമിനൽ എന്നിവ ഉൾപ്പെടെ 26,354 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും നിർവഹിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രദർശനത്തിൽ കൊച്ചിൻ ഷിപ്യാഡിന്റെ പദ്ധതികൾ സിഎംഡി മധു എസ്.നായർ പ്രധാനമന്ത്രിയോടു വിശദീകരിച്ചു. ചടങ്ങിൽ, ഷിപ് ബിൽഡിങ് – തുറമുഖ മേഖലകളിലെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട
ധാരണാപത്രങ്ങളും ഒപ്പിട്ടു. കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാൾ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ പ്രസംഗിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]