
റഷ്യൻ എണ്ണയെച്ചൊല്ലി ഇന്ത്യയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവപ്പോര് കടുപ്പിക്കുന്നതിനിടെ, റഷ്യയിൽ സന്ദർശനത്തിനെത്തി വിദേശകാര്യ എസ്. ജയശങ്കർ.
ഇന്ത്യയും റഷ്യയും തമ്മിലെ വ്യാപാരബന്ധം കരുത്തോടെ മുന്നോട്ടുപോകുമെന്ന് ജയശങ്കർ വ്യക്തമാക്കുക കൂടി ചെയ്തത് അമേരിക്കയുടെ വിരട്ടലിനെ ഇന്ത്യ ഗൗനിക്കുന്നില്ലെന്ന സൂചനയായി. റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലവ്റോവുമായി ജയശങ്കർ ഇന്നു കൂടിക്കാഴ്ച നടത്തും.
ഇതിനിടെ, ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും സൗഹൃദത്തിന്റെ പാതയിലേക്ക് കയറിയതും യുഎസിനെ അസ്വസ്ഥപ്പെടുത്തിയേക്കും.
രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി.
നേരിട്ടുള്ള വിമാന സർവീസുകളും നാഥുലാ പാസ് ഉൾപ്പെടെയുള്ള അതിർത്തിപാതകൾ വഴി വ്യാപാരവും പുനരാരംഭിക്കുന്ന് ചർച്ചയായി.
യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ട്രംപുമായി അലാസ്കയിൽ നടത്തിയ ചർച്ചയ്ക്കുശേഷം റഷ്യൻ പ്രസിഡന്റ് പുട്ടിൻ, നരേന്ദ്ര മോദിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസ്.
ജയശങ്കർ റഷ്യൻ സന്ദർശനത്തിനായി തിരിച്ചതും. ട്രംപ് താരിഫ് പോര് ശക്തമാക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യ, ചൈന, റഷ്യ എന്നിവ കൈകോർക്കുന്നത് അമേരിക്കയെ കൂടുതൽ അലോസരപ്പെടുത്തുമെന്ന വിലയിരുത്തലുകൾ ശക്തമാണ്.
ഇന്ത്യൻ ഉൽപന്നങ്ങളോട് യുഎസ് വിമുഖത കാട്ടുകയാണെങ്കിൽ റഷ്യൻ വിപണിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇന്ത്യയിലെ റഷ്യൻ ഷാർജെ ഡ അഫയേഴ്സ് റോമൻ ബാബുഷ്കിൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയ്ക്ക് എണ്ണ നൽകുന്നത് തുടരുമെന്നും ഡിസ്കൗണ്ട് ബാരലിന് 5 ഡോളറിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കുമേൽ യുഎസ് ഉയർന്ന തീരുവ ചുമത്തിയത് അനീതിയാണെന്നും ഇന്ത്യയ്ക്കൊപ്പമാണ് റഷ്യയെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപാരക്കമ്മി കടുപ്പമെന്ന് ജയശങ്കർ
ഇന്ത്യയും റഷ്യയും തമ്മിലെ ഉഭയകക്ഷ വ്യാപാരം 2021ലെ 13 ബില്യൻ ഡോളറിൽ നിന്ന് 2024-25ൽ 68 ബില്യനിലേക്ക് കുതിച്ചുയർന്നുവെന്ന് എസ്.
ജയശങ്കർ പറഞ്ഞു. 2030ഓടെ ഇത് 100 ബില്യനിലെത്തിക്കുകയാണ് പുതുക്കിയ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, റഷ്യയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി കൂടുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഇതിനു ഉടനടി പരിഹാരം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് റഷ്യയിൽ കൂടുതൽ വിപണി തുറന്നുകിട്ടുകയെന്ന ആവശ്യമാണ് ഇന്ത്യ ഉന്നയിക്കുന്നത്.
അമേരിക്കൻ കേന്ദ്രബാങ്കിൽ പലിശയെച്ചൊല്ലി ‘തമ്മിലടി’
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൽ പണനയ നിർണയ സമിതിയിലെ ഗവർണർമാർക്കിടയിൽ പലിശനിരക്കിന്റെ ഭാവി സംബന്ധിച്ച് അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന് കഴിഞ്ഞ യോഗത്തിലെ മിനുട്സ് വ്യക്തമാക്കി.
ഗവർണർമാരിൽ ട്രംപ് അനുകൂലികളുടെ എണ്ണം കൂടുകയാണ്. പലിശനിരക്ക് ഉടൻ വെട്ടിക്കുറയ്ക്കണമെന്ന ട്രംപിന്റെ നിലപാടിനെ ഇവർ പിന്തുണയ്ക്കുന്നു.
എന്നാൽ ട്രംപിന്റെ താരിഫ് നയം അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നും പണപ്പെരുപ്പം നിയന്ത്രണം വിട്ടുയരുമെന്നുമാണ് എതിർചേരിയിലുള്ള ഫെഡ് ചെയർമാൻ ജെറോം പവൽ ഉൾപ്പെടെയുള്ളവർ വാദിക്കുന്നത്.
കഴിഞ്ഞയോഗത്തിൽ ട്രംപ് അനുകൂലപക്ഷത്തുള്ള ഗവർണർമാരായ ക്രിസ്റ്റഫര് വോളർ, മിഷേൽ ബോമൻ എന്നിവർ പലിശനിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തു. 1993നുശേഷം രണ്ടുപേർ എതിർവോട്ട് രേഖപ്പെടുന്നത് ആദ്യം 2026 മേയിൽ വിരമിക്കുന്ന പവലിന്റെ പകരക്കാരനാകാൻ സാധ്യത കൽപിക്കുന്നയാളാണ് വോളർ.
ജാക്സൺ ഹോൾ സാമ്പത്തിക സിംപോസിയത്തിൽ ജെറോം പവൽ നാളെ നടത്തുന്ന പ്രഭാഷണത്തിലേക്കാണ് ഏവരുടെയും ഉറ്റുനോട്ടം.
ഫെഡറൽ റിസർവ് ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അവസാന പ്രഭാഷണമാണിത്. ട്രംപിന്റെ തീരുവ നയം, അമേരിക്കയിലെ തൊഴിലില്ലായ്മക്കണക്ക് എന്നിവയുടെ പശ്ചാത്തലത്തിൽ എന്താകും അദ്ദേഹം പറയുകയെന്നാണ് ഏവരും ആകാംക്ഷയോടെ നോക്കുന്നത്.
ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പലിശനിരക്ക് കുറയ്ക്കാതെ കുടുംപിടിത്തം തുടരുന്നയാളാണ് പവൽ.
നഷ്ടം തുടർന്ന് യുഎസ് ഓഹരികൾ
യുഎസ് ഫെഡിന്റെ പലിശനയം, പവലിന്റെ പ്രഭാഷണം എന്നിവ സംബന്ധിച്ച ആകാംക്ഷയ്ക്കും ആശങ്കയ്ക്കുമിടെ വീണ്ടും നഷ്ടത്തിലായി യുഎസ് ഓഹരി വിപണികൾ. എസ് ആൻഡ് പി500 സൂചിക 0.24%, നാസ്ഡാക് 0.67% എന്നിങ്ങനെ ഇടിഞ്ഞു.
ഡൗ ജോൺസ് 0.04% മാത്രം ഉയർന്നു. ടെക് ഓഹരികളിലെ വിൽപന സമ്മർദവും ഓഹരികളെ തളർത്തുന്നു.
ഫ്യൂച്ചേഴ്സ് വിപണിയിൽ കാര്യമായ നേട്ടമോ നഷ്ടമോ ഇല്ല.
∙ യുഎസ് വിപണിയുടെ പ്രകടനം ഏഷ്യൻ ഓഹരികളെയും സ്വാധീനിക്കുന്നു. ജാപ്പനീസ് നിക്കേയ് 0.48% ഇടിഞ്ഞു.
∙ ചൈനയിൽ ഷാങ്ഹായ് സൂചിക 0.24% കയറി.
ഹോങ്കോങ് സൂചികയുടെ നേട്ടം 0.01% മാത്രം.
ചാഞ്ചാടാൻ ഇന്ത്യൻ വിപണി
കേന്ദ്രസർക്കാരിന്റെ ജിഎസ്ടി പരിഷ്കരണ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെയും സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം ചെയ്തത്. സെൻസെക്സ് 213 പോയിന്റ് (+0.26%) ഉയർന്ന് 81,857ലും നിഫ്റ്റി 70 പോയിന്റ് (+0.28%) നേട്ടവുമായി 25,050ലും എത്തി.
നിഫ്റ്റി 25,000 പോയിന്റ് നിലവാരം വീണ്ടെടുത്തത് ശുഭകരമാണ്. അതേസമയം, ഇന്ന് ഗിഫ്റ്റ് നിഫ്റ്റി നേരിയ നേട്ടത്തിലാണ് (5 പോയിന്റ്) രാവിലെയുള്ളത്.
ഓഹരി നിക്ഷേപകർക്കിടയിൽ സമ്മർദമുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 1,100 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചു.
∙ രൂപ ഇന്നലെ ഡോളറിനെതിരെ 6 പൈസ ഉയർന്ന് 87.07ൽ എത്തി.
∙ ഇന്ത്യയുടെ മുഖ്യ വ്യവസായരംഗത്തെ വളർച്ചനിരക്ക് ജൂണിലെ 2.2ൽ നിന്ന് ജൂലൈയിൽ 2 ശതമാനത്തിലേക്ക് താഴ്ന്നത് നിരാശയായി. മൊത്ത വ്യാവസായിക ഉൽപാദന സൂചികയിൽ (ഐഐപി) 40% പങ്കുവഹിക്കുന്നത് മുഖ്യ വ്യവസായ മേഖലയാണ്.
സ്വർണവും എണ്ണയും മുന്നോട്ട്
കഴിഞ്ഞദിവസങ്ങളിൽ താഴേക്കുനീങ്ങിയ സ്വർണവില തിരിച്ചുകയറുന്ന കാഴ്ചയാണ് ഇന്ന്.
രാജ്യാന്തരവില ഔൺസിന് 26.61 ഡോളർ ഉയർന്ന് 3,342 ഡോളറിൽ എത്തി. കേരളത്തിലും ഇന്നും വൻ തിരിച്ചുകയറ്റം പ്രതീക്ഷിക്കാം.
യുഎസിൽ ഉൽപാദനം കുറഞ്ഞ പശ്ചാത്തലത്തിൽ ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ വില ബാരലിന് 1.38% കുതിച്ചുകയറി 63.21 ഡോളറിൽ എത്തി. ബ്രെന്റ് വില 0.09% നേട്ടവുമായി 66.90 ഡോളറിലും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]