
അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങൾ മൂടി നിൽക്കുന്ന
പോയ വാരവും ഇറക്കത്തിന്റെ പാതയിലായിരുന്നു. സെൻസെക്സ് 0.9 ശതമാനവും നിഫ്റ്റി 0.71 ശതമാനവും ശരാശരി ഇടിവിലാണ് വാരം അവസാനിച്ചത്.
കഴിഞ്ഞ 3 ആഴ്ചകളിലായി 2 സൂചികകൾക്കും 3% വീതം നഷ്ടം നേരിട്ടു.
ആഴ്ചയിലെ അവസാനത്തെ വ്യാപാര ദിവസമായ വെള്ളിയാഴ്ച മാത്രം സെൻസെക്സ് 0.61 ശതമാനവും (502 പോയിന്റ് ), നിഫ്റ്റി 0.57 ശതമാനവും (143 പോയിന്റ്) താഴേക്കു പോയി. സെൻസെക്സ് 81,757ലും നിഫ്റ്റി 24, 968 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
വിപണി സാങ്കേതിക വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ നിഫ്റ്റി 25,000 നു താഴേക്കു പോയാൽ 24,900-24,850 എന്ന നിലയിലേക്ക് എത്തും.
അതുപോലെ സെൻസെക്സ് 82,000ൽ എത്തിയാൽ 81,500 ലേക്കു വരെ വീഴാനും സാധ്യതയുണ്ട്. വിപണി ഇറക്കത്തിന്റെ ഘട്ടത്തിലാണെന്നു ചുരുക്കം.
പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്ത ഒന്നാംപാദ ഫലങ്ങളാണ് വിപണിയുടെ വീഴ്ചയ്ക്ക് എണ്ണ പകർന്ന പ്രധാന ഘടകങ്ങളിലൊന്ന്.
ടിസിഎസിനു ശേഷം വന്ന പല ഐടി കമ്പനികളുടെ ഫലങ്ങളും വിപണിയെ തളർത്തി. ആക്സിസ് ബാങ്കിന്റ അറ്റാദായത്തിലെ 4% കുറവ് ഫിനാൻഷ്യൽ സെക്ടറിനെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചു.
വിപണി ആഴ്ച അവധിക്കു പിരിഞ്ഞതിനു ശേഷം വന്ന റിലയൻസ് ഫലങ്ങൾ ഈ ആഴ്ച വിപണിക്ക് പുതുജീവൻ നൽകുമോ എന്നാണറിയേണ്ടത്.
കമ്പനിയുടെ 26,994 കോടി അറ്റാദായത്തിൽ 8,924 കോടി ഏഷ്യൻ പെയിന്റ് ഉൾപ്പെടെയുള്ള കമ്പനികളുടെ ഓഹരികൾ വിറ്റതിൽ നിന്നു ലഭിച്ചതാണ്. കമ്പനിയുടെ യഥാർഥ പ്രവർത്തനങ്ങളിൽ (കോർ ബിസിനസ്) നിന്ന് ലഭിച്ച ലാഭം 18,070 കോടിയാണ്.
അതുപോലെ, എണ്ണ – വാതക സംരംഭത്തിൽ നിന്നുള്ള 6103 കോടി വരവ്, മുൻ പാദത്തെക്കാൾ 5.52% കുറവാണ്.
അതുകൊണ്ടുതന്നെ റിലയൻസ് ഫലങ്ങൾ എത്രമാത്രം വിപണിക്ക് ഊർജം പകരുമെന്ന് കണ്ടറിയണം. എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും ഫലങ്ങളും അത്ര ആശാവഹമല്ല.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ലാഭം കഴിഞ്ഞ പാദത്തെക്കാൾ 3% മാത്രമാണ് കൂടിയത്.
ഐസിഐസി ബാങ്കിന്റെ ലാഭം കഴിഞ്ഞ പാദത്തെക്കാൾ 1.1% കൂടി. ഇൻഫോസിസ്, ബജാജ് ഫിൻസെർവ് എന്നീ പ്രമുഖ കമ്പനികൾ ഉൾപ്പെടെ ഇരുപതിലധികം കമ്പനികളുടെ ഫലം ഈ ആഴ്ച വരും.
ഹീറോ മോട്ടോർ കോർപ്, എൽഐസി, പിഡിലൈറ്റ്, ലൂപിൻ തുടങ്ങിയ കമ്പനികൾ ലാഭവിഹിതം നൽകും.
നീണ്ടുപോകുന്ന യുഎസ് – ഇന്ത്യ തീരുവ ചർച്ചയാണ് മറ്റൊരു പ്രതിസന്ധി. ഇന്തൊനീഷ്യയെക്കാളും വിയറ്റ്നാമിനെക്കാളും കുറഞ്ഞ തീരുവ വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ ചർച്ച വഴിമുട്ടി നിൽക്കുകയാണ്.
ഡോണൾഡ് ട്രംപ് ബ്രിക്സ് രാജ്യങ്ങൾക്ക് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന 10% അധിക തീരുവ ചുമത്തിയാലും ട്രംപിന്റെ തീരുവ നയം ഇന്ത്യയ്ക്ക് അവസരങ്ങളുടെ പുതിയ വാതിൽ തുറന്നിടും എന്നാണ് എസ്ബിഐയുടെ ഗവേഷണ വിഭാഗം പറയുന്നത്.
യുഎസ് വലിയ തീരുവ ചുമത്തുന്ന ഏഷ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ രാസ, വസ്ത്ര, കാർഷിക, ഭക്ഷ്യ ഉൽപന്നങ്ങൾ കയറ്റിയയയ്ക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് അവരുടെ നിഗമനം.
ഇപ്പോൾ യുഎസിലേക്ക് മരുന്നും മറ്റു രാസവസ്തുക്കളും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് ചൈനയും സിംഗപ്പൂരുമാണ്. ചൈനയ്ക്കും വലിയ പകരം തീരുവയാണ് യുഎസ് ഏർപ്പെടുത്താൻ പോകുന്നത്.
ഇന്ത്യയ്ക്ക് ഈ രണ്ടു രാജ്യങ്ങളെക്കാൾ കുറവ് തീരുവയാണ്.
ഈ രണ്ടു രാജ്യങ്ങളുടെ കയറ്റുമതിയിൽ വെറും 2% ഇന്ത്യയ്ക്കു കിട്ടിയാൽ, അത് രാജ്യത്തിന്റെ ജിഡിപി 0.2% കൂടാൻ സഹായിക്കും. ജപ്പാൻ, തെക്കൻ കൊറിയ, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയുടെ ഒരു ശതമാനം നേടാൻ കഴിഞ്ഞാൽ ജിഡിപി 0.1% കൂടും.
ഇങ്ങനെ ഓരോ ഉൽപന്നങ്ങളുടെ കാര്യത്തിലും നേട്ടമുണ്ടാക്കാം. ഈ സ്വപ്നം പൂവണിയണമെങ്കിൽ തീരുവ 25 ശതമാനത്തിനു താഴെ നിൽക്കണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]