
കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന ചൈനയിൽ, കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ചു. രാജ്യത്ത് പ്രതിസന്ധി ഗുരുതരമെന്നും ഉത്തേജക പദ്ധതികൾ തുടരേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കുന്നതുമാണ് ഈ നടപടി.
ഉപഭോക്തൃ വിപണിയിൽ മാന്ദ്യമുണ്ടെന്ന് സൂചിപ്പിച്ച് റീട്ടെയ്ൽ വിൽപന ജൂണിൽ മുൻമാസത്തെ 6.4 ശതമാനത്തിൽ നിന്ന് 4.8 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു.
ഈ വർഷം ജനുവരി-മാർച്ചിൽ ചൈനീസ് ജിഡിപി വളർച്ച 5.2% മെച്ചപ്പെട്ടെങ്കിലും മുൻവർഷത്തെ സമാനപാദത്തിലെ 5.4 ശതമാനത്തേക്കാൾ കുറയുകയാണുണ്ടായത്.
ഈ വർഷം തുടർമാസങ്ങളിൽ ചൈനയിലെ സ്ഥിതി കൂടുതൽ മോശമായേക്കുമെന്നാണ് അനലിസ്റ്റുകളുടെ നിരീക്ഷണം. വിപണിയിൽ ഡിമാൻഡ് ഇടിയുന്നത് സ്ഥിതി നിസാരമല്ലെന്ന് വ്യക്തമാക്കുന്നു.
ജിഡിപി വളർച്ച 2025ന്റെ രണ്ടാംപാതിയിൽ 4 ശതമാനത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന് റേറ്റിങ് ഏജൻസിയായ നോമുറ പ്രവചിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, വ്യാവസായിക, ഉപഭോക്തൃ ശക്തികളിലൊന്നായ ചൈനയുടെ തളർച്ച രാജ്യാന്തരതലത്തിൽ തന്നെ പ്രതിസന്ധി സൃഷ്ടിക്കുമെന്നത്
ആശങ്കപ്പെടുത്തുന്നു.
ചൈനയിലെ പ്രതിസന്ധി ഉൾപ്പെടെ ഇന്ത്യൻ ഓഹരി വിപണിയെ രാജ്യാന്തര, ആഭ്യന്തര തലങ്ങളിൽ നിന്ന് കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്.
പലിശനിരക്ക് നിലനിർത്തിയ കേന്ദ്രബാങ്കിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ഓഹരി സൂചികയായ ഷാങ്ഹായ് 0.32 ശതമാനവും ഹോങ്കോങ്ങിൽ ഹാങ്സെങ് 0.27 ശതമാനവും നേട്ടത്തിലേറി.
അതേസമയം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈകാതെ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോർട്ട് ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരത്തർക്കത്തിൽ മഞ്ഞുരുകലിന് വഴിവച്ചേക്കുമെന്ന പ്രതീക്ഷയും നൽകുന്നു.
ജപ്പാനിൽ ഭരണമാറ്റത്തിന്റെ കാറ്റ്
ജപ്പാനിൽ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ സർക്കാരിന് ഉപരിസഭയിൽ ഭൂരിപക്ഷം നഷ്ടമായി. ഇതോടെ അധികാരം നഷ്ടപ്പെടുമെങ്കിലും ചെറുകക്ഷികളുടെ പിന്തുണയോടെ പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ് ഇഷിബ.
ജാപ്പനീസ് ഓഹരി വിപണികൾക്ക് ഇന്ന് അവധിയാണ്. അതേസമയം, ജാപ്പനീസ് ഫ്യൂച്ചേഴ്സ് വിപണി നഷ്ടത്തിലായി.
ജാപ്പനീസ് യെൻ ഡോളറിനെതിരെ നേരിയ നേട്ടം കുറിച്ചു. ജപ്പാനിലെ രാഷ്ട്രീയ പ്രതിസന്ധി കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാനെ പണനയത്തിൽ തീരുമാനമെടുക്കുന്നതിൽ ആശയക്കുഴപ്പത്തിലേക്കും നയിച്ചിട്ടുണ്ട്.
അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യതയേറെ.
ഓഗസ്റ്റ് ഒന്ന് ഇങ്ങടുക്കുന്നു; ഉറ്റുനോട്ടം ട്രംപിലേക്ക്
യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കുമേൽ ഓഗസ്റ്റ് ഒന്നുമുതൽ യുഎസിന്റെ പുതുക്കിയ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരാനിരിക്കേ, ഓഹരി നിക്ഷേപകർ കടുത്ത ആശങ്കയിൽ. നിലവിൽ 30% ഇറക്കുമതി തീരുവയാണ് യൂറോപ്യൻ യൂണിയനുമേൽ ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇത് അംഗീകരിക്കില്ലെന്നും കുറയ്ക്കണമെന്നും ചർച്ച തുടരുമെന്നുമായിരുന്നു യൂറോപ്യൻ യൂണിയന്റെ മറുപടി. ചർച്ചയിൽ ഇനിയും തീരുമാനമാകാത്തത് ഓഹരി വിപണികൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു.
ലണ്ടനിൽ എഫ്ടിഎസ്ഇ ഓഹരി സൂചിക പക്ഷേ, താരിഫിൽ കുറവുണ്ടായേക്കുമെന്ന പ്രതീക്ഷകളുടെ അടിസ്ഥാനത്തിൽ 0.22% കയറി.
ഇന്ത്യ-യുഎസ് വ്യാപാര ചർച്ചയിലും ഇനിയും കരാർ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇന്ത്യയ്ക്ക് 15-20% തീരുവ ട്രംപ് പ്രഖ്യാപിച്ചേക്കും.
ഇന്ത്യയുടെ ക്ഷീരമേഖല യുഎസ് ഉൽപന്നങ്ങൾക്ക് തൽക്കാലം തുറന്നുകൊടുത്തേക്കില്ല. ഈ വിഷയത്തിൽ ചർച്ച തുടരും.
ജനിതകമാറ്റം വരുത്തിയ കാർഷികോൽപന്നങ്ങൾ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളും ഇന്ത്യ അംഗീകരിക്കില്ല.
യുഎസിൽ വൻ ‘കോലാഹലം’
പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് പ്രസിഡന്റ് ട്രംപുമായി കടുത്ത ഭിന്നത നിലനിൽക്കേ, കേന്ദ്രബാങ്ക് (ഫെഡറൽ റിസർവ്) ചെയർമാൻ ജെറോം പവലിന്റെ നാളത്തെ പ്രഭാഷണത്തിലേക്കാണ് അമേരിക്കയുടെ ഉറ്റുനോട്ടം. പലിശ കുറയ്ക്കാനുള്ള മുറവിളി ശക്തമാണെന്നിരിക്കേ, പവൽ മനംമാറ്റത്തിന് തയാറാകുമോ? ഈമാസത്തെ യോഗത്തിൽ പലിശനിരക്ക് കുറയ്ക്കുമോ അദ്ദേഹം?
പവലിനെ മാറ്റി പകരക്കാരനെ നിയമിക്കണമെന്ന ആവശ്യം ട്രംപിന്റെ അനുകൂലികൾക്കിടയിൽ ശക്തമാണ്.
കോർപറേറ്റ് കമ്പനികളുടെ പ്രവർത്തനഫലവുമാണ് യുഎസ് ഓഹരി വിപണികളെ ആശങ്കയുടെ കൊടുമുടികയറ്റുന്നത്. ആൽഫബെറ്റ് (ഗൂഗിൾ), ടെസ്ല തുടങ്ങിയ വമ്പന്മാരുടെ കണക്കുകളിലേക്കാണ് ഏവരുടെയും ഉറ്റുനോട്ടം.
കണക്കുകൾ നിരാശപ്പെടുത്തിയാൽ അത് അമേരിക്കയിൽ മാത്രമല്ല, ഇന്ത്യയിലുമടക്കം രാജ്യാന്തര തലത്തിൽ തന്നെ വൻ ചലനങ്ങൾ ഓഹരി ലോകത്ത് അതു സൃഷ്ടിക്കും.
ഗിഫ്റ്റ് നിഫ്റ്റിയും ഇന്ത്യയും
ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 30 പോയിന്റിലേറെ താഴ്ന്നെങ്കിലും പിന്നീട് നേരിയ നേട്ടം കൈവരിച്ചത് ശുഭപ്രതീക്ഷ നൽകുന്നു. ഇന്ത്യൻ വിപണിയുടെ പ്രധാന ഉറ്റുനോട്ടം കോർപറേറ്റ് പ്രവർത്തനഫലങ്ങളിലേക്കും ഇന്ത്യ-യുഎസ് വ്യാപാര ചർച്ചയിലേക്കുമാണ്.
ഇൻഫോസിസ്, നെസ്ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഇരട്ടകൾ, സൊമാറ്റോ, പെട്രോനെറ്റ് എൽഎൻജി തുടങ്ങിയ പ്രമുഖ കമ്പനികളാണ് ഈയാഴ്ച ജൂൺപാദ പ്രവർത്തനഫലം പുറത്തുവിടുക.
സൊമാറ്റോ (എറ്റേണൽ), ഐഡിബിഐ ബാങ്ക്, അൾട്രടെക് സിമന്റ് എന്നിവയുടെ ഫലം ഇന്നറിയാം എന്നത് ആകാംക്ഷ കൂട്ടുന്നു. കഴിഞ്ഞയാഴ്ച വൻ നിരാശ സമ്മാനിച്ച് നിഫ്റ്റി 25,000ന് താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
0.57% താഴ്ന്ന് 24,968ൽ. സെൻസെക്സ് 501 പോയിന്റ് ഇടിഞ്ഞ് (-0.61%) 81,757ലും.
ഈയാഴ്ച നേട്ടത്തിന്റേതാകുമോ? വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇപ്പോഴും വിറ്റൊഴിയൽ മനോഭാവത്തിലാണെന്നത് തിരിച്ചടിയാണ്. കഴിഞ്ഞയാഴ്ച അവർ 6,672 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിച്ചു.
ജൂലൈയിൽ ഇതുവരെ തിരിച്ചെടുത്തത് 17,000 കോടി രൂപ.
സ്വർണവും ക്രൂഡ് ഓയിലും
റഷ്യയ്ക്കുമേലുള്ള ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില കൂടുകയാണ്. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.24% നേട്ടവുമായി 67.50 ഡോളറിലും ബ്രെന്റ് വില 0.13% ഉയർന്ന് 69.37 ഡോളറിലും എത്തി.
ഉൽപാദനം കൂട്ടുമെന്ന ഒപെക് പ്ലസിന്റെ പ്രഖ്യാപനത്തിലും വിലയെ താഴ്ന്നതലത്തിൽതന്നെ നിർത്താനായിട്ടില്ല.
സ്വർണവിലയിൽ കാര്യമായ ഉണർവില്ല. കഴിഞ്ഞയാഴ്ച ഔൺസിന് 3,350 ഡോളർ ആയിരുന്ന രാജ്യാന്തരവില ഒരുഘട്ടത്തിൽ ഇന്ന് 3,358 ഡോളറിലേക്ക് കയറിയെങ്കിലും ഇപ്പോഴുള്ളത് 3,353 ഡോളറിൽ.
കേരളത്തിൽ ഇന്നു സ്വർണവിലയിൽ നേരിയ വർധനയ്ക്കു മാത്രമോ മാറ്റമില്ലാതെ നിലനിർത്താനോ ആണ് സാധ്യത. എങ്കിലും, ഡോളറിനെതിരെ രൂപ ദുർബലമായാൽ സ്വർണവില ഉയർന്നേക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]