
പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎലിൽ (BSNL) നിന്ന് 2,903 കോടി രൂപയുടെ കരാർ നേടി ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയും ടാറ്റാ ഗ്രൂപ്പിന്റെ (Tata Group) ഉപസ്ഥാപനവുമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS). ബിഎസ്എൻഎലിന്റെ 18,685 ഓളം സൈറ്റുകളിലെ 4ജി (BSNL 4G) മൊബൈൽ നെറ്റ്വർക്കിനുള്ള പ്ലാനിങ്, എൻജിനിയറിങ്, ഉപകരണ വിതരണം, ഉപകരണങ്ങൾ സ്ഥാപിക്കൽ, ടെസ്റ്റിങ്, കമ്മിഷനിങ്, അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്കുള്ള കരാറാണ് (add-on Advance Purchase Order /APO) ലഭിച്ചതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ടിസിഎസ് വ്യക്തമാക്കി.
രാജ്യമെമ്പാടും 4ജി സൈറ്റുകൾ, ഡേറ്റ സെന്ററുകൾ എന്നിവ സ്ഥാപിക്കുന്നതിന് ബിഎസ്എൻഎലും ടിസിഎസുമായി നിലവിലുള്ള 15,000 കോടി രൂപ മതിക്കുന്ന സഹകരണത്തിന് പുറമെയാണ് പുതിയ കരാർ. ടാറ്റാ ഗ്രൂപ്പിനു കീഴിലെ മറ്റൊരു സ്ഥാപനമായ തേജസ് നെറ്റ്വർക്കാണ് (Tejus Network) റേഡിയോ ആക്സസ് നെറ്റ്വർക്ക് (RAN) ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ബിഎസ്എൻഎലിന്റെ 4ജി വിപുലീകരണ പദ്ധതികൾക്ക് നൽകുക.
ഇതിനായി ടിസിഎസിൽ നിന്ന് തേജസിന് 1,525.53 കോടി രൂപയുടെ കരാറും ലഭിച്ചിട്ടുണ്ട്. 5ജിയിലേക്കുള്ള ചുവടുവയ്പിന് അടിത്തറ ഇടുകകൂടിയാണ് ടിസിഎസുമായുള്ള സഹകരണത്തിലൂടെ ബിഎസ്എൻഎൽ. നിലവിൽ സജ്ജമാക്കുന്ന 4ജി നെറ്റ്വർക്ക് തന്നെ അപ്ഗ്രേഡ് ചെയ്ത് 5ജിയിലേക്ക് മാറാനാകുമെന്നതാണ് നേട്ടം. ടിസിഎസിന്റെ ഓഹരികൾ ഇന്ന് 0.96% ഉയർന്ന് 3,532 രൂപയിലാണ് ഉച്ചയ്ക്ക് മുമ്പത്തെ സെഷനിൽ വ്യാപാരം ചെയ്യുന്നത് (എൻഎസ്ഇ). തേസജ് നെറ്റ്വർക്ക് ഓഹരിയുള്ളത് 2.28% ഉയർന്ന് 740.10 രൂപയിലും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
English Summary:
TCS Wins Rs 2,903 cr BSNL Contract for 4G Network Expansion