മുംബൈയില്‍ നിന്ന് ദുബായിലേക്ക് വെറും രണ്ട് മണിക്കൂറിനുള്ളില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത് സങ്കല്‍പ്പിച്ചുനോക്കൂ! അത്ഭുതം വേണ്ട. ഇന്ത്യയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതി യുഎഇ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പദ്ധതി, ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്ര വേഗത്തിലും എളുപ്പത്തിലും താങ്ങാനാവുന്നതുമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍, മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനയാത്രയ്ക്ക് ഏകദേശം 3 മുതല്‍ 3.5 മണിക്കൂര്‍ വരെ എടുക്കും. ഹൈപ്പര്‍ലൂപ്പ് സംവിധാനം പോലുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അണ്ടര്‍വാട്ടര്‍ ട്രെയിന്‍ വെറും രണ്ട് മണിക്കൂറായി യാത്ര കുറയ്ക്കും.

സമയം ലാഭിക്കുന്നത് മാത്രമല്ല ഈ പദ്ധതിയുടെ ഗുണം. വിമാനയാത്രയേക്കാള്‍ ചെലവ് കുറയും അണ്ടര്‍വാട്ടര്‍ ട്രെയിൻ യാത്രയ്‌ക്കെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ടിക്കറ്റ് നിരക്കുകള്‍ എത്രയാണെന്നത് ഇപ്പോള്‍ വ്യക്തമല്ല. സ്ഥിരമായി ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് യാത്ര നടത്തുന്നവര്‍ക്ക് വലിയ ഗുണം ചെയ്യുന്നതാണ് പദ്ധതി. 

ഇരുനഗരങ്ങള്‍ക്കുമിടയിലുള്ള ദൂരം 2000 കിലോമീറ്ററാണ്. പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ വരുന്നതോടെ ടൂറിസത്തിലും കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. മണിക്കൂറില്‍ 600-1000 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിന്‍ പായുക. 2030 ആകുമ്പോഴേക്കും പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. വ്യാപാരത്തിലും വന്‍കുതിപ്പുണ്ടാക്കാന്‍ പദ്ധതിക്ക് സാധിച്ചേക്കും.

English Summary:

Travel from Mumbai to Dubai in just 2 hours via a planned underwater hyperloop train! This revolutionary project promises faster and cheaper travel than air, boosting tourism and trade between India and the UAE.