പതിവ് പോലെ സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയും ഇന്ന് വർധിച്ചു. ഇതോടെ ഗ്രാമിന് 9,015 രൂപയിലും പവന് 72,120  രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പവന്റെ വില 72,000 കടക്കുന്നത്. ഗ്രാമിന് 8,945 രൂപയിലും പവന് 71,560 രൂപ നിരക്കിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്. ഈ മാസം ആരംഭിച്ചപ്പോൾ ഏപ്രിൽ ഒന്നാം തിയതി പവന് 68,080 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണ വില. 21ദിവസത്തിനുള്ളിൽ പവന് 4040 രൂപ എന്ന ഞെട്ടിക്കുന്ന വില വർധനയിലേക്കാണ് എത്തിയത്. അതേ സമയം ഏപ്രിൽ 17 ന് സംസ്ഥാനത്തും, ദേശീയ രാജ്യാന്തര തലത്തിലും സ്വർണ വില റെക്കോർഡ് തിരുത്തിയിരുന്നു. രാജ്യാന്തര സ്വർണവില 3341 ഡോളറിലേക്ക് എത്തിയതോടെയാണ് സംസ്ഥാനത്തും സ്വർണം ഇന്ന് റെക്കോർഡ് കുറിച്ചത്. 

 18 കാരറ്റ് സ്വർണം 

സ്വർണ വില അനുദിനം വർധിച്ചു വരുമ്പോൾ കുറച്ച് ആശ്വാസം നൽകിയ 18 കാരറ്റ് സ്വർണത്തിനും വില വർധിക്കുകയാണ്. ഗ്രാമിന് 7410 രൂപയിലും പവന് 59,280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 

 രാജ്യാന്തര വിപണി

രാജ്യാന്തര സംഘർഷങ്ങളിലും താരിഫ് തർക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ലക്ഷ്യം 3500 ഡോളർ

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ മുതലിറക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ് കഴിഞ്ഞവർഷത്തെക്കാൾ 19000 രൂപയ്ക്ക് അടുത്താണ് സ്വർണത്തിന് ലാഭം വന്നിട്ടുള്ളത്.

സാധാരണക്കാരനെ എങ്ങനെ ബാധിക്കും?

ഏപ്രിൽ 30ന് എത്തുന്ന അക്ഷയതൃതീയ ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകൾ വരുന്നതിനാൽ സ്വർണവില വർധിക്കുന്നത് ചെറിയതോതിൽ ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും വില്പനയെ കാര്യമായി ബാധിച്ചിട്ടില്ല എന്ന് സ്വർണ വ്യാപാരികളുടെ സംഘടനയായ എ കെ ജി എസ് എം എ പറയുന്നു.

English Summary:

Gold prices hit a record high in Kerala, crossing ₹72,000 per sovereign. This significant increase follows a surge in international gold prices and is expected to impact consumers during the upcoming Akshaya Tritiya and wedding season. The article analyzes the current market situation and provides insights into future price predictions.