
ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച ഡിജിറ്റൽ കറൻസികളാണ് ക്രിപ്റ്റോകറൻസികൾ. ഒരു രാജ്യത്തെ കറൻസിയിലേതെന്നപോലെ നിശ്ചിതമായ നിയമങ്ങളാൽ ബന്ധിതമാണ് ഓരോ ക്രിപ്റ്റോകറൻസിയും. ഒരു ക്രിപ്റ്റോ നിർമിക്കുമ്പോൾ തന്നെ അവ എങ്ങനെ ഉപയോഗിക്കണമെന്ന് ഒരു കംപ്യൂട്ടർ കോഡ്വഴി നിശ്ചയിച്ചിരിക്കും. ഓരോ ക്രിപ്റ്റോയുടെയും ഉദ്ദേശ്യവും വിതരണവും അവയെ ബന്ധിക്കുന്ന നിയമങ്ങളും വ്യത്യസ്തമായിരിക്കും.
ഇടപാടുകൾക്കുള്ള ഡിജിറ്റൽ കറൻസി എന്ന തിനപ്പുറം ഇവ ഒരു നിക്ഷേപമാർഗമായും ഉപയോഗിക്കുന്നു. ലോകത്ത് ആയിരത്തിലധികം ക്രിപ്റ്റോകറൻസികൾ നിലവിലുണ്ട്. അവയിൽ ഏറ്റവും ജനശ്രദ്ധ നേടിയതും വിപണിമൂല്യത്തിൽ മുന്നിട്ടുനിൽക്കുന്നതുമായ അഞ്ചു കറൻസികളെ പരിചയപ്പെടാം:
ബിറ്റ്കോയിൻ (Bitcoin – BTC)
2009ൽ സതോഷി നാകാമോട്ടോ എന്ന അജ്ഞാതൻ അവതരിപ്പിച്ച ബിറ്റ്കോയിനാണ് ലോകത്തെ ആദ്യ ക്രിപ്റ്റോ. കേന്ദ്രനിയന്ത്രണ അതോറിറ്റിയില്ലാതെ എങ്ങനെ ഒരു കറൻസിക്കു നിലനിൽക്കാം എന്നതിന്റെ ഉദാഹരണമാണ് ബിറ്റ്കോയിൻ. പണമിടപാടു നടത്താൻ മാത്രമല്ല സ്വർണം പോലെ പണത്തിന്റെ മൂല്യം നിലനിർത്താൻ ശേഷിയുള്ള നിക്ഷേപമാർഗം എന്നനിലയിൽ ‘ഡിജിറ്റൽ ഗോൾഡ്’ എന്ന വിളിപ്പേര് ഇതു നേടുകയും ചെയ്തു. പണപ്പെരുപ്പം കാരണം യുഎസ് ഡോളറടക്കം, സർക്കാരുകൾ നിയന്ത്രിക്കുന്ന കറൻസികളുടെ മൂല്യം ഓരോ വർഷവും ഇടിയുമ്പോഴാണ് ബിറ്റ്കോയിൻ ഏറ്റവും നേട്ടം കൈവരിച്ച നിക്ഷേപമായിമാറുന്നത്.
ബിറ്റ്കോയിന്റെ വില വലിയതോതിൽ കൂടാൻ കാരണം അതിന്റെ പരിമിതമായ ലഭ്യതയാണ്. പരമാവധി ലഭ്യമാകുന്ന ബിറ്റ്കോയിന്റെ എണ്ണം 21 മില്യൻ അഥവാ 2.1 കോടിയായി നിയന്ത്രിച്ചിട്ടുണ്ട്.
അതിൽതന്നെ 20 മില്യനിൽ താഴെ മാത്രമേ ഇന്നു പ്രചാരത്തിലുള്ളൂ. ചെറുകിട നിക്ഷേപകരിൽ ഒതുങ്ങിനിന്നിരുന്ന ബിറ്റ്കോയിൻ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ വരവോടെ വൻകിട നിക്ഷേപകരിലേക്കും എത്താൻ തുടങ്ങിയിരിക്കുന്നു. എഴുപതിലധികം രാജ്യാന്തര കമ്പനികൾ ഇതിനോടകം അവരുടെ ട്രഷറി നിക്ഷേപത്തിന്റെ ഭാഗമായി ബിറ്റ്കോയിനിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
എഥേറിയം (Ethereum – ETH)
ബിറ്റ്കോയിൻ, ബ്ലോക്ക്ചെയിൻ ഉപയോഗിച്ചു കൊണ്ടുള്ള പേയ്മെന്റ് നെറ്റ്വർക്ക് ആണെങ്കിൽ അതേ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ സങ്കീർണമായ ആപ്ലിക്കേഷനുകൾ നിർമിക്കാൻ കഴിയുന്ന ഡിജിറ്റൽ സംവിധാനമാണ് എഥേറിയം. സ്മാർട്ട് കോൺട്രാക്ടുകൾ എന്നറിയ
പ്പെടുന്ന സോഫ്റ്റ്വെയർ കരാറുകൾ ഉപയോഗിച്ചു നിർമിച്ചവയാണ് എഥേറിയത്തിലെ ആപ്പുകൾ. ഇവ ഇന്റർനെറ്റിൽ നിലവിലുള്ള ആപ്പുകളിൽ നിന്നും വ്യത്യസ്തമായി വ്യക്തികൾക്കും സ്ഥാപന താൽപര്യങ്ങൾക്കും അതീതമാണ്.
എഥേറിയത്തിൽ ഒരു ആപ്പ് നിർമിച്ചാൽ അതിന്റെ കൃത്യമായ നിയമങ്ങൾ സ്മാർട്ട് കോൺട്രാക്ടിൽ രേഖപ്പെടുത്തിയിരിക്കണം. ഈ നിയമത്തിനതീതമായി പ്രവർത്തിക്കാൻ ആപ്പ് നിർമിക്കുന്നവർക്കോ അത് ഉപയോഗിക്കുന്നവർക്കോ സാധിക്കില്ലെന്ന് അതിൽ പങ്കെടുക്കുന്നവരുടെ ഏകകണ്ഠമായ സമവായത്തിലൂടെ ഉറപ്പിക്കുകയും ചെയ്യും. സ്മാർട്ട് കോൺട്രാക്ടുകൾ സുതാര്യമായതിനാൽ ഏതൊരാൾക്കും കരാറുകൾ മനസ്സിലാക്കിത്തന്നെ അതിൽ ഇടപെടാം. അതിനാൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എഥേറിയം നെറ്റ്വർക്വഴി മറ്റൊരാളെ ആശ്രയിക്കാതെതന്നെ ആപ്പുകൾ ഉപയോഗിക്കാനും കരാറുകളിൽ ഏർപ്പെടാനും സാധിക്കുന്നു.
ഈ ആപ്പുകൾ ഉപയോഗിക്കാനുള്ള ചെലവ് എഥർ എന്ന കറൻസി ഉപയോഗിച്ചാണു നൽകേണ്ടത്. കൂടുതൽ ആളുകൾ ഉപയോഗിക്കുമ്പോൾ എഥറിന്റെ ആവശ്യകത കൂടും. അതനുസരിച്ച് ഇവയുടെ വിലയും ഉയരും. സാമ്പത്തികം, ടൂറിസം, ഇ-കൊമേഴ്സ് സേവനങ്ങൾ സുതാര്യമാക്കാൻ ജെ.പ്പി.മോർഗൻ, എമിറേറ്റ്സ്, ആമസോൺ അടക്കമുള്ള രാജ്യാന്തര കമ്പനികൾ എഥേറിയത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നുണ്ട്.
റിപ്പ്ൾ (Ripple -XRP)
മറ്റു ക്രിപ്റ്റോകളിൽനിന്നും വ്യത്യസ്തമായി ഒരു കേന്ദ്ര അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള കറൻസി സംവിധാനമാണ് റിപ്പ്ളിന്റേത്. റിപ്പ്ൾ ലാബ്സ് എന്ന കമ്പനിയുടെ നിയന്ത്രണത്തിലുള്ള ബ്ലോക്ക്ചെയിൻ സംവിധാനമായ റിപ്പ്ൾ നെറ്റാണ് വിനിമയങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നത്. ഇതിനാൽ വിനിമയത്തിലെ വേഗത വളരെയധികം കൂട്ടാൻ ഇവർക്കു സാധിക്കുന്നുണ്ട്. എക്സ്.ആർ.പ്പി (XRP) എന്നാണ് റിപ്പ്ൾ നെറ്റ്വർക്കിൽ ഉപയോഗിക്കപ്പെടുന്ന കറൻസിയെ വിളിക്കുന്നത്.
ബിറ്റ്കോയിൻ വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്കുള്ളതാണെങ്കിൽ റിപ്പ്ൾ ലക്ഷ്യംവയ്ക്കുന്നത് ബാങ്കുകളുമായി സഹകരിച്ച് രാജ്യാന്തര പണമിടപാടുകൾ റിപ്പ്ൾ നെറ്റ്വഴി ചെയ്യുന്നതിനാണ്. ഇപ്പോൾ വിദേശത്തേക്കു പണമയയ്ക്കാൻ ബാങ്കുകളെയും ധനകാര്യ സ്ഥാപങ്ങളെയും സഹായിക്കുന്നത് സ്വിഫ്റ്റ് (SWIFT) എന്ന സംവിധാനമാണ്.
ഏറെ ദീർഘവും ചെലവേറിയതുമായ ഇതിൽനിന്നും വ്യത്യസ്തമായി കുറഞ്ഞ ചെലവിൽ രാജ്യാതിർത്തികൾക്കപ്പുറത്തേക്കു പണമയയ്ക്കാം. മാത്രമല്ല, ഒരു രാജ്യത്തെ കറൻസിയിൽനിന്നും മറ്റൊന്നിലേക്കു പെട്ടെന്നുതന്നെ വിനിമയം നടത്തുവാനും റിപ്പ്ൾ നെറ്റ്വഴി സാധിക്കും. അമേരിക്കൻ എക്സ്പ്രസ്, സാന്റാൻഡർ ബാങ്ക്, യുബിഎസ് അടക്കമുള്ള വൻകിട സാമ്പത്തിക സ്ഥാപനങ്ങൾ റിപ്പ്ൾ നെറ്റ് ഉപയോഗിച്ചുള്ള പേയ്മെന്റ് സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്.
സൊലാന (Solana -SOL)
എഥേറിയത്തിനോടു സമാനമായ ബ്ലോക്ക്ചെയിൻ പ്ലാറ്റ്ഫോം ആണ് സൊലാന. എന്നാൽ എഥേറിയത്തെ അപേക്ഷിച്ചു കൂടുതൽ വിനിമയങ്ങൾ നടത്താൻ സോലാനയിൽ സാധിക്കും. സമയബന്ധിതമായി ഓരോ വിനിമയവും രേഖപ്പെടുത്താനും പൂർത്തിയാക്കാനുമുള്ള സാങ്കേതികവിദ്യയാണ് സൊലാനയെ വേഗതയുള്ളതാക്കുന്നത്. എഥേറിയത്തിൽ ഒരു സെക്കൻഡിൽ 30 ഇടപാടുകൾ നടക്കുമ്പോൾ സോലാനയിലത് 65,000വരെ സാധ്യമാണ്. പക്ഷേ, സുരക്ഷയുടെ കാര്യത്തിൽ പലപ്പോഴും പ്രശ്നങ്ങൾ നേരിടാറുണ്ട്. ഇടപാടുകൾ നടത്താനുള്ള ചെലവും എഥേറിയത്തെ അപേക്ഷിച്ചു സോലാനയിൽ താരതമ്യേന വളരെ കുറവാണ്. ഫീസ് കുറവായതിനാൽ ക്രിപ്റ്റോകറൻസി ട്രേഡിങ് നടത്തുന്നവർ അടുത്ത കാലത്തായി സോലാനയിലെ എക്സ്ചേഞ്ചുകളിലേക്കു നീങ്ങിയത് അതിന്റെ വില വർധനവിനു കാരണമായി.
ടെതെർ (Tether -USDT)
യുഎസ് ഡോളർ അടിസ്ഥാനപ്പെടുത്തി വിതരണം ചെയ്യുന്ന ക്രിപ്റ്റോയാണ് ടെതെർ. ഈ കറൻസി വിതരണം ചെയ്യുന്നത് ടെതെർ ലിമിറ്റഡ് എന്ന കമ്പനിയാണ്. യുഎസ്ഡിട്ടി എന്നറിയപ്പെടുന്ന ടെതെർ അതിന്റെ മൂല്യം യുഎസ് ഡോളറിനോടു സ്ഥിരപ്പെടുത്തിയിരിക്കുന്നു. അതിനാൽ മറ്റു ക്രിപ്റ്റോകളുമായി താരതമ്യം ചെയുമ്പോൾ യു എസ്ഡിട്ടിയുടെ വില സ്ഥിരതയുള്ളതാണ്.
ഇത്തരം ക്രിപ്റ്റോകൾ സ്റ്റേബിൾകോയിൻ എന്നാണ് അറിയപ്പെടുന്നത്. ഓരോ മാർക്കറ്റിലെയും ആവശ്യകതയ്ക്കും ലഭ്യതയ്ക്കുമനുസരിച്ച് യുഎസ്ഡിടി യുടെ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകും. യുഎസ് ഡോളറിൽ നിക്ഷേപിക്കാൻ വിലക്കുള്ള രാജ്യങ്ങളിൽ ബദൽ മാർഗമായി യുഎസ് ഡിടി യെ കാണുന്നവരുണ്ട്. വിദേശനാണ്യ നിക്ഷേപങ്ങളിൽ റിസർവ് ബാങ്ക് നിയന്ത്രണമുള്ളതിനാൽ ഇന്ത്യയിൽ ലഭ്യതക്കുറവ് കാരണം യുഎസ് ഡോളറിനെ അപേക്ഷിച്ച് യുഎസ് ഡിട്ടിയുടെ വില 5-10% മുകളിലാണ് വിനിമയം ചെയ്യപ്പെടുന്നത്.
ലേഖകൻ ബിറ്റ്സേവ് ക്രിപ്റ്റോ നിക്ഷേപ സ്ഥാപനത്തിന്റെ സ്ഥാപകനാണ്
ഫെബ്രുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്