ന്യൂഡൽഹി∙ ക്ഷീര കർഷകർക്കു ലാഭകരമായ രീതിയിൽ പാൽവില വർധിപ്പിക്കുന്ന സംവിധാനം നടപ്പാക്കണമെന്നു കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. 10 വർഷം കൊണ്ട് ലീറ്ററിന് 30 രൂപയിൽ നിന്ന് 45.98 രൂപവരെ പാൽവില വർധിച്ചെങ്കിലും കർഷകർക്ക് കാര്യമായ ലാഭമുണ്ടായില്ല. ഭക്ഷ്യോൽപന്നങ്ങളുടെ വിലയ്ക്ക് ആനുപാതികമായി പാലിന്റെയും പാൽ ഉൽപന്നങ്ങളുടെയും വില വർധിക്കുന്നില്ല. ഭക്ഷ്യോൽപന്നങ്ങൾക്ക് 6% വില വർധിച്ചപ്പോൾ പാൽ, പാൽ ഉൽപന്നങ്ങളുടെ വില 1.6% മാത്രമാണു വർധിച്ചത്.

കന്നുകാലി വളർത്തലിനെ മാത്രം ആശ്രയിച്ചു കഴിയുന്നവർക്ക് അടിക്കടിയുണ്ടാകുന്ന പാൽ വില വർധനയിൽ നിന്ന് ഒരു തരത്തിലുള്ള നേട്ടവും ലഭിക്കുന്നില്ല. അതിനാൽ സഹകരണ സംഘങ്ങളിലും സ്വകാര്യ ഡെയറികളിലും ക്ഷീരകർഷകരിൽ നിന്നു സംഭരിക്കുന്ന പാലിന് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം ഏർപ്പെടുത്തണം– സമിതി നിർദേശിച്ചു.

English Summary:

Milk price hike in India: A parliamentary committee recommends a system ensuring dairy farmers receive better prices for their milk. The current system doesn’t provide farmers with proportional benefits despite increasing milk prices.