ന്യൂഡൽഹി ∙ ഡോണൾഡ് ട്രംപ് പ്രയോഗിച്ച അധികതീരുവ നിയമവിരുദ്ധമെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതോടെ ഇന്ത്യയും യുഎസുമായുള്ള വ്യാപാരചർച്ചയുടെ കളംതന്നെ മാറുന്നു. തീരുവകളിൽ മാറ്റം വരുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചെങ്കിലും അതനുസരിച്ചുള്ള നടപടികൾ പ്രാബല്യത്തിലാകാൻ കരാർ ഒപ്പിടേണ്ടതുണ്ടായിരുന്നു.
അതിനുള്ള ചർച്ചകൾക്കായി ഇന്ത്യൻ സംഘം ഈ മാസം 23ന് യുഎസിലേക്കു പോകേണ്ടതായിരുന്നു.
യുഎസ് വ്യാപാര പ്രതിനിധി ജെമിസൻ ഗ്രീർ അടുത്ത മാസം ഇന്ത്യയിലെത്തി കരാർ ഒപ്പുവയ്ക്കും, ഏപ്രിലോടെ ഇടക്കാല കരാർ പ്രാബല്യത്തിലാവും എന്നതായിരുന്നു ഇതുവരെയുള്ള ധാരണ. ഇപ്പോൾ, കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഈ സാഹചര്യം മാറാം.
യുഎസ് സാമ്പത്തികകാര്യ അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബെർഗ് ഇപ്പോൾ ഡൽഹിയിലുണ്ട്. ഇദ്ദേഹം ഇന്നു നടത്താൻ തീരുമാനിച്ച ചർച്ചകളുടെ സ്വഭാവം എന്താകുമെന്നു കാണേണ്ടതുണ്ട്.
ഇന്ത്യയിൽനിന്ന് യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളിൽ ഏതാണ്ട് 55 ശതമാനത്തിനും വിധിയുടെ മെച്ചം ലഭിക്കാമെന്നാണ് ആദ്യ വിലയിരുത്തൽ.
ഉരുക്ക്, അലുമിനിയം, ചില ഓട്ടോ പാർട്സ് തുടങ്ങിയവയുടെ തീരുവ ഇപ്പോഴത്തെ വിധിയുടെ പരിധിയിൽ വരുന്നില്ല. സ്മാർട് ഫോൺ, പെട്രോളിയം ഉൽപന്നങ്ങൾ, മരുന്നുകൾ തുടങ്ങിയവയ്ക്കുള്ള ഇളവുകളിലും മാറ്റം വരില്ലെന്നാണു വിലയിരുത്തൽ.
എന്നാൽ, അധികതീരുവ നിയമവിരുദ്ധമായതോടെ, അടിസ്ഥാന തീരുവയെ ആധാരമാക്കി ഇനി ചർച്ചകൾ നടത്താമെന്നാണ് വിധിയിലൂടെ ഇന്ത്യയ്ക്കുണ്ടാവുന്ന മെച്ചം.
പിഴത്തീരുവയിൽ വരുത്തിയ കുറവിനെയല്ല, നേരത്തേയുണ്ടായിരുന്ന അടിസ്ഥാന തീരുവയെ ആധാരമാക്കി ചർച്ചകൾ നടത്താമെന്നതാണ് സ്ഥിതി.
റഷ്യൻ എണ്ണ ഇറക്കുമതി പറഞ്ഞുള്ള ഭീഷണി ഇല്ലാതാകുന്നുവെന്നതും ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. കരാറുണ്ടാക്കുന്ന പശ്ചാത്തലത്തിൽ കാർഷിക, ഡിജിറ്റൽ സാങ്കേതികവിദ്യാ മേഖലകളിൽ ഉൾപ്പെടെ ഉയർന്നിട്ടുള്ള ആശങ്കകൾ കണക്കിലെടുത്ത് ചർച്ചകളുടെ സ്വഭാവം മാറ്റാൻ ഇന്ത്യയ്ക്കു സാധിക്കും.
അധികമായി ഈടാക്കിയ തീരുവ തിരിച്ചു നൽകാനുൾപ്പെടെ യുഎസ് എന്തു നടപടിയെടുക്കും, വിധിയുടെ പശ്ചാത്തലത്തിൽ മറ്റേതെങ്കിലും വഴിയിലൂടെ സാഹചര്യം വീണ്ടും തന്റെ നിയന്ത്രണത്തിലാക്കാൻ ട്രംപ് ശ്രമിക്കുമോ തുടങ്ങിയ ചോദ്യങ്ങൾ നിലനിൽക്കുന്നു.
തീരുവ: അധികാരം കോൺഗ്രസിന്
നികുതികളും തീരുവകളും തീരുമാനിക്കാൻ ഭരണഘടന നൽകുന്ന അധികാരം യുഎസ് കോൺഗ്രസിനാണെന്നും പ്രസിഡന്റിനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അധിക ഇറക്കുമതി തീരുവകൾ റദ്ദാക്കിയത്. തീരുവകൾ പ്രഖ്യാപിക്കാനായി 1977ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രയോഗിച്ചതിൽ ട്രംപ് അധികാരപരിധി ലംഘിച്ചെന്ന യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡിന്റെ വിധി സുപ്രീം കോടതി ശരിവച്ചു.
യുദ്ധം നിർത്തി; തീരുവവഴി
വൻ തീരുവ ചുമത്തുമെന്നു മുന്നറിയിപ്പു നൽകി ഇന്ത്യ–പാക്ക് യുദ്ധം ഉൾപ്പെടെ 5 യുദ്ധങ്ങൾ നിർത്തിച്ചെന്ന വാദം ട്രംപ് ഇന്നലെയും ആവർത്തിച്ചു. ഇന്ത്യയുമായും നരേന്ദ്ര മോദിയുമായും തനിക്കു നല്ല ബന്ധമാണെന്നും പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

