
ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വൻതോതിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാഴ്ത്തി സ്വർണവില വീണ്ടും തുടർച്ചയായി കൂടുന്നു. സംസ്ഥാനത്ത് ഇന്ന് പവന് 400 രൂപ വർധിച്ച് 56,970 രൂപയും ഗ്രാമിന് 50 രൂപ ഉയർന്ന് 7,115 രൂപയുമായി. ഇതോടെ കഴിഞ്ഞ മൂന്നുദിവസത്തിനിടെ മാത്രം പവന് കൂടിയത് 1,440 രൂപയാണ്; ഗ്രാമിന് 180 രൂപയും. 18 കാരറ്റ് സ്വർണവിലയും ഇന്ന് 40 രൂപ മുന്നേറി 5,870 രൂപയിലെത്തി. വെള്ളിവില മാറ്റമില്ലാതെ തുടരുന്നു; ഗ്രാമിന് 99 രൂപ.
Also Read
സ്വർണപ്പണയം: തിരിച്ചടവ് രീതി മാറും; അവസാന നിമിഷത്തെ ‘പുതുക്കൽ’ ഇനി എളുപ്പമാകില്ല
പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ സ്വർണാഭരണം വാങ്ങുന്നവരുടെ വാങ്ങൽച്ചെലവ് വീണ്ടും കൂടുകയാണ്. 3 ശതമാനമാണ് സ്വർണത്തിന് ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ). പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പണിക്കൂലി മിനിമം 5% കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണവില 61,668 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,708 രൂപയും.
ബൈഡന്റെ ‘ചതിയും’; പലിശയുടെ ‘ഗതിയും’
നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കൈക്കൊണ്ടൊരു തീരുമാനത്തിന് പിന്നാലെയാണ് രാജ്യാന്തര, ആഭ്യന്തര സ്വർണവില വീണ്ടും കുതിച്ചുയരാൻ തുടങ്ങിയത്. യുഎസ് ആയുധങ്ങൾ ഉപയോഗിച്ച്, റഷ്യക്കുള്ളിൽ കടന്നുകയറി ആക്രമണം നടത്താൻ കഴിഞ്ഞദിവസം യുക്രെയ്നെ ബൈഡൻ അനുവദിച്ചിരുന്നു. യുഎസ് മിസൈലുകൾ യുക്രെയ്ൻ റഷ്യക്കെതിരെ തൊടുക്കുകയും ചെയ്തു. ഇതോടെ, യുക്രെയ്നുമേൽ ആണവായുധം പ്രയോഗിക്കാനും റഷ്യ മടിക്കില്ലെന്ന് പ്രസിഡന്റ് പുടിൻ വ്യക്തമാക്കിയതോടെ മേഖല വീണ്ടും കടുത്ത യുദ്ധത്തിലേക്ക് നീങ്ങുമെന്ന സൂചന ശക്തവുമായി.
യുദ്ധം എക്കാലത്തും സ്വർണത്തിന് നേട്ടമാണ്. കാരണം, യുദ്ധപ്പേടിയിൽ ആഗോള സമ്പദ്വ്യവസ്ഥ തളരും. ബിസിനസുകളും നിക്ഷേപങ്ങളും താറുമാറാകും. കമ്പനികൾ പ്രതിസന്ധിയിലാകും. അതോടെ ഓഹരി, കടപ്പത്ര വിപണികൾ നഷ്ടത്തിലാകും. ഫലത്തിൽ, ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ എന്ന പെരുമയുള്ള സ്വർണത്തിലേക്ക് നിക്ഷേപമൊഴുകും; വില വർധിക്കും. ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്.
മറ്റൊന്ന്, യുഎസ് പലിശനിരക്കിന്റെ ഗതിയാണ്. കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിരവധി അംഗങ്ങൾ ഈയാഴ്ച പ്രഭാഷണങ്ങൾ നടത്തുന്നുണ്ട്. ഡിസംബറിലെ പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമോ എന്ന് അവരുടെ വാക്കുകളിൽ നിന്ന് ഏകദേശം വ്യക്തമാകും. ഡിസംബറിലും പലിശ 0.25% കുറയ്ക്കാൻ 63% വരെ സാധ്യതയുണ്ടെന്നാണ് നിലവിൽ വിപണിയുടെ വിലയിരുത്തൽ. പലിശ കുറയുന്നതും സ്വർണത്തിനാണ് നേട്ടം.
Image : shutterstock/V.S.Anandhakrishna
പലിശ കുറയുന്നതിന് ആനുപാതികമായി ഡോളർ തളരും. യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) താഴും. ബാങ്ക് നിക്ഷേപപ്പലിശയും അനാകർഷകമാകും. നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപങ്ങളിലേക്ക് ചേക്കേറും; വിലയും ഉയരും. ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ മുൻനിര കേന്ദ്രബാങ്കുകൾ സ്വർണം വൻതോതിൽ വിദേശനാണയ ശേഖരത്തിലേക്ക് വാങ്ങിക്കൂട്ടുന്നതും വില വർധനയ്ക്ക് ആക്കം കൂട്ടുകയാണ്.
തിരിച്ചുകയറുന്ന വില
കഴിഞ്ഞവാരം ഔൺസിന് 2,560 ഡോളറിലേക്ക് കൂപ്പുകുത്തിയ രാജ്യാന്തരവില, നിലവിൽ 2,640 ഡോളറിലേക്ക് ഇരച്ചുകയറിയിട്ടുണ്ട്. ഇന്നുമാത്രം 30 ഡോളറിലേറെ വർധിച്ചു. ഇതോടെ, കേരളത്തിലും വില ഉയരുകയായിരുന്നു. സ്വർണം മാത്രമല്ല വെള്ളി, പ്ലാറ്റിനം, പലേഡിയം തുടങ്ങിയവയുടെ വിലയും കൂടുകയാണ്. വെള്ളിയുടെ രാജ്യാന്തരവില ഔൺസിന് 0.1% വർധിച്ച് 31.17 ഡോളറിലെത്തി. 2.8% മുന്നേറി പലേഡിയം വില 1,032.99 ഡോളറായി. 0.5% ഉയർന്ന് 971.66 ഡോളറാണ് പ്ലാറ്റിനം വില.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]