ഇന്ത്യയിൽനിന്ന് യുഎസിലെത്തുന്ന ഉൽപന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ തുടർന്ന് കേരളത്തിൽനിന്ന് കയറ്റി അയയ്ക്കുന്ന കയർ അധിഷ്ഠിത ഉൽപന്നങ്ങൾക്ക് വില കുത്തനെ ഉയരുന്നു. കയറുകൊണ്ട് നിർമിച്ച ചവിട്ടിയുടെ വില കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 13 ഡോളറിൽ നിന്ന് 19–20 ഡോളറായി.
കയറുപയോഗിച്ച് തയാറാക്കുന്ന പ്രത്യേകതരം കാർപ്പറ്റുകളായ റഗ്ഗിന്റെ വില 300 ഡോളറിൽ നിന്ന് 450 ഡോളറായാണ് ഉയർന്നിട്ടുള്ളത്. തീരുവയും വിലയും കൂടിയതിനാൽ വാൾമാർട്ട് ഉൾപ്പടെയുള്ള റീട്ടെയ്ൽ ഭീമന്മാർ ഇന്ത്യയുടെ കയർ ഉൽപന്നങ്ങൾ ഷെൽഫിൽ വയ്ക്കാതെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്.
വില കുത്തനെ ഉയർന്നതിനെത്തുടർന്ന് അമേരിക്കയിലെ വിൽപനക്കാർ ഉൽപന്നം വിൽക്കുന്നതിന് താൽപര്യം കാണിക്കാത്ത അവസ്ഥയാണുള്ളതെന്ന് കയറ്റുമതി രംഗത്തുള്ളവർ പറയുന്നു.
‘ഉയർന്ന ഇറക്കുമതി തീരുവയ്ക്കൊപ്പം യുഎസ് സർക്കാരിന്റെ ഷട്ട്ഡൗൺ കൂടി ആയതോടെ വിലക്കയറ്റം കൈവിട്ടു പോയാലോ എന്ന ആശങ്കയുള്ളതിനാൽ സാധാരണക്കാർ വളരെ കരുതലോടെ മാത്രമാണ് ഇപ്പോൾ ഷോപ്പിങ്ങും മറ്റും നടത്തുന്നത്. അത്യാവശ്യമുള്ള ഭക്ഷണ സാധനങ്ങളും തണുപ്പിനുള്ള വസ്ത്രങ്ങളും മറ്റുമാണ് വാങ്ങുന്നത്.
ഇതിനിടയിൽ ഡോർ മാറ്റിനൊക്കെ വേണ്ടി പണം മുടക്കേണ്ടന്നാണ് ആളുകൾ കരുതുന്നത്’– ബോസ്റ്റണില് ആശുപത്രി മാനേജ്മെന്റ് രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ മലയാളി സരിത സാധുജൻ പറയുന്നു. സ്ഥിതി ഇങ്ങനെയായിരിക്കെ കേരളത്തിലെ കയറധിഷ്ഠിത ഉൽപ്പന്ന കയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
70 ശതമാനം കയറ്റുമതി അമേരിക്കയിലേയ്ക്ക്
കേരളത്തിന്റെ പരമ്പരാഗത കയർ വ്യവസായ മേഖല 10,000 കോടി രൂപയുടെതാണ്.
ഉൽപാദനത്തിന്റെ 70% കയറ്റുമതിക്കും അമേരിക്കയെ ആശ്രയിക്കുന്നു. താരിഫിൽ ഇളവ് വരുത്താൻ യുഎസ് തയാറായില്ലെങ്കിൽ ഈ രംഗത്തെ കമ്പനികളും ആയിരക്കണക്കിന് തൊഴിലാളികുടുംബങ്ങളും കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് ഈ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയുടെ കയർ വ്യവസായത്തിൽ ഏറ്റവും മുന്നിൽനിൽക്കുന്ന സംസ്ഥാനമാണ് കേരളം.
കയർ കയറ്റുമതിയിൽ ചവിട്ടികളും പരവതാനികളും റഗ്ഗുകളും പോലെയുള്ള ഉൽപന്നങ്ങളാണേറെയും. അമേരിക്കയിലെ ഗാർഹിക ഉപഭോക്താക്കളാണ് പ്രകൃതിദത്തവും കൂടുതൽ കാലം നിലനിൽക്കുന്നതുമായ ഇവയുടെ പ്രധാന ആവശ്യക്കാർ.
ഇറക്കുമതി തീരുവ കൂട്ടിയതോടെ ഇന്ത്യൻ കയർ ഉൽപന്നത്തെ കൈവിട്ട് പ്ലാസ്റ്റിക് ഉൽപന്നങ്ങളിലേക്ക് ഇവർ ചുവടുമാറ്റിത്തുടങ്ങിയത് തിരിച്ചടിയാണെന്ന് കയർ കയറ്റുമതി രംഗത്ത് മുൻനിരക്കാരായ ആലപ്പുഴയിലെ പാം ഫൈബർ മാനേജിങ് ഡയറക്ടർ ജോസ് പോൾ പറയുന്നു. അമേരിക്കയിൽനിന്ന് അടുത്ത സീസണിലേക്കുള്ള ഓർഡറുകൾ പലതും കൂട്ടത്തോടെ റദ്ദായിട്ടുണ്ട്.
മികച്ച ഡിമാൻഡ് കിട്ടുന്ന ക്രിസ്മസ്– പുതുവർഷ സീസണിൽ പ്രതീക്ഷിച്ചിരുന്ന ഓർഡറുകളുമാണ് ഇതോടെ പൊലിഞ്ഞതെന്ന് അദ്ദേഹം കൂട്ടിചേർത്തു.
വേണം, സർക്കാരിന്റെ പിന്തുണ
തീരുവ കൂട്ടിയ വേളയിൽ സംസ്ഥാന സർക്കാർ ഈ മേഖലയിലുള്ളവരുമായി ചർച്ച നടത്തിയിരുന്നെങ്കിലും പിന്നീട് നടപടികളുണ്ടായിട്ടില്ല. 2022ൽ എടുത്തു കളഞ്ഞ 5% കയറ്റുമതി ഇൻസെന്റീവ് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ബാങ്ക് വായ്പാ പലിശയിലും പഞ്ചായത്ത്– കെട്ടിട നികുതികളിലും ഇളവ് വേണമെന്ന ആവശ്യവുമുണ്ട്. അവിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 1300 രൂപ വേതനമുള്ള മേഖലയാണിത്.
അതുകൊണ്ടുതന്നെ, അനിശ്ചിതത്വം നീണ്ടാൽ ജീവനക്കാരെ പുറത്തുനിർത്തേണ്ട സ്ഥിതി വന്നേക്കുമെന്നതാണ് ആശങ്ക.
ആഭ്യന്തര വിപണിയിലേക്ക്
കയർ കയറ്റുമതിയിലുള്ളവർ പ്രധാനമായും അമേരിക്കന് വിപണിയിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതിനാലാണ് പ്രതിസന്ധി രൂക്ഷമായത്.
അനിശ്ചിതത്വം നീണ്ടു നിൽക്കാനുള്ള സാധ്യതയാണുള്ളത്. ഇന്ത്യയിലെ ഉയർന്നു വരുന്ന മധ്യവർഗവിഭാഗവും കയർ അധിഷ്ഠിത പരവതാനികളിലും ചവിട്ടികളും വാങ്ങാൻ താൽപര്യപ്പെടുന്നതിനാൽ ആഭ്യന്തര വിപണിയിലെ അവസരം ഉപയോഗപ്പെടുത്താനുള്ള സാധ്യതകളും പരിഗണിക്കാനാകുമെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
ആഭ്യന്തര വിപണികളിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളവർക്ക് അവസരങ്ങളേറെയുണ്ടെന്ന് ഏഴായിരത്തോളം വരുന്ന കയർ സൊസൈറ്റികളിൽ നിന്ന് ഉൽപന്നങ്ങൾ സമാഹരിച്ച് വിപണിയിലേക്കെത്തിക്കുന്ന കയർഫെഡ് പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

