വിദേശഫണ്ടുകളുടെ തുടരുന്ന വില്പനയും റിലയൻസിന്റെ വീഴ്ചയും ഓട്ടോ ഓഹരികളുടെ വീഴ്ചയും വലച്ച ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയും നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. വെള്ളിയാഴ്ചത്തെ മുന്നേറ്റത്തോടെ നഷ്ടവ്യാപ്തി കുറയ്ക്കാനായെങ്കിലും വിദേശ ഫണ്ടുകൾ വില്പന കുറയ്ക്കുന്നില്ലെന്നത് വിപണിക്ക് ആശങ്കയാണ്. വെള്ളിയാഴ്ച 24567 പോയിന്റ് വരെ വീണ നിഫ്റ്റി തിരിച്ചു കയറി 24863 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 81224 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ബജാജ് ഓട്ടോയുടെ രണ്ടാം പാദ ലാഭക്കണക്കുകൾ പാളിയത് കഴിഞ്ഞ ആഴ്ചയിൽ ഓട്ടോ സെക്ടറിന് 5% വീഴ്ച നൽകി. എഫ്എംസിജി സെക്ടറും, നിഫ്റ്റി നെക്സ്റ്റ്-50 സൂചികയും കഴിഞ്ഞ ആഴ്ചയിൽ 1%ൽ കൂടുതൽ നഷ്ടം കുറിച്ചപ്പോൾ ബാങ്കിങ്, നിഫ്റ്റി സ്മോൾ ക്യാപ് സൂചികകൾ 1%ൽ കൂടുതൽ നേട്ടവും കുറിച്ചു.
ഒക്ടോബറിലെ എല്ലാ ദിവസവും ഇന്ത്യൻ വിപണിയിൽ വില്പ്പനക്കാരായി മാറിയ വിദേശ ഫണ്ടുകൾ 80000 കോടിയിലേറെ രൂപയുടെ റെക്കോർഡ് വില്പ്പന നടത്തിക്കഴിഞ്ഞത് ആശങ്കാജനകമാണ്. ഇതേ കാലയളവിൽ ആഭ്യന്തര ഫണ്ടുകൾ 74000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തിയതാണ് ഇന്ത്യൻ വിപണിയെ ‘’അതിരൂക്ഷമായ’’ വില്പന സമ്മർദ്ദത്തിൽ നിന്നും കരകയറ്റിയത്.
മികച്ച ബാങ്കിങ് റിസൾട്ടുകൾ
ആക്സിസ് ബാങ്കിനൊപ്പം കഴിഞ്ഞ ആഴ്ചയിൽ ബാങ്കിങ് കമ്പനികളെല്ലാം മികച്ച രണ്ടാം പാദ റിസൾട്ടുകളാണ് പുറത്ത് വിട്ടത്. കേന്ദ്ര ബാങ്കുകളായ സെൻട്രൽ ബാങ്കും ഐഒബിയും കേരള ബാങ്കുകളായ സൗത്ത് ഇന്ത്യൻ ബാങ്കും ധനലക്ഷ്മി ബാങ്കും മികച്ച രണ്ടാം പാദ ലാഭക്കണക്കുകളുമായി കളം നിറഞ്ഞു. എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായവും വിപണി പ്രതീക്ഷ മറികടന്നത് ബാങ്കിങ് ഓഹരികൾക്ക് തുടർന്നും അനുകൂലമായേക്കാം. അറ്റാദായത്തിലും, വരുമാനത്തിലും എച്ച്ഡിഎഫ്സി ബാങ്ക് മുൻപാദത്തിൽ നിന്നും മുൻവർഷത്തെ നിന്നും വളർച്ച കുറിച്ചു.
മുൻവർഷത്തിൽ നിന്നും 18% വർധനവോടെ 6918 കോടി രൂപയുടെ അറ്റാദായം നേടിയ ആക്സിസ് ബാങ്കിന്റെ 5%ൽ കവിഞ്ഞ മുന്നേറ്റമാണ് വെള്ളിയാഴ്ച ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് അടിത്തറയിട്ടത്.
ആവേശം കുറച്ച് ഇൻഫോസിസ്
ഇൻഫോസിസിന്റെ ലാഭത്തിലും, വരുമാനത്തിലും വിപണി പ്രതീക്ഷിച്ച വളർച്ചയില്ലാതെ പോയത് ഇന്ത്യൻ വിപണിക്കും തിരിച്ചടിയായി. വിപ്രോ മികച്ച ലാഭക്കണക്കുകൾക്കൊപ്പം 1:1 ബോണസ് പ്രഖ്യാപനം നടത്തിയതും ഓഹരിക്ക് അനുകൂലമായി.
ടെക്ക് മഹീന്ദ്രയുടെ മികച്ച രണ്ടാം പാദ കണക്കുകളും, അമേരിക്കൻ ടെക്ക് മേഖലയുടെ മുന്നേറ്റവും അടുത്ത ആഴ്ചയിൽ ഇന്ത്യൻ ഐടിക്കും പ്രതീക്ഷയാണ്. തിരുത്തൽ ഇൻഫോസിസ് അടക്കമുള്ള ഐടി ഓഹരികളിൽ നിക്ഷേപ അവസരമാണ്.
ആർബിഐ നിരക്ക് കുറയ്ക്കൽ നീളും
സെപ്റ്റംബറിൽ ഭക്ഷ്യവിലക്കയറ്റ സൂചികയിലെ ആളിക്കത്തൽ ആർബിഐയുടെ അനുമാനത്തിനപ്പുറത്തേക്ക് ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പ വളർച്ച കൊണ്ട് പോയിരുന്നു. ആർബിഐയുടെ റിപ്പോ നിരക്ക് കുറയ്ക്കൽ നേരത്തെയായേക്കാമെന്ന സൂചന ആർബിഐ ഗവർണർ നൽകിയത് ബാങ്കിങ് മേഖലക്ക് പ്രധാനമാണ്.
ഓഹരികളും സെക്ടറുകളും
∙തേജസ് നെറ്റ് വർക്ക്, ആക്സിസ് ബാങ്ക്, ഐഒബി, സെൻട്രൽ ബാങ്ക്, യൂക്കോ ബാങ്ക്, ടെക്ക് മഹിന്ദ്ര, ജിൻഡാൽ സോ, സീ ലിമിറ്റഡ്, റാലീസ്, മാസ്റ്റെക്, അമൽ ലിമിറ്റഡ്, സർവേശ്വർ ഫുഡ്സ്, ഡങ്കൻ എഞ്ചിനിയറിങ്, എആർസി ഫിനാൻസ്, ഹർഷിൽ അഗ്രോടെക്ക് മുതലായ കമ്പനികളും മികച്ച റിസൾട്ടുകളാണ് കഴിഞ്ഞ ആഴ്ചയിൽ പ്രഖ്യാപിച്ചത്.
∙മോർഗൻ സ്റ്റാൻലി കാപിറ്റൽ ഇൻഡക്സിന്റെ നവംബർ റീജിഗിൽ ഉൾപ്പെട്ടേക്കാവുന്ന ഓഹരികളെക്കുറിച്ചുള്ള സൂചനകൾ വന്ന് തുടങ്ങുന്നത് ശ്രദ്ധിക്കുക. നവംബർ ആറിന് എംഎസ്സിഐ ഇന്ത്യ സ്റ്റാൻഡേർഡ് ഇൻഡക്സിലെ റീബാലൻസിങ് പ്രഖ്യാപനങ്ങൾ വരികയും 26ന് റീബാലൻസിങ് നടക്കുകയും ചെയ്യും.
∙എച്ച്ഡിഎഫ്സി ബാങ്കിന് എംഎസ്സിഐ ഇന്ത്യ ഇൻഡക്സിലുള്ള വെയിറ്റേജ് നവംബറിലും വർധിപ്പിക്കുമെന്നത് ഓഹരിക്ക് അനുകൂലമാണ്. എച്ച്ഡിഎഫ്സി ബാങ്ക് പലിശ ലാഭത്തിൽ 10% വളർച്ച കുറിച്ചു. ബാങ്കിന്റെ കിട്ടാക്കടാനുപാതം നേരിയ വർധനയും കാണിച്ചു.
∙തേജസ് നെറ്റ് വർക്ക് വരുമാനത്തിലും അറ്റാദായത്തിലും പലമടങ്ങ് വർധന നേടിയത് ഓഹരിക്ക് അനുകൂലമാണ്. മുൻവർഷത്തിൽ 13 കോടി രൂപയുടെ നഷ്ടം കുറിച്ച കമ്പനി ഇത്തവണ 275 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്.
∙ടെക്ക് മഹിന്ദ്ര അറ്റാദായത്തിൽ ഇരട്ടിയിലധികം വളർച്ച കുറിച്ചത് ഓഹരിക്ക് പ്രതീക്ഷയാണ്.
Also Read
വെള്ളിയ്ക്കും വില കുതിക്കുന്നു! സിൽവർ ഇ ടി എഫുകളിലൂടെ സമ്പത്ത് കൂട്ടാം; നികുതിയിലും ആശ്വാസം
∙അറ്റാദായത്തിൽ മുൻവർഷത്തിൽ നിന്നും 21% വളർച്ച കുറിച്ച വിപ്രോ 1:1 ബോണസ് ഓഹരിയും പ്രഖ്യാപിച്ചു. ഡിസംബറിലാണ് ബോണസ് ഓഹരികൾ നിക്ഷേപകരുടെ കൈകളിലെത്തുക.
∙മുൻ വർഷത്തിൽ നിന്നും വരുമാനത്തിലും, അറ്റാദായത്തിലും വർധന നേടിയ ജിയോ ഫിനാൻഷ്യൽ സർവീസ് മുൻ പാദത്തിൽ നിന്നും വരുമാനവും അറ്റാദായവും ഇരട്ടിയിലധികം വർധിപ്പിക്കുകയും ചെയ്തു.
∙സീ ലിമിറ്റഡ് മുൻ പാദത്തിലെ 113 കോടിയിൽ നിന്നും അറ്റാദായം 209 കോടി രൂപയായി ഉയർത്തിയത് ഓഹരിക്ക് അനുകൂലമാണ്.
∙ഹിന്ദുസ്ഥാൻ സിങ്ക് അറ്റാദായത്തിൽ മുൻ വർഷത്തിൽ നിന്നും 35% വർധന കുറിച്ചത് ഓഹരിക്കൊപ്പം മെറ്റൽ സെക്ടറിന് തന്നെയും അനുകൂലമാണ്.
∙റിലയൻസിന്റെ ബോണസ് റെക്കോർഡ് തീയതി വീണ്ടും ഒക്ടോബർ 28 ആയി പുതുക്കി നിശ്ചയിച്ചത് വെള്ളിയാഴ്ച ഓഹരിയിൽ വീണ്ടും വാങ്ങലിന് കാരണമായതും ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിനെ സ്വാധീനിച്ചു.
∙ഹൈ സ്പീഡ് റയിൽവേക്കായുള്ള ട്രെയിൻ സെറ്റ് നിർമിക്കാനായുള്ള കരാർ ലഭിച്ചത് ബിഇഎംഎല്ലിന് മുന്നേറ്റം നൽകി.
∙മണപ്പുറം ഫിനാൻസിന്റെ ഉപകമ്പനിയായ ആശിർവാദ് മൈക്രോ ഫിനാൻസിനെതിരെയുള്ള ആർബിഐ നിലപാടുകളെ തുടർന്ന് വിദേശ ബ്രോക്കർമാരടക്കം ലക്ഷ്യവിലയിൽ കുറവ് വരുത്തിയത് മണപ്പുറം ഓഹരിക്ക് വെള്ളിയാഴ്ച തിരുത്തൽ നൽകി. സിഎൽഎസ്എ 200 രൂപ ഓഹരിക്ക് വിലയിട്ടപ്പോൾ മോർഗൻ സ്ററാൻലി ഓഹരിക്ക് 170 രൂപയാണ് വിലയിട്ടത്.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
യൂണിയൻ ബാങ്ക്, അൾട്രാ ടെക്ക്, സ്വരാജ് എഞ്ചിൻ, സിജി പവർ, ബജാജ് ഹൗസിങ്, സൈന്റ് ഡിഎൽഎം, എച്ച്എഫ്സിഎൽ, നെൽകോ, സിറ്റി യൂണിയൻ ബാങ്ക്, ബാലു ഫോർജ് മുതലായ കമ്പനികൾ തിങ്കളാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
കോൾ ഇന്ത്യ, ഭാരത് ഇലക്ട്രോണിക്സ്, ബിപിസിഎൽ, ഹിന്ദ് പെട്രോ, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, ഐടിസി, ടിവിഎസ് മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, സൊമാറ്റോ, പേടിഎം, അദാനി എനർജി, ഡിക്സൺ, ആംബർ മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
സൗരോർജ്ജ ഉല്പ്പാദന ഉപകരണ നിർമാതാക്കളായ വാരീ എനർജിയുടെയും, കൺസ്ട്രകഷൻ കമ്പനിയായ ദീപക് ബിൽഡേഴ്സ് & എഞ്ചിനീയേഴ്സിന്റെയും ഐപിഓകൾ തിങ്കളാഴ്ച ആരംഭിച്ച് ബുധനാഴ്ച അവസാനിക്കുന്നു.
ബുധനാഴ്ചയാണ് കെമിക്കൽ നിർമാതാക്കളായ ഗോദാവരി ബയോ റിഫൈനറീസിന്റെ ഐപിഓക്ക് ആരംഭം കുറിക്കുന്നത്.
അമേരിക്കൻ ടെക്ക് റിസൾട്ടുകൾ
തായ്വാൻ സെമികണ്ടക്ടറിന്റെയും, നെറ്റ്ഫ്ലിക്സിന്റെയും മികച്ച റിസൾട്ടുകൾ കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ വിപണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. അടുത്ത ആഴ്ചയിൽ ടെസ്ലയും ഐബിഎമ്മും എടി&ടിയും ബോയിങ്ങും അമേരിക്കൻ എയർലൈൻസും അടക്കമുള്ള കമ്പനികള് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. ടെസ്ലയുടെ റിസൾട്ട് വിപണിയെ സ്വാധീനിച്ചേക്കാം.
സ്വർണം
യുദ്ധം തുടരുകയും അമേരിക്കൻ തിരഞ്ഞെടുപ്പ് അടുത്ത വരികയും ചെയ്യുന്ന സാഹചര്യത്തിൽ നിക്ഷേപകർ സ്വസ്ഥമായ നിക്ഷേപസ്ഥാനം അന്വേഷിക്കുന്നത് സ്വർണത്തിന് പുതിയ റെക്കോർഡ് ഉയരം നൽകി. കഴിഞ്ഞ ആഴ്ചയിൽ 2.34% മുന്നേറ്റം കുറിച്ച സ്വർണ അവധി ഔൺസിന് 2736 ഡോളറെന്ന നിരക്കിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്.
ക്രൂഡ് ഓയിൽ
ചൈനയിൽ ആവശ്യകത കുറയുമെന്ന സൂചനയിൽ കഴിഞ്ഞ ആഴ്ചയിലും ക്രൂഡ് ഓയിൽ നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. വെള്ളിയാഴ്ച 73 ഡോളറിലേക്ക് വീണ ബ്രെന്റ് ക്രൂഡ് ഓയിൽ 7% വരെ നഷ്ടമാണ് കുറിച്ചത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]