യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെല്ലുവിളികളെയും വകവയ്ക്കാതെ റഷ്യൻ എണ്ണ ഇറക്കുമതി കുത്തനെ കൂട്ടി ഇന്ത്യ. ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ മാസം 20% വരെ വർധനയുമായി പ്രതിദിനം 3 ലക്ഷം ബാരൽ വരെ എണ്ണയാണ് ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്ന് വാങ്ങുന്നത്.
ഇന്ത്യയ്ക്കുള്ള ഡിസ്കൗണ്ട് റഷ്യ കൂട്ടിയതും നേട്ടമായി.
ജൂലൈയിൽ ബാരലിന് ഒന്നു മുതൽ രണ്ടര ഡോളർ വരെയായിരുന്നു ഡിസ്കൗണ്ട് എങ്കിൽ, ഈ മാസവും അടുത്തമാസത്തേക്കും അത് 3-4 ഡോളറാണ്. അതായത്, ഒക്ടോബറിലും ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഒഴുക്ക് ശക്തമായി തുടരുമെന്ന് ഇതു വ്യക്തമാക്കുന്നു.
റഷ്യൻ എണ്ണ ഇറക്കുമതിയുടേ പേരിൽ ഇന്ത്യയ്ക്കുമേൽ ട്രംപ് 25% പിഴത്തീരുവ പ്രഖ്യാപിച്ചിരുന്നു.
ഇതോടെ, ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ഉൽപന്നങ്ങളുടെ ആതെ തീരുവ 50 ശതമാനമായി. ട്രംപ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രണ്ട് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ബ്രസീലിനും 50 ശതമാനമാണ് തീരുവ. റഷ്യയിൽ നിന്നാണ് ഇപ്പോഴും ഏറ്റവുമധികം ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങുന്നത്.
അതേസമയം യുഎസ്, ബ്രസീൽ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയും ഇന്ത്യൻ കമ്പനികൾ കൂട്ടിയിട്ടുണ്ട്.
വിലക്കുറവ് ആഘോഷമാക്കി ഇന്ത്യ
ഈ മാസം ആദ്യ ആഴ്ചയിലെ കണക്കുകൾ പ്രകാരം ബ്രെന്റ് ക്രൂഡിന്റെ രാജ്യാന്തരവില ബാരലിന് 68.45 ഡോളറായിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ വാങ്ങുന്ന യൂറൽസ് ഇനത്തിന് 62.89 ഡോളറും.
ഈ വിലയിൽനിന്നാണ് ഇന്ത്യയ്ക്ക് റഷ്യ 3-4 ഡോളർ ഡിസ്കൗണ്ട് നൽകുന്നത്. അതായത് ബാരലിന് 58-59 ഡോളർ നിലവാരത്തിൽ ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ കിട്ടും.
ശരാശരി 6 ഡോളർ വ്യത്യാസത്തിലാണ് കഴിഞ്ഞ ഏതാനും നാളുകളായി ബ്രെന്റിനെ അപേക്ഷിച്ച് യൂറൽസിന്റെ വിപണിവില.
നിലവിൽ ബ്രെന്റ് വില ബാരലിന് 66.68 ഡോളറാണ്. യൂറൽസിന് 63.19 ഡോളറും.
നിലവിലെ 3-4 ഡോളർ ഡിസ്കൗണ്ട് പ്രകാരം 59-60 ഡോളർ നിലവാരത്തിൽ റഷ്യൻ കമ്പനികളുമായി ഇടപാടുകരാറിൽ ഏർപ്പെടാൻ ഇന്ത്യൻ കമ്പനികൾക്ക് കഴിയും.
ട്രംപിന്റെ ഭീഷണികൾ
റഷ്യൻ എണ്ണ വൻതോതിൽ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 50-100% ഇറക്കുമതി തീരുവ പ്രഖ്യാപിക്കണമെന്ന് യൂറോപ്യൻ യൂണിയൻ, ജി7, നാറ്റോ എന്നിവയോടും ട്രംപ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാൻ അവർ തയാറായില്ല. ഇപ്പോഴും 30 ശതമാനത്തിലധികം വിഹിതവുമായി ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യയാണ് ഒന്നാമത്.
17% വിഹിതവുമായി ഇറാഖ് രണ്ടാമതും 16 ശതമാനവുമായി സൗദി അറേബ്യ മൂന്നാമതുമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]