സ്വർണവില കേരളത്തിൽ വീണ്ടും റെക്കോർഡ് തകർത്ത് പുത്തൻ ഉയരത്തിൽ. ഇന്ന് ഗ്രാമിന് 75 രൂപ വർധിച്ച് 10,280 രൂപയും പവന് 600 രൂപ ഉയർന്ന് 82,240 രൂപയുമായി.
ഈ മാസം 16ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,260 രൂപയും പവന് 82,080 രൂപയുമെന്ന റെക്കോർഡ് ഇനി മറക്കാം. രാജ്യാന്തര വിലയിലെ തിരിച്ചുകയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.
കഴിഞ്ഞദിവസം ഔൺസിന് റെക്കോർഡ് 3,704 ഡോളർ വരെയെത്തിയ വില, ലാഭമെടുപ്പിനെ തുടർന്ന് 3,630 ഡോളറിലേക്ക് വീണിരുന്നു.
എന്നാൽ, ഇന്നു വീണ്ടും 40 ഡോളർ മുന്നേറി 3,685.82 ഡോളറിലെത്തി. ഇതോടെ, കേരളത്തിലും വില കുതിക്കുകയായിരുന്നു.
രൂപ ഡോളറിനെതിരെ ഇന്നലെ 3 പൈസ താഴ്ന്ന് 88.10ൽ എത്തിയതും ആഭ്യന്തര സ്വർണവില കൂടാനിടയാക്കി.
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും വലിയ തിരിച്ചടിയാണ് സ്വർണ വിലക്കുതിപ്പ്. 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), മിനിമം 5% പണിക്കൂലി എന്നിവയും ചേർത്താൽതന്നെ ഇന്ന് 89,300 രൂപയ്ക്കടുത്താണ് ഒരു പവൻ ആഭരണത്തിന്റെ വാങ്ങൽവില.
അതായത്, 3 പവന്റെ താലിമാല വാങ്ങാൻപോലും മിനിമം 2.67 ലക്ഷം രൂപയാകും. ഒരു ഗ്രാം സ്വർണാഭരണത്തിന് വാങ്ങൽവില മിനിമം 11,162 രൂപ.
സ്വർണവിലയുടെ കുതിച്ചുകയറ്റം സമീപഭാവിയിലെങ്ങും അവസാനിക്കില്ലെന്ന സൂചനകളാണ് സാമ്പത്തിക വിദഗ്ധർ നൽകുന്നത്.
ഇതിൽ ഏറ്റവും ശ്രദ്ധേയം അമേരിക്കൻ രാജ്യാന്തര നിക്ഷേപ-ബാങ്കിങ് സ്ഥാപനമായ ജെഫറീസിന്റെ ഇക്വിറ്റി സ്ട്രാറ്റജി ഗ്ലോബൽ മേധാവി ക്രിസ്റ്റഫർ വുഡിന്റെ പ്രവചനമാണ്. സ്വർണവില രാജ്യാന്തര വിപണിയിൽ ഔൺസിന് 6,600 ഡോളർ ഭേദിക്കുന്ന കാലം വിദൂരത്തല്ലെന്ന സൂചന അദ്ദേഹം നൽകുന്നു.
ഇതിനായി അദ്ദേഹം ചൂണ്ടിക്കാട്ടുന്ന കണക്കുകളും രസകരം.
∙ 1980ൽ അമേരിക്കയിലെ പെർ ക്യാപിറ്റ ഡിസ്പോസബിൾ ഇൻകത്തിന്റെ 9.9% ആയിരുന്നു സ്വർണം.
∙ നികുതി കഴിച്ച് ഒരാൾക്ക് തന്റെ ചെലവുകൾക്കും സമ്പാദ്യത്തിനുമായി വരുമാനത്തിൽ മിച്ചം ലഭിക്കുന്ന തുകയാണ് പെർ ക്യാപിറ്റ ഡിസ്പോസബിൾ ഇൻകം.
∙ നിലവിൽ, സ്വർണത്തിന്റെ അനുപാതം 5.6 ശതമാനമേയുള്ളൂ.
∙ സ്വർണം വീണ്ടും 9.9% അനുപാതത്തിലേക്ക് തിരിച്ചെത്തണമെങ്കിൽ വില 6,600 ഡോളർ ആകണം. അത് അസാധ്യവുമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
രാജ്യാന്തര വില ഔൺസിന് 6,600 ഡോളറിലെത്തിയാൽ കേരളത്തിൽ പവൻവില നികുതിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും കൂടാതെതന്നെ ഒന്നരലക്ഷം രൂപ കടക്കും.
രാജ്യാന്തരവിലയിൽ ഓരോ ഡോളർ ഉയരുമ്പോഴും കേരളത്തിൽ ഗ്രാമിന് രണ്ടുരണ്ടര രൂപ കൂടുമെന്നാണ് കണക്ക്. പുറമെ, രൂപ-ഡോളർ വിനിമയനിരക്കും സ്വാധീനിക്കും.
രൂപ തളർച്ചയിലാണെങ്കിൽ വില വർധനയുടെ ഭാരം ഇതിലുമേറെയായിരിക്കും.
കുതിച്ചുപാഞ്ഞ് ‘കുട്ടി’ കാരറ്റും വെള്ളിയും
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണം, വെള്ളി വിലകളും പുതിയ ഉയരംതൊട്ടു. 18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ ഉയർന്ന് 8,520 രൂപയായി.
വെള്ളിക്ക് ഗ്രാമിന് 2 രൂപ വർധിച്ച് 142 രൂപയും. അതേസമയം, ഒരുവിഭാഗം വ്യാപാരികൾ 18 ഗ്രാമിന് നൽകിയ വില 60 രൂപ ഉയർത്തി 8,440 രൂപയാണ്.
ഇവർ വെള്ളിവില 135 രൂപയിൽ മാറ്റമില്ലാതെ നിലനിർത്തിയിട്ടുമുണ്ട്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]