ശതകോടീശ്വരൻ ഇലോൺ മസ്ക് നയിക്കുന്ന ബഹിരാകാശ ദൗത്യ സ്ഥാപനമായ സ്പേസ്എക്സിനുള്ള ഗവൺമെന്റ് കരാറുകൾ റദ്ദാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം പാളി. വിവിധ വിഷയങ്ങളിൽ മസ്കുമായി ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു, മസ്കിന്റെ കമ്പനികൾക്കുള്ള കരാറുകൾ റദ്ദാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
അനാവശ്യ കരാറുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരോട് ട്രംപ് നിർദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ കരാറുകൾ ഒട്ടുമിക്കവയും നിർണായകമാണെന്നും റദ്ദാക്കാനാവില്ലെന്നുമാണ് പരിശോധനയിൽ കണ്ടെത്തിയത്. നാസയും പെന്റഗണും പങ്കുവച്ചതും ഇതേ അഭിപ്രായം.
മസ്കിന്റെ കമ്പനികൾക്ക് ശതകോടിക്കണക്കിന് ഡോളറിന്റെ കരാറുകളാണ് ഗവൺമെന്റ് നൽകിയിട്ടുള്ളതെന്നും അവ റദ്ദാക്കിയാൽതന്നെ യുഎസിന് സാമ്പത്തികമായി വലിയ ആശ്വാസം ലഭിക്കുമെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിലടക്കം ട്രംപിനെ ശക്തമായി പിന്തുണച്ച മസ്ക്, ട്രംപ് കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുൾ നിയമത്തെ ചൊല്ലിയാണ് ഭിന്നതയിലായത്.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ലഭിക്കുന്ന ഗവൺമെന്റ് സബ്സിഡി റദ്ദാക്കിയത് ഉൾപ്പെടെ ഹരിതോർജ മേഖലയുടെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്ന ബില്ലിലെ നിർദേശങ്ങളാണ് മസ്കിനെ ചൊടിപ്പിച്ചത്. ട്രംപ് ഭരണകൂടത്തെ സഹായിക്കാൻ രൂപീകരിച്ച ‘ഡോജിന്റെ’ തലവനായിരുന്ന മസ്ക്, ആ സ്ഥാനം ഉപേക്ഷിച്ചാണ് ട്രംപിനെതിരെ വിമർശനം തൊടുത്തത്.
അമേരിക്കയെ പാപ്പരാക്കുന്ന വിനാശകരമായ ബില്ലാണ് ട്രംപിന്റേതെന്നും തുറന്നടിച്ച മസ്ക്, ‘അമേരിക്ക പാർട്ടി’ എന്ന രാഷ്ട്രീയ പാർട്ടിക്കും തുടക്കമിട്ടിരുന്നു.
ഇതോടെ ട്രംപ്-മസ്ക് ഭിന്നത കൂടുതൽ കലുഷിതമായിരുന്നു. പെന്റഗണിൽ നിന്ന് ഏപ്രിലിൽ 5.9 ബില്യൻ ഡോളർ (ഏകദേശം 50,000 കോടി രൂപ) മതിക്കുന്ന 28 കരാറുകൾ സ്പേസ്എക്സ് നേടിയിരുന്നു.
നാസയാകട്ടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അടുത്ത സംഘത്തെ ഈമാസം അയക്കാനിരിക്കുന്നത് സ്പേസ്എക്സിന്റെ സഹകരണത്തോടെയുമാണ്. സ്പേസ്എക്സിന്റെ ‘ഡ്രാഗൺ 2’ (ക്രൂ ഡ്രാഗൺ) സ്പേസ്ക്രാഫ്റ്റിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും തിരിച്ചും ദൗത്യസംഘത്തെ കൊണ്ടുപോകാനുള്ള സർട്ടിഫിക്കേഷനുള്ളത്.
ട്രംപുമായുള്ള തർക്കം രൂക്ഷമായ വേളയിൽ ക്രൂ ഡ്രാഗൺ പ്രവർത്തനം നിർത്തുമെന്ന് (ഡികമ്മിഷൻ) മസ്ക് ഭീഷണിപ്പെടുത്തിയിരുന്നു.
ഇതു നാസയിൽ ആശങ്കയും സൃഷ്ടിച്ചിരുന്നു. രാജ്യ സുരക്ഷയ്ക്ക് അനിവാര്യമായ നിരവധി സാറ്റലൈറ്റുകളുടെ സേവനവും സ്പേസ്എക്സ് നിലവിൽ നൽകുന്നുണ്ട്.
ഈ സാഹചര്യത്തിൽ കരാറുകൾ റദ്ദാക്കുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]