
ഒടുവിൽ, യുക്രെയ്നുമായുള്ള യുദ്ധം റഷ്യയ്ക്ക് ‘ബൂമറാങ്’ ആകുന്നു. റഷ്യ സാമ്പത്തികമാന്ദ്യത്തിന്റെ പടിവാതിലിലാണെന്ന് പുട്ടിൻ ഭരണകൂടംതന്നെ സമ്മതിച്ചു.
സാമ്പത്തികകാര്യ മന്ത്രി മാക്സിം റെഷെട്നികോവ് ആണ് രാജ്യം ഏത് നിമിഷവും സാമ്പത്തികമാന്ദ്യത്തിലേക്ക് വീഴുമെന്ന് പരസ്യമായി പറഞ്ഞത്. കമ്പനികളുടെ പ്രകടനവും സാമ്പത്തിക സൂചികകളും ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2022ലാണ് യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചത്. പിന്നാലെ യൂറോപ്യൻ രാഷ്ട്രങ്ങളും യുഎസും റഷ്യക്കുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയതോടെയാണ് സാമ്പത്തികഞെരുക്കം തുടങ്ങിയത്.
റഷ്യയുടെ മുഖ്യ വരുമാനമാർഗങ്ങളിലൊന്നായ ക്രൂഡ് ഓയിൽ, ഗ്യാസ് തുടങ്ങിയവയ്ക്കുമേലും കനത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങൾക്ക് ഡിസ്കൗണ്ട് വിലയിൽ ക്രൂഡ് ഓയിൽ ലഭ്യമാക്കിയാണ് റഷ്യ ഇതു തരണം ചെയ്തത്. യുദ്ധപശ്ചാത്തലത്തിൽ പണപ്പെരുപ്പം കുതിച്ചുകയറിയതും അടിസ്ഥാന പലിശനിരക്ക് ഉയർന്നതലത്തിലെത്തിയതും റഷ്യൻ സമ്പദ്വ്യവസ്ഥയെ തളർത്തുകയായിരുന്നു.
10 ശതമാനത്തിനടുത്താണ് പണപ്പെരുപ്പം. ഉരുളക്കിഴങ്ങിനു പോലും ഒരുവർഷത്തിനിടെ മാത്രം വില കുതിച്ചത് മൂന്നിരട്ടി.
20 ശതമാനമാണ് അടിസ്ഥാന പലിശനിരക്ക്. അതായത്, ബാങ്ക് വായ്പ എടുക്കുന്നവർ അടയ്ക്കേണ്ട
പലിശ തന്നെ 20 ശതമാനത്തിലധികം. 2025ന്റെ ആദ്യപാദത്തിൽ (ജനുവരി-മാർച്ച്) ജിഡിപി വളർച്ചനിരക്ക് 4.5 ശതമാനത്തിൽ നിന്ന് 1.4 ശതമാനത്തിലേക്കും ഇടിഞ്ഞിരുന്നു. റഷ്യയെ കൂടുതൽ നോവിക്കാൻ ഇയു യുക്രെയ്നെ ആക്രമിച്ച റഷ്യയ്ക്ക് തിരിച്ചടിയെന്നോണം റഷ്യൻ എണ്ണയും എൽഎൻജിയും വാങ്ങുന്നത് യൂറോപ്യൻ യൂണിയനും മറ്റ് പ്രധാന യൂറോപ്യൻ രാഷ്ട്രങ്ങളും അവസാനിപ്പിച്ചിരുന്നു.
പുറമെ റഷ്യൻ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 60 ഡോളറായും ഉപരോധത്തിന്റെ ഭാഗമായി നിശ്ചയിച്ചു. റഷ്യൻ എണ്ണ ടാങ്കറുകൾക്കുമേലും വിലക്ക് ഏർപ്പെടുത്തി.
അതായത്, 60 ഡോളറിന് മുകളിൽ വില കൊടുത്ത് റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേലും ഉപരോധം വരാം. എണ്ണയുടെ നീക്കത്തിന് ഉപരോധമുള്ള റഷ്യൻ ടാങ്കറുകളും ഉപയോഗിക്കാനാവില്ല.
എണ്ണ വിതരണം വഴി കിട്ടുന്ന വരുമാനം റഷ്യ യുക്രെയ്നെതിരായ യുദ്ധത്തിന് പ്രയോജനപ്പെടുത്തുന്നത് തടയുകയായിരുന്നു ലക്ഷ്യം. ഇപ്പോൾ റഷ്യൻ എണ്ണയുടെ പരമാവധി വില ബാരലിന് 45 ഡോളറിലേക്ക് കുറയ്ക്കാനുള്ള നീക്കത്തിലാണ് യൂറോപ്യൻ യൂണിയൻ.
പുറമെ 2027ഓടു കൂടി റഷ്യയുടെ എണ്ണ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളെ പൂർണമായും വിലക്കാനും ആലോചിക്കുന്നു. അടുത്തവർഷം മുതൽ തന്നെ റഷ്യൻ കമ്പനികളുമായി പുതിയ കരാറിൽ ഏർപ്പെടാൻ അനുവദിക്കില്ല.
അതേസമയം സ്ലൊവാക്കിയ, ഹംഗറി എന്നിവ ഇപ്പോഴും റഷ്യൻ എണ്ണ പൈപ്പ്ലൈൻ വഴി വാങ്ങുന്നുണ്ട്. ‘ഉപരോധവില’ 30 ഡോളറാക്കണമെന്നാണ് യുക്രെയ്ന്റെ ആവശ്യം.
പൈപ്പ്ലൈൻ വഴിയായാലും ടാങ്കറുപയോഗിച്ചായാലും റഷ്യൻ എണ്ണ വാങ്ങിയാൽ ഉപരോധം ബാധകമാകുമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ പറഞ്ഞു. നിലവിലെ ഉപരോധം തന്നെ റഷ്യയെ സാരമായി ബാധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കയറ്റുമതി വിഹിതം 2021ൽ 45 ശതമാനമായിരുന്നത് ഇപ്പോൾ 19 ശതമാനമേയുള്ളൂ. യൂറോപ്യൻ യൂണിയനിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ വിതരണത്തിൽ വിഹിതം 27 ശതമാനത്തിൽ നിന്ന് 3 ശതമാനത്തിലേക്കും കൂപ്പുകുത്തി.
ഇന്ത്യക്ക് നേട്ടമോ? യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരം പ്രതിസന്ധിയിലായതോടെ ഇന്ത്യയ്ക്കും ചൈനയ്ക്കും വൻതോതിൽ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് റഷ്യ ക്രൂഡ് ഓയിൽ വിൽപന വരുമാനം കുത്തനെ ഇടിയാതെ പിടിച്ചുനിർത്തിയിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്ന് കൂടുതൽ ഉപരോധമുണ്ടായാൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള ആനുകൂല്യം കൂട്ടാൻ റഷ്യ തയാറായേക്കും.
അതേസമയം, നിലവിലെ രാജ്യാന്തര ക്രൂഡ് വിലയേക്കാൾ ബാരലിന് നിശ്ചിത ഡിസ്കൗണ്ടാണ് റഷ്യ ഇന്ത്യക്ക് നൽകുന്നത്. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ‘ഉപരോധവില’ പ്രകാരമല്ല ഇന്ത്യയുടെ വാങ്ങൽ.
വില 45 ഡോളറിലേക്ക് താഴ്ത്തിയാലും ഇന്ത്യക്ക് നേട്ടമായേക്കില്ല. കാരണം, റഷ്യയിൽ നിന്ന് വിപണിവിലയിൽ നിന്നുള്ള ഡിസ്കൗണ്ട് റേറ്റിൽ തന്നെയാകും തുടർന്നും ഇന്ത്യ ഇറക്കുമതി ചെയ്യുക.
റഷ്യയുമായുള്ള നയതന്ത്രബന്ധം മോശമാകാതിരിക്കാനാണിത്. എന്നാൽ, റഷ്യൻ ടാങ്കറുകളെ ഇന്ത്യൻ കമ്പനികൾ ഒഴിവാക്കും.
ഇന്ത്യയും റഷ്യൻ എണ്ണയും യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് മുമ്പ് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നു. നിലവിൽ 35-40% വിഹിതവുമായി റഷ്യയാണ് ഒന്നാമത്.
സൗദിയും ഇറാക്കും ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ പിന്നിലായി. ഡിസ്കൗണ്ട് നിരക്കിൽ റഷ്യയിൽ നിന്ന് എണ്ണ കിട്ടുന്നതാണ് ഇന്ത്യൻ കമ്പനികൾ നേട്ടമാക്കിയത്.
ഇത്, ഇന്ത്യക്ക് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കുറയ്ക്കാനും സഹായകമായി. മൊത്തം ക്രൂഡ് ഓയിൽ ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. നിലവിലെ ഇറാൻ-ഇസ്രയേൽ സംഘർഷം മൂലം ഹോർമുസ് കടലിടുക്ക് വഴി ഗൾഫ് മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് തടസ്സം നേരിട്ടേക്കാമെന്ന വിലയിരുത്തലുകളുണ്ട്.
അങ്ങനെയുണ്ടായാൽ ഇന്ത്യ റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇനിയും കൂട്ടിയേക്കും. നിലവിൽ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഇറക്കുമതിയിൽ 40 ശതമാനത്തോളം എത്തുന്നത് സൗദി അറേബ്യ, ഇറാക്ക്, യുഎഇ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ്.
ബാക്കി 20 ശതമാനത്തോളം വാങ്ങുന്നത് യുഎസ്, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]