മലയാളിയായ ഡോ. ആസാദ് മൂപ്പൻ (Dr. Azad Moopen) നയിക്കുന്ന ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന് (Aster DM Healthcare) ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) നാലാംപാദത്തിൽ (ജനുവരി-മാർച്ച്) 85.54 കോടി രൂപയുടെ സംയോജിത ലാഭം (Consolidated net profit). മുൻവർഷത്തെ സമാനപാദത്തിൽ ആസ്റ്റർ നേരിട്ടത് 2.17 കോടി രൂപയുടെ നഷ്ടമായിരുന്നു (net loss). പ്രവർത്തന വരുമാനം (Revenue from operations) 973.59 കോടി രൂപയിൽ നിന്ന് 1,000.34 കോടി രൂപയായും മൊത്ത വരുമാനം (total income) 977.67 കോടി രൂപയിൽ നിന്ന് 1,031.62 കോടി രൂപയായും വർധിച്ചെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.

ഇന്ത്യയിലെയും ഗൾഫിലെയും ബിസിനസ് പ്രവർത്തനങ്ങൾ കമ്പനി വിഭജിച്ചിരുന്നു. 2024 ഏപ്രിൽ 3നാണ് വിഭജന പ്രക്രിയകൾ പൂർത്തിയായത്. വിഭജന നടപടികളുടെ ഭാഗമായി, ഗൾഫ് ബിസിനസ് പ്രവർത്തനം നിർത്തിയതു വഴിയുണ്ടായ നഷ്ടവും (43.55 കോടി രൂപ) നികുതിച്ചെലവുകളുമാണ് മുൻവർഷത്തെ നാലാംപാദത്തിൽ ആസ്റ്ററിന്റെ ലാഭത്തെ ബാധിച്ചത്. അതേസമയം, ഗൾഫ് ബിസിനസ് വിഭജനത്തിന്റെ ഭാഗമായി അഫിനിറ്റി ഹോൾഡിങ്സിൽ (Affinity Holdings Private Limited) നിന്ന് ആസ്റ്ററിന് 5,.996.96 കോടി രൂപ ലാഭവിഹിതം (dividend) ലഭിച്ചിരുന്നു. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ ലാഭം കുതിച്ചുയരാൻ വഴിയൊരുക്കി.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 5,407.89 കോടി രൂപയാണ്. തൊട്ടു മുൻവർഷം കുറിച്ചത് 211.56 കോടി രൂപ. കഴിഞ്ഞപാദത്തിൽ കമ്പനിയുടെ പ്രതി ഓഹരി ലാഭം (Earnings per share/ EPS) മുൻവർഷത്തെ സമാനപാദത്തിലെ 0.48 രൂപയുടെ നഷ്ടത്തിൽ നിന്ന് പോസിറ്റീവ് 1.14 രൂപയായി മെച്ചപ്പെട്ടിട്ടുണ്ട്. മികച്ച പ്രവർത്തന ഫലത്തിന്റെ പശ്ചാത്തലത്തിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഓഹരിക്ക് ഒരു രൂപ വീതം അന്തിമ ലാഭവിഹിതവും (final dividend) ശുപാർശ ചെയ്തു. 

ഗൾഫ് ബിസിനസ് വിഭജനാനന്തരം ഓഹരി ഉടമകൾക്ക് ആസ്റ്റർ ഓഹരിക്ക് 118 രൂപ വീതം സ്പെഷൽ ഡിവിഡന്റ് (special dividend) 2024 ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ ഓഹരിക്ക് 4 രൂപ വീതം ഇടക്കാല ലാഭവിഹിതവും (interim dividend). ആസ്റ്റർ ഗ്രൂപ്പും ഫജ്ർ ക്യാപിറ്റലും ചേർന്നുള്ള സംയുക്ത സംരംഭമായ ആൽഫയാണ് ആസ്റ്ററിന്റെ ഗൾഫ് ബിസിനസിനെ ഇപ്പോൾ നയിക്കുന്നത്. ആൽഫയിൽ 35% ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന അഫിനിറ്റി.

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും യുഎസ് നിക്ഷേപസ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന് (Blackstone) മുഖ്യ ഓഹരി പങ്കാളിത്തമുള്ള ക്വാളിറ്റി കെയറും (QCIL-Quality Care India Limited) ലയിച്ചൊന്നാകാൻ തീരുമാനിച്ചിരുന്നു (). ലയിച്ചുണ്ടായ കമ്പനിയുടെ പേര് ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ (Aster DM Quality Care). ഇന്ന് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചശേഷമാണ് ആസ്റ്റർ പ്രവർത്തനഫലം പുറത്തുവിട്ടത്. വ്യാപാരാന്ത്യത്തിൽ ഓഹരിവിലയുള്ളത് എൻഎസ്ഇയിൽ 1.05% നഷ്ടത്തോടെ 578 രൂപയിൽ. 28,870 കോടി രൂപ വിപണിമൂല്യമുള്ള (Market cap) കമ്പനിയുടെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം ഈ മാസം 15ലെ 609.50 രൂപയാണ്.  52-ആഴ്ചത്തെ താഴ്ച 2024 ജൂൺ 4ലെ 311.10 രൂപയും.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Aster DM Healthcare Q4 Profit Soars to ₹85.54 Crore.