
ആഗോള വമ്പന്മാർ അരങ്ങുവാഴുന്ന പെറ്റ് ഫുഡ് നിർമാണ, വിതരണരംഗത്ത് മത്സരം കൊഴുപ്പിക്കുകയാണ് ഒരു മലയാളിക്കമ്പനി. നാവികസേനയിൽ നിന്നു വിരമിച്ച കൊല്ലം സ്വദേശി ടോംസ് മാത്യു, മനസ്സിൽ മായാതെ കിടന്ന സംരംഭക മോഹം സാക്ഷാത്കരിച്ച് സ്ഥാപിച്ച ഇൻവിഗ്രോ പെറ്റ്സ് ഫുഡ് ആണ് വിപണിയിൽ പുതുചലനം സൃഷ്ടിക്കുന്നത്. കൊല്ലം ജില്ലയിലെ പിറവന്തൂർ പഞ്ചായത്തിലെ വാഴത്തോപ്പ് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഇൻവിഗ്രോ, നിരവധി മികവുകളുമായി റീട്ടെയ്ൽ സ്റ്റോറുകളിലും ഓൺലൈനിലും മികച്ച വിൽപനയാണ് കൈവരിക്കുന്നതും.
സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് ഒരുക്കിയ നിക്ഷേപക പാനൽ അംഗങ്ങളുടെ മികച്ച പ്രശംസയാണ് ഇൻവിഗ്രോ പെറ്റ്സ് ഫുഡ് ടീം സ്വന്തമാക്കിയത്. പുറമേ, കമ്പനിയുടെ തുടർ വളർച്ചയ്ക്കും വിൽപന വളർച്ചയ്ക്കുമുള്ള പിന്തുണയും നേടി. ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്റെ എപ്പിസോഡ്-3 .
പെറ്റ് ഫുഡ് ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട് വിദേശത്ത് പ്രവർത്തിക്കുന്ന ബന്ധുവിൽ നിന്നാണ് പെറ്റ് ഫുഡ് രംഗത്തെ സാധ്യതകളെ കുറിച്ച് ടോംസ് മാത്യു അറിയുന്നത്. വിശദമായ പഠനങ്ങൾക്കുശേഷം 2016ൽ വിദേശ മെഷീനറികൾ ഇറക്കുമതി ചെയ്തു. 2017ൽ ഇൻവിഗ്രോ എന്ന ബ്രാൻഡ് നാമത്തിൽ കമ്പനി തുടങ്ങി. വ്യത്യസ്ത ചേരുവകളുമായി നിർമാണത്തിലും പായ്ക്കിങ്ങിലും വിലയിലും മികവും ആകർഷകത്വവും പുലർത്തിയതോടെ ഇൻവിഗ്രോയുടെ ഉൽപന്നങ്ങൾ അതിവേഗം വിപണി പിടിച്ചു.
സ്വന്തം വെബ്സൈറ്റിനു പുറമേ ആമസോൺ, ലുലു ഹൈപ്പർമാർക്കറ്റുകൾ, നേവിയുടെ ഔട്ട്ലെറ്റ് സംസ്ഥാനത്തെ പ്രമുഖ പെറ്റ് ഫുഡ് ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലും ഇൻവിഗ്രോയുടെ ഉൽപന്നങ്ങൾ ലഭിക്കും. ടോംസ് മാത്യു, ഭാര്യ അനു ജി. തങ്കച്ചൻ, അനീഷ് എബ്രഹാം, ഡെൽസി ഡാനിയേൽ, മോബിൻ ജേക്കബ്, ഷിബിൻ സാം എന്നിവരാണ് ഇൻവിഗ്രോയുടെ സാരഥികൾ.
വിപണിയിലെ മറ്റു ബ്രാൻഡുകളെ അപേക്ഷിച്ച് ആകർഷകമായ വിലയാണെന്നത് മാത്രമല്ല, ഓരോ അരുമമൃഗത്തിനും അനുയോജ്യമായ ഭക്ഷണ ചേരുവകളുമാണ് ഇൻവിഗ്രോയെ വ്യത്യസ്തമാക്കുന്നതെന്ന് ടോംസ് മാത്യു, അനു ജി. തങ്കച്ചൻ എന്നിവർ പറഞ്ഞു. മറ്റു മിക്ക ബ്രാൻഡുകളും ഡ്രൈ മീൽസ് ഉപയോഗിച്ചാണ് പെറ്റ്സ് ഫുഡ് നിർമിക്കുന്നത്. ഇതുമൂലം അരുമകൾക്ക് രോമം കൊഴിച്ചിൽ, ചൊറിച്ചിൽ, ദുർഗന്ധം എന്നിവയ്ക്കുള്ള സാധ്യതയേറെയാണ്.
പ്രകൃതിദത്ത ചേരുവകളാണ് ഇൻവിഗ്രോയുടെ പ്രത്യേകത. പ്രകൃതിദത്തമായ മത്സ്യം, മുട്ട, പാൽ, റാഗി, ചോളം, അരി, ഗോതമ്പ് എന്നിവ ചേർത്ത് നൂതന എക്സ്ട്രൂഷൻ സാങ്കേതികവിദ്യയിലാണ് നിർമാണം. 40 ശതമാനവും ശുദ്ധമായ ചിക്കൻ, ഫിഷ് എന്നിവയാണ് ചേർക്കുന്നത്. കൃത്രിമ പദാർഥങ്ങൾ ഉപയോഗിക്കുന്നില്ലെന്നും അവർ പറയുന്നു.
അതുമൂലം ദഹനം എളുപ്പമാകുകയും കണ്ണുകളുടെ തിളക്കം കൂടുകയും ചെയ്യും. രോമം കൊഴിച്ചിലോ ദുർഗന്ധമോ ഉണ്ടാവില്ലെന്നും അവർ വ്യക്തമാക്കി. ഉൽപാദനശേഷി വർധിപ്പിച്ചും വിപണനശൃംഖല ശക്തമാക്കിയും കൂടുതൽ വളർച്ച കൈവരിക്കുകയാണ് ഇൻവിഗ്രോയുടെ ലക്ഷ്യം. യൂറോപ്പ്, ഗൾഫ്, ഏഷ്യ-പസഫിക് വിപണികളിലേക്ക് ചുവടുവയ്ക്കാനും ലക്ഷ്യമിടുന്നു.