ഗ്രീൻലൻഡ്, ഗാസ വിഷയങ്ങളിൽ യുഎസ് പ്രസിഡന്റ് ട്രംപും യൂറോപ്യൻ ‘സഖ്യകക്ഷികളും’ തമ്മിലെ ബന്ധം കൂടുതൽ വഷളാകുന്നു. ഗാസയിൽ സമാധാനം ഉറപ്പാക്കാനും ഭാവിയിൽ യുഎൻ സുരക്ഷാ സമിതിക്ക് ബദലായും ട്രംപ് ആവിഷ്കരിക്കുന്ന ‘ബോർഡ് ഓഫ് പീസിൽ’ ചേരാനില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വ്യക്തമാക്കിയിരുന്നു.
അങ്ങനെയെങ്കിൽ ഫ്രാൻസിനെതിരെ 200% തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി.
അല്ലെങ്കിലും മക്രോയെ ബോർഡ് ഓഫ് പീസിൽ വേണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് എന്ന നിലയിൽ അയാളുടെ സ്ഥാനം തെറിക്കാൻ പോവുകയാണെന്നും പറഞ്ഞ ട്രംപ്, ഫ്രാൻസിൽ നിന്ന് യുഎസിൽ എത്തുന്ന വൈനിനും ഷാംപെയ്നുകൾക്കും ഉൾപ്പെടെ 200% തീരുവ ചുമത്തുമെന്നും പറഞ്ഞു. ‘‘അയാൾ ബോർഡ് ഓഫ് പീസിൽ ചേരും.
ഇനിയിപ്പോൾ ചേരണമെന്ന് ഞങ്ങൾക്ക് നിർബന്ധമൊന്നുമില്ല’’ – ട്രംപ് പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് എന്ന നിലയിൽ മക്രോയുടെ പ്രവർത്തന കാലാവധി 2027 മേയ് വരെയാണ്. ഫ്രഞ്ച് നിയമപ്രകാരം ഒരാൾക്ക് 2 തവണയേ പ്രസിഡന്റ് പദവി വഹിക്കാനാകൂ.
അതുകൊണ്ടുതന്നെ, മൂന്നാമതൊരു ടേമിനായി മക്രോയ്ക്ക് ശ്രമിക്കാനാവില്ല. ഇതിനിടെ ട്രംപിനെ പരിഹസിച്ച് മക്രോയും രംഗത്തുവന്നു.
റഷ്യയിൽ നിന്നുള്ള വെല്ലുവിളി മറികടക്കാനാണ് ഗ്രീൻലൻഡ് വേണമെന്ന് ട്രംപ് ആവശ്യപ്പെടുന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞിരുന്നു.
“If there were a fire someday, firefighters would intervene — so better burn the house now.”
“If a shark might attack someday, intervention would follow — so better eat the lifeguard now.”
“If there were a crash someday, damage would occur — so better ram the car now.”
ഭാവിയിൽ ചിലപ്പോൾ തീപിടിത്തം ഉണ്ടായേക്കാമെന്നു കരുതി സ്വന്തം വീടിന് ഇപ്പോഴേ തീയിടുന്ന ചിന്താഗതിക്കാരനാണ് ട്രംപ് എന്ന് മക്രോ പരിഹസിച്ചു. ഭാവിയിൽ എപ്പോഴെങ്കിലും കാർ അപകടം ഉണ്ടായേക്കാമെന്നു കരുതി ഇപ്പോഴേ കാർ തകർക്കുന്നയാളെന്നും മക്രോ കളിയാക്കി.
മക്രോയുടെ പരിഹാസവും ചൊടിപ്പിച്ചതിന് പിന്നാലെയാണ് ട്രംപ് ഫ്രാൻസിനെതിരെ 200% തീരുവ ചുമത്തുമെന്ന ഭീഷണി മുഴക്കിയത്.
അതേസമയം, മക്രോ തനിക്ക് അയച്ചതെന്ന് പറയുന്ന സ്വകാര്യ ചാറ്റ് ഇതിനിടെ ട്രംപ് പുറത്തുവിട്ടു. സിറിയയിലും ഇറാനിലും ട്രംപിന്റെ നടപടികളെ പിന്തുണയ്ക്കുന്നതായും ഗ്രീൻലൻഡിൽ ട്രംപ് എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ലെന്നുമാണ് ചാറ്റിലുളളത്.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ച് ഗ്രീൻലൻഡ്, ഗാസ വിഷയങ്ങളിൽ ട്രംപുമായും മറ്റ് ജി7 നേതാക്കളുമായും ചർച്ചയാകാമെന്നും മക്രോ ചാറ്റിൽ പറയുന്നു. ചർച്ചയിൽ യുക്രെയ്ൻ, സിറിയൻ, റഷ്യൻ, ഡെന്മാർക്ക് നേതാക്കളെയും ഉൾപ്പെടുത്താം.
ട്രംപിനെ മക്രോ അത്താഴത്തിനും ചാറ്റിലൂടെ ക്ഷണിക്കുന്നുണ്ട്.
നേരത്തേ ഗ്രീൻലൻഡ് വേണമെന്ന തന്റെ ആവശ്യത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപ്രതികാരമെന്നോണം യുഎസുമായുള്ള വ്യാപാരക്കരാർ തൽക്കാലം നിർത്തിവയ്ക്കുന്നതായി യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയിരുന്നു.
യൂറോപ്യൻ ശക്തികളെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കേണ്ടെന്ന് ട്രംപിനോട് ഫ്രഞ്ച്, ജർമൻ ധനമന്ത്രിമാരും പറഞ്ഞു.
250ലേറെ വർഷമായി സഖ്യകക്ഷികളാണ്, കാലങ്ങളായി സുഹൃത്തുക്കളാണ്. ഇവരെയൊക്കെ ബ്ലാക്ക്മെയിൽ ചെയ്യാനാണ് ട്രംപ് ശ്രമിക്കുന്നത്.
അതംഗീകരിച്ചുകൊടുക്കില്ലെന്ന് ഫ്രഞ്ച് ധനമന്ത്രി റോളണ്ട് ലെസ്കർ പറഞ്ഞു. യുഎസിൽ നിന്ന് യൂറോപ്യൻ .യൂണിയൻ രാഷ്ട്രങ്ങളിലെത്തുന്ന 10,770 കോടി ഡോളർ മതിക്കുന്ന (ഏകദേശം 9.7 ലക്ഷം കോടി രൂപ) ഉൽപന്നങ്ങൾക്ക് കനത്ത തീരുവ ചുമത്താനാണ് ഇയു നേതാക്കൾ ആലോചിക്കുന്നത്.
ട്രംപ് പരിധി ലംഘിക്കുകയാണെന്നും ഞങ്ങളിലാരെയും ബ്ലാക്ക്മെയിൽ ചെയ്യാൻ അനുവദിക്കില്ലെന്നും ജർമൻ ധനമന്ത്രി ലാൻസ് ക്ലിങ്ബെയിലും പറഞ്ഞു.1721ൽ ആണ് ഡെന്മാർക്ക് ഗ്രീൻലൻഡിനെ കോളനിയാക്കുന്നത്.
1953ൽ ഗ്രീൻലൻഡിനെ ഡെന്മാർക്കിന്റെ ഭാഗമാക്കി. 2009ൽ മാത്രമാണ് ഗ്രീൻലൻഡിന് സ്വയംഭരണാവകാശം അനുവദിച്ചത്.
പ്രതിരോധം, വിദേശകാര്യം എന്നിവയ്ക്ക് ഒഴികെയാണ് സ്വയംഭരണാവകാശം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

