വീണ്ടുമൊരു കേന്ദ്ര ബജറ്റ് പടിവാതിലിൽ നിൽക്കേ, ധനമന്ത്രി നിർമല സീതാരാമനു മുൻപിൽ ആവശ്യങ്ങൾ നിരത്തി കേരളം. എയിംസ്, ശബരി റെയിൽ, കേരളത്തിന്റെ കടപരിധി, വന്യമൃഗ ആക്രമണത്തിന് ഇരയായവർക്കുള്ള നഷ്പരിഹാരം, മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പുനഃസ്ഥാപനം തുടങ്ങി നിരവധി വിഷയങ്ങൾ സംസ്ഥാന ധനമന്ത്രി കെ.എൻ.
ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ നേരിട്ടുകണ്ട് ഉന്നയിച്ചു.
മറ്റൊന്ന്, കേരളത്തിനൊരു പ്രതിരോധ ഗവേഷണ-വികസന ഇടനാഴിയാണ് (ഡിഫൻസ് ആർ ആൻഡ് ഡി കോറിഡോർ). വിഴിഞ്ഞം മുതൽ കൊച്ചിവരെ നീളുന്ന ‘അപൂർവ ധാതുക്കളുടെ ഇടനാഴിയും’ (റെയർ എർത്ത് കോറിഡോർ) ബാലഗോപാൽ മുന്നോട്ടുവച്ചിട്ടുണ്ട്.
ഇരുപദ്ധതികളും കേരളത്തിനും രാജ്യത്തിനും സാമ്പത്തികരംഗത്ത് വൻ വഴിത്തിരിവുണ്ടാക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷകൾ.
വേണം സാമ്പത്തിക പാക്കേജ്
കേരളത്തിന് 21,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന് കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കടമെടുപ്പ് പരിധിവെട്ടിക്കുറച്ചതിനാൽ കേരളം സാമ്പത്തികഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം.
∙ കടമെടുപ്പ് പരിധിയിൽനിന്ന് വിവിധ കാരണങ്ങൾപറഞ്ഞ് കേന്ദ്രം 17,000 കോടിയാണ് വെട്ടിക്കുറച്ചതെന്ന് സംസ്ഥാന സർക്കാർ പറയുന്നു.
പുറമേ, 15-ാം ധനകാര്യ കമ്മിഷന്റെ നിർദേശങ്ങൾ മൂലം സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഎസ്ഡിപി) നിന്ന് 4,250 കോടിയും നഷ്ടമാകുമെന്ന് വിലയിരുത്തുന്നു. ഈ ആഘാതത്തിൽ നിന്ന് കരകയറാനാണ് കേരളം പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുന്നത്.
∙ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎൻആർഇജിഎ) പകരം കേന്ദ്രം പുതുതായി വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ – ഗ്രാമീൺ അഥവാ ‘വിബി-ജി റാം ജി’ എന്ന പദ്ധതി കൊണ്ടുവന്നിരുന്നു.
ഇതിൽ സംസ്ഥാനങ്ങളുടെ സാമ്പത്തികബാധ്യത കുത്തനെ കൂടും. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നു.
എവിടെ എയിംസ്?
എയിംസ് അഥവാ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അനുവദിക്കണമെന്നത് കേരളത്തിന്റെ ദീർഘകാല ആവശ്യമാണ്.
കേന്ദ്രം ഇതുവരെ പച്ചക്കൊടി വീശിയിട്ടില്ല. തൃശൂരിലോ ആലപ്പുഴയിലോ അനുവദിച്ചേക്കുമെന്ന് ഏറെക്കാലമായി കേൾക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിൽനിന്ന് ഔദ്യോഗിക അറിയിപ്പുകൾ കേരളത്തിന് കിട്ടിയിട്ടില്ല.
∙ അങ്കമാലി-എരുമേലി ശബരി റെയിൽ യാഥാർഥ്യമാക്കുക എന്നതാണ് കേരളത്തിന്റെ മറ്റൊരു സുപ്രധാന ആവശ്യം.
∙ കർഷകർ നേരിടുന്ന വന്യമൃഗശല്യം ഏറിവരുന്ന പശ്ചാത്തലത്തിൽ, പ്രതിസന്ധി ലഘൂകരിക്കനുള്ള പദ്ധതികൾക്കായി 1,000 കോടിയുടെ പാക്കേജ് വേണം.
∙ സംസ്ഥാനത്തെ ചെറുകിട-ഇടത്തരം സംരംഭകർക്കായി പ്രത്യേക പാക്കേജ് അനുവദിക്കണം.
മുന്നിൽ 2 ഇടനാഴികൾ
∙ ഏഴിമല നാവിക അക്കാഡമി, കൊച്ചി കപ്പൽശാല, തിരുവനന്തപുരത്തെ ബ്രഹ്മോസ് എയറോസ്പേസ് തുടങ്ങിയവയുമായി ബന്ധിപ്പിച്ച് ഡിഫൻസ് ഇടനാഴിയാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്.
∙ വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവിടങ്ങളിലെ കരിമണൽ ഉൾപ്പെടെയുള്ള ധാതുസമ്പത്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക കുതിപ്പിന് പ്രയോജനപ്പെടുത്താനാവുന്നതാണ് കേരളം ആവശ്യപ്പെടുന്ന റെയർ എർത്ത് ഇടനാഴി.
തോട്ടം പാക്കേജ്
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നാണ് തോട്ടംമേഖല. കയറ്റുമതിരംഗത്ത് കേരളത്തിന്റെ തുറുപ്പുചീട്ടുകൾ.
ഇതിൽ കാപ്പി, സുഗന്ധവ്യജ്ഞനം, തേയില തുടങ്ങിയവ ഉൾപ്പെടുന്നു. ഈ മേഖലകൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റബറിനും പ്രത്യേക പരിഗണന
റബർ കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ സംയുക്ത ഫണ്ട് പദ്ധതി വേണമെന്ന് കേരളം പറയുന്നു.
1,000 കോടിയുടെ വിലസ്ഥിരതാ ഫണ്ട് ആണ് ആവശ്യം. പുറമേ റബറിന്റെ താങ്ങുവില നിലവിലെ 200ൽ നിന്ന് 250 രൂപയാക്കാനും കേരളം കേന്ദ്രത്തിന്റെ പിന്തുണ തേടുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

