
4 പൊതുമേഖലാ ബാങ്കുകളുടെ നിശ്ചിത ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക് (Indian Overseas Bank), യൂകോ ബാങ്ക് (UCO Bank), പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് (Punjab and Sindh Bank), സെൻട്രൽ ബാങ്ക് (Central Bank of India) എന്നിവയുടെ ഓഹരികളാണ് വിൽക്കുക. ഈ ബാങ്കുകളുടെ നിയന്ത്രണം നഷ്ടമാകാത്തവിധം ഭൂരിപക്ഷം ഓഹരികളും കൈവശംവച്ചശേഷം മിനിമം ഓഹരികൾ മാത്രമാകും കേന്ദ്രം വിറ്റഴിക്കുക.
ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെ (SEBI) ചട്ടം പാലിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകളുടെ ഓഹരി വിൽക്കാൻ കേന്ദ്രം ഒരുങ്ങുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കേന്ദ്രസർക്കാരോ ബാങ്കുകളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങൾ 25% ഓഹരികൾ പൊതു ഓഹരികളാക്കി മാറ്റണമെന്നാണ് സെബിയുടെ ചട്ടം. അതായത്, പ്രൊമോട്ടർമാർ പരമാവധി 75% ഓഹരികളേ കൈവശം വയ്ക്കാവൂ. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്ക് ഈ ചട്ടം പാലിക്കാൻ 2026 ഓഗസ്റ്റ് വരെ സാവകാശമുണ്ട്.
സെൻട്രൽ ബാങ്കിൽ നിലവിൽ 93% ഓഹരികളും കേന്ദ്രത്തിന്റെ കൈവശമാണ്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ 96.4%, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ 98.3%, യൂകോ ബാങ്കിന്റെ 95.4% എന്നിങ്ങനെ ഓഹരികളും സർക്കാരിന്റെ കൈവശമാണുള്ളത്. ഓഹരി ഉടമകൾ നിശ്ചിത ഓഹരികൾ പൊതു നിക്ഷേപകർക്ക് വിൽക്കുന്ന മാർഗമായ ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്/OFS) വഴിയാകും ഈ 4 ബാങ്കുകളെ ഓഹരികളും കേന്ദ്രം വിറ്റഴിച്ചേക്കുക.
യോഗ്യരായ നിക്ഷേപസ്ഥാപനങ്ങൾക്ക് (ക്യുഐബി/QIB) മാത്രം ഓഹരി വിൽക്കുന്ന മാർഗമായ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റ് (ക്യുഐപി/QIP) വഴി പഞ്ചാബ് നാഷണൽ ബാങ്ക് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 5,000 കോടി രൂപയും കഴിഞ്ഞമാസം ബാങ്ക് ഓഫ് മഹാരാഷ്ട്ര 3,500 കോടി രൂപയും സമാഹരിച്ചിരുന്നു. ഈ ബാങ്കുകളിലെ കേന്ദ്രസർക്കാരിന്റെ ഓഹരി പങ്കാളിത്തവും ഇതുവഴി കുറഞ്ഞിരുന്നു.
ഇന്ന് ഓഹരി വിപണിയിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ (IOB) ഓഹരികൾ 2.12%, യൂകോ ബാങ്ക് 1.83%, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 0.59% എന്നിങ്ങനെ നേട്ടത്തിലും സെൻട്രൽ ബാങ്ക് 1.15% നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]