ഇന്ത്യൻ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും 7 ദിവസത്തെ ഇടവേളയ്ക്കുശേഷം നേട്ടത്തിലേക്ക് ഉയർന്ന ഇന്ന് കേരളം ആസ്ഥാനമായ കമ്പനികളുടെ ഓഹരികളും കാഴ്ചവച്ചത് മിന്നുന്ന പ്രകടനം. ഇന്നൊരുവേള ആയിരം പോയിന്റിലേറെ കുതിച്ചുയർന്ന് 78,451 വരെ എത്തിയ സെൻസെക്സ്, വ്യാപാരം അവസാനിച്ചപ്പോൾ പക്ഷേയുള്ളത് 239 പോയിന്റ് മാത്രം നേട്ടവുമായി 77,578ൽ. നിഫ്റ്റിയും ഇന്നൊരുവേള 23,529ൽ തുടങ്ങി 23,780 വരെ മുന്നേറിയിരുന്നു. വ്യാപാരം പൂർത്തിയാക്കിയത് വെറും 20 പോയിന്റ് നേട്ടത്തോടെ 23,518ലും.
Also Read
സ്വർണപ്പണയം: തിരിച്ചടവ് രീതി മാറും; അവസാന നിമിഷത്തെ ‘പുതുക്കൽ’ ഇനി എളുപ്പമാകില്ല
അടുത്തിടെ ഇന്ത്യയെ കൈവിട്ട് ചൈനയിലേക്ക് ചാഞ്ഞ രാജ്യാന്തര ബ്രോക്കറേജ് ഏജൻസികൾ, ഇപ്പോൾ ചൈനയെ കൈവെടിഞ്ഞ് വീണ്ടും ഇന്ത്യക്ക് അനുകൂലമായ നിലപാട് എടുത്തത് ഓഹരി വിപണിക്ക് കരുത്ത് പകർന്നിട്ടുണ്ട്. സിറ്റി, എച്ച്എസ്ബിസി, സിഎൽഎസ്എ എന്നിവയാണ് ഇന്ത്യൻ വിപണിക്ക് ‘മികച്ച ഭാവി’ ഇപ്പോൾ വിലയിരുത്തുന്നത്. കഴിഞ്ഞ 7 ദിവസങ്ങളായി കനത്ത ഇടിവ് നേരിട്ട പല ഓഹരികളിലും മികച്ച വിലക്കുറവ് മുതലെടുത്ത് ഇന്ന് വൻതോതിൽ വാങ്ങലുകളുണ്ടായതും വിപണിക്ക് നേട്ടമായി. യുഎസ് ഡോളറും യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും നഷ്ടത്തിലേക്ക് വീണതും ഇന്ത്യയടക്കമുള്ള വികസ്വര വിപണികളിലെ ഓഹരികൾക്ക് നേട്ടമായിട്ടുണ്ട്.
നിർമലയുടെ വാക്കിൽ വീണ് ഇൻഷുറൻസ് ഓഹരികൾ
സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് നേട്ടത്തിൽ ഒന്നാംസ്ഥാനത്ത് മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ്. ബ്രോക്കറേജ് ഏജൻസികളിൽനിന്ന് മികച്ച റേറ്റിങ് ലഭിച്ചതാണ് മഹീന്ദ്രയുടെ ഓഹരികൾ ഇന്ന് ആഘോഷമാക്കിയത്. ട്രെന്റ്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ്, ഐഷർ മോട്ടോഴ്സ്, സൺഫാർമ, ടൈറ്റൻ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഇന്ന് നേട്ടത്തിൽ മുൻപന്തിയിലുള്ള മറ്റുള്ളവർ.
എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിൻസെർവ്, എസ്ബിഐ, ടാറ്റാ സ്റ്റീൽ, മാരുതി സുസുക്കി എന്നിവയാണ് നഷ്ടത്തിൽ മുന്നിൽ. ബാങ്കുകൾ തനത് ബാങ്കിങ് (കോർ ബാങ്കിങ്) സേവനങ്ങളിൽ ശ്രദ്ധയൂന്നണമെന്നും ഇൻഷുറൻസ് പദ്ധതികൾ വൻതോതിൽ വിറ്റഴിക്കാൻ ശ്രമിക്കുന്ന പ്രവണത കുറയ്ക്കണമെന്നും കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടിരുന്നു. ഇത് ലൈഫ് ഇൻഷുറൻസ് രംഗത്തെ കമ്പനികളുടെ ഓഹരികൾക്ക് തിരിച്ചടിയായി.
വിശാലവിപണിയിൽ ഇന്ന് പൊതുമേഖലാ ബാങ്ക്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവയൊഴികെയുള്ളവ മികച്ച നേട്ടം കൊയ്തു. നിഫ്റ്റി മീഡിയ 2.45%, ഓട്ടോ 1.37%, റിയൽറ്റി 1.48%, ഐടി 0.83%, ഫാർമ 1.04%, കൺസ്യൂമർ ഡ്യൂറബിൾസ് 1.16% എന്നിങ്ങനെ നേട്ടത്തിലാണ്. കമ്മോഡിറ്റി ഉൽപന്നങ്ങൾക്കുള്ള റിബേറ്റ് നിർത്തലാക്കാനുള്ള ചൈനയുടെ നീക്കം മെറ്റൽ ഓഹരികൾക്ക് തിരിച്ചടിയായി.
Also Read
ബൈഡൻ ഷോക്ക്… സ്വർണവിലയിൽ ഇന്നും വൻ കുതിച്ചുകയറ്റം; തിരിച്ചടിയായി ‘3,000’ ഡോളർ പ്രവചനവും
മിന്നിത്തിളങ്ങി കിറ്റെക്സും കൊച്ചി കപ്പൽശാലയും
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി ഇന്ന് നേട്ടത്തിലേറി. 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ 1,362 രൂപയിലായിരുന്നു ഇന്ന് വ്യാപാരം. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് 2,979.45 രൂപയെന്ന സർവകാല റെക്കോർഡ് ഉയരംതൊട്ട കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് കുത്തനെ താഴ്ന്നിരുന്നു.
**EDS: HANDOUT PHOTO MADE AVAILABLE FROM DEFENCE PRO** Kochi: Glimpses of commissioning of India’s first indigenous aircraft carrier INS Vikrant by Prime Minister Narendra Modi at Cochin Shipyard Limited in Kochi, Friday, Sept. 2, 2022. (PTI Photo)(PTI09_02_2022_000054B)
രണ്ടാംപാദ പ്രവർത്തനഫല പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിൻ ഷിപ്പ്യാർഡ്, ഓഹരിക്ക് 4 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. അതിന്റെ റെക്കോർഡ് തീയതിയാണ് ഇന്ന് എന്നതും ഓഹരികൾക്ക് ഊർജമായി. ഇന്നുവരെ ഓഹരികൾ കൈവശമുള്ളവർക്കാണ് ലാഭവിഹിതത്തിന് അർഹത. മറ്റൊന്ന്, കേന്ദ്രം 30,000 കോടി രൂപയുടെ മാരിടൈം ഡെവലപ്മെന്റ് ഫണ്ട് പ്രഖ്യാപിച്ചതും കപ്പൽശാലകളുടെ ഓഹരികൾക്ക് നേട്ടമായി.
പുതുതായി 6 ആഴക്കടൽ തുറമുഖങ്ങൾ, രണ്ട് ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകൾ, ഹരിത-സ്മാർട് തുറമുഖങ്ങൾ തുടങ്ങിയവ നിർമിക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ബോണസ് ഓഹരി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് നവംബർ 22ന് ഡയറക്ടർ ബോർഡ് യോഗം ചേരുമെന്നിരിക്കേയാണ് കിറ്റെക്സ് ഇന്ന് 5% ഉയർന്ന് അപ്പർ–സർക്യൂട്ടിൽ 635.30 രൂപയിൽ എത്തിയത്. നിലവിലെ ഓഹരി ഉടമകൾക്ക് അധിക ഓഹരികൾ ലഭ്യമാക്കുന്നതാണ് ബോണസ് ഓഹരി വിൽപന. മികച്ച ബിസിനസ് പ്രതീക്ഷകളുടെ കരുത്തിൽ വി-ഗാർഡ് 5.5 ശതമാനത്തിലധികവും കല്യാൺ ജ്വല്ലേഴ്സ് 4.7 ശതമാനത്തോളവും ഇന്ന് മുന്നേറി.
TS Kalyanaraman (Managing Director, Kalyan Jewellers). Image : Kalyan Jewellers Website.
ഭേദപ്പെട്ട സെപ്റ്റംബർപാദ പ്രവർത്തനഫലം കരുത്താക്കി കേരള ആയുർവേദ ഓഹരികൾ 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലെത്തി. മികച്ച സെപ്റ്റംബർപാദ പ്രവർത്തനഫലത്തിന് പുറമേ, തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ അത്യാധുനിക മാരിടെക് എക്കോ പാർക്ക് സ്ഥാപിക്കുന്നെന്ന പ്രഖ്യാപനം കിങ്സ് ഇൻഫ്ര ഓഹരികളെയും ഇന്ന് 4 ശതമാനത്തോളം മുന്നോട്ട് നയിച്ചു. ഫെഡറൽ ബാങ്ക്, ബിപിഎൽ എന്നിവയും 4-5% ഉയർന്നു. പ്രൈമ ഇൻഡസ്ട്രീസാണ് നഷ്ടത്തിൽ മുന്നിൽ (-7.8%), സോൾവ് പ്ലാസ്റ്റിക്സ് (-4.96%), സഫ സിസ്റ്റംസ് (-4.92%), യൂണിറോയൽ മറീൻ (-4.71%) എന്നിവയും നിരാശപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]