ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായും നിർത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള വാദത്തിനിടെ, റഷ്യയുമായി കൂടുതൽ വ്യാവസായിക ബന്ധം സ്ഥാപിക്കാനുള്ള നീക്കവുമായി ഇന്ത്യ. ട്രംപിന്റെ വാദങ്ങളെ പൊളിച്ച് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് വൻതോതിൽ കൂട്ടിയിട്ടുമുണ്ട്.
സെപ്റ്റംബറിൽ പ്രതിദിനം 16 ലക്ഷം ബാരൽ വീതം എണ്ണയാണ് വാങ്ങിയിരുന്നതെങ്കിൽ ഈ മാസം വാങ്ങുന്നത് 20 ലക്ഷം ബാരൽ വീതം.
ഒക്ടോബറിലെ ഇതുവരെയുള്ള ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി പരിഗണിച്ചാലും റഷ്യ തന്നെയാണ് ഏറ്റവും മുന്നിൽ. രണ്ടാംസ്ഥാനത്തുള്ള ഇറാക്കിൽ നിന്ന് 10.1 ലക്ഷം ബാരൽ വീതം എണ്ണയാണ് പ്രതിദിനം വാങ്ങിയത്.
സൗദി അറേബ്യയാണ് 8.30 ലക്ഷം ബാരലുമായി മൂന്നാമത്. യുഎഇയെ പിന്തള്ളി യുഎസ് 4-ാം സ്ഥാനം നേടിയെന്ന് വിപണി ഗവേഷകരായ കെപ്ലറിന്റെ കണക്കുകൾ വ്യക്തമാക്കി.
അമേരിക്കയിൽ നിന്ന് പ്രതിദിനം 6.94 ലക്ഷം ബാരൽ എത്തിയപ്പോൾ യുഎഇയിൽ നിന്നുവാങ്ങിയത് 3.94 ലക്ഷം വീതം.
ഇന്ത്യയ്ക്കുള്ള ഡിസ്കൗണ്ട് റഷ്യ കൂട്ടിയത് ഇറക്കുമതിയും കൂടാനിടയാക്കി. ജൂലൈ-ഓഗസ്റ്റിൽ ബാരലിന് 1.5-2 ഡോളർ വീതമായിരുന്നു ഡിസ്കൗണ്ട്.
ഇപ്പോഴിത് 3.5-5 ഡോളർ. അതായത്, ക്രൂഡ് ഓയിലിന്റെ വിപണി വിലയേക്കാൾ 5 ഡോളർ വരെ ഇളവോടെ ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ ഇപ്പോൾ കിട്ടുന്നുണ്ട്.
നവംബറിലേക്കും ഡിസംബറിലേക്കും വരെ എണ്ണ ഇറക്കുമതിക്കായി ഇന്ത്യൻ കമ്പനികൾ റഷ്യൻ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഫലത്തിൽ, ട്രംപിന്റെ വാക്കുകളെ ഇന്ത്യ ഗൗനിച്ചിട്ടില്ലെന്നും ഇതു വ്യക്തമാക്കുന്നു.
ഇനി കൂടുതൽ കൂട്ടുകെട്ട്
എണ്ണയ്ക്ക് പുറമേ അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) ഇറക്കുമതിക്കും കൽക്കരി മേഖലയിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ സംയുക്തമായി ഒരുക്കാനും റഷ്യൻ കമ്പനികളുമായി കൈകോർക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ.
ലോകത്തെ അപൂർവ ധാതുക്കളുടെ 95 ശതമാനവും കൈയാളുന്ന ചൈന, കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യൻ കമ്പനികൾ റഷ്യയിലേക്ക് ചായുന്നത്. വാഹന നിർമാണം, ഇലക്ട്രോണിക്സ്, പ്രതിരോധ മേഖലകൾക്ക് അനിവാര്യമായ അസംസ്കൃത വസ്തുക്കളാണ് റെയർ എർത്ത്.
റഷ്യയുമായി റെയർ എർത്തിലും സഹകരിക്കുമെന്ന് സ്ഥിരീകരിച്ച കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യോമയാനം, ടെക്നോളജി മേഖലകളിലും പങ്കാളിത്തത്തിന് ശ്രമിക്കുന്നതായി വ്യക്തമാക്കി.
ചെറു വിമാന എൻജിനുകളുടെ നിർമാണം, 3ഡി പ്രിന്റിങ് തുടങ്ങിയവയും ഇതിലുൾപ്പെടുന്നു. ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയതായി ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
എന്നാൽ, മോദിയും ട്രംപും തമ്മിൽ സംസാരിച്ചിട്ടില്ലെന്ന് പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം പക്ഷേ, എണ്ണ ഇറക്കുമതി സംബന്ധിച്ച ട്രംപിന്റെ വാദങ്ങൾ നിഷേധിച്ചിട്ടുമില്ല.
ട്രംപിന്റെ ‘വിചിത്ര’ വാദങ്ങൾ
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കെതിരെ മാത്രമാണ് ഇതുവരെ ട്രംപ് നടപടി എടുത്തിട്ടുള്ളത്. 25% ഇറക്കുമതിക്ക് തീരുവയ്ക്ക് പുറമേ റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴയായി 25% കൂടി ചുമത്തി, മൊത്തം 50% തീരുവയാണ് ഇന്ത്യയ്ക്ക് ബാധകം.
എന്നാൽ, ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങുന്ന ചൈനയ്ക്ക് തീരുവ 30 ശതമാനമേയുള്ളൂ.
2024ലെ കണക്കുപ്രകാരം മാത്രം ചൈന 62.6 ബില്യൻ ഡോളറിന്റെ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഇന്ത്യ ചെലവിട്ടത് 52.7 ബില്യൻ മാത്രം.
റഷ്യയ്ക്കെതിരെ ഉപരോധം ഉൾപ്പെടെ പ്രഖ്യാപിച്ച യൂറോപ്യൻ യൂണിയനും 39.1 ബില്യൻ ഡോളറിന്റെ റഷ്യൻ ഉൽപന്നങ്ങൾ വാങ്ങിയിട്ടുണ്ട്. ഇതിൽ 25.1 ബില്യനും ചെലവിട്ടത് എണ്ണ ഇറക്കുമതിക്കാണ്.
യുഎസ് 3.3 ബില്യൻ ഡോളർ ചെലവിട്ട് ധാതുക്കളുടെ ഇറക്കുമതിയും റഷ്യയിൽ നിന്ന് നടത്തിയിരുന്നു.
എന്നിട്ടും യൂറോപ്യൻ യൂണിയനും യുഎസും ഇന്ത്യയ്ക്കുമേൽ മാത്രം നടപടി എടുത്തത് ഇരട്ടത്താപ്പാണെന്നും രാജ്യതാൽപര്യം മുൻനിർത്തിയാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. അതേസമയം, യുഎസ് റഷ്യയിൽ നിന്ന് ധാതുക്കൾ വാങ്ങുന്നതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഹംഗറിയും വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുന്നുണ്ടല്ലോ എന്ന് കഴിഞ്ഞദിവസം മാധ്യമങ്ങൾ ചോദിച്ചപ്പോൾ ട്രംപിന്റെ മറുപടി ഇങ്ങനെ: ‘‘അവർ സ്റ്റക്കാണ്. അവർക്ക് കടലില്ല.
കര മാത്രമേയുള്ളൂ. വർഷങ്ങളായി ഒരു പൈപ്പ്ലൈനേയുള്ളൂ.
അവർക്ക് പുറത്തുനിന്ന് വേറെ എണ്ണ കിട്ടാൻ പ്രയാസമാണ്’’.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

