പാക്കിസ്ഥാനിൽ സർക്കാരിനെ കാഴ്ചക്കാരാക്കി അമേരിക്കയുമായി കച്ചവടത്തിന് നേരിട്ടിറങ്ങി സൈനിക മേധാവി അസിം മുനീർ. ബലൂചിസ്ഥാനിലെ മത്സ്യബന്ധന പട്ടണമായ പാസ്നിയിൽ അമേരിക്കയ്ക്ക് പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനായി തുറമുഖം നിർമിക്കാനുള്ള പ്രൊപ്പോസലാണ് മുനീർ ട്രംപ് ഭരണകൂടത്തിന് മുൻപിൽവച്ചത്.
പാക്കിസ്ഥാന്റെ എക്കാലത്തെയും സുഹൃത്തായ ചൈനയ്ക്കും ബദ്ധവൈരിയായി കാണുന്ന ഇന്ത്യയ്ക്കും ഒരുപോലെ തിരിച്ചടിയാണ് മുനീറിന്റെ തിരക്കിട്ട നീക്കം.
രാഷ്ട്രീയ, സൈനിക താൽപര്യങ്ങൾക്ക് പുറമേ പാക്കിസ്ഥാന്റെ സാമ്പത്തികരംഗത്തും അസിം മുനീർ പിടിമുറുക്കുകയാണ്.
അടുത്തിടെ യുഎസിലെത്തി ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് മുനീർ തുറമുഖ പദ്ധതി അവതരിപ്പിച്ചത്. ചെമ്പിന് പുറമേ നിയോഡൈമിയം ഉൾപ്പെടെ ഒട്ടേറെ അപൂർവ ധാതുക്കളാൽ (റെയർ എർത്ത്) സമ്പന്നമായ മേഖലയാണ് പാസ്നി.
അമേരിക്കയുമായി റെയർ എർത്ത് കച്ചവടം നടത്തി, അതിന്റെ നേട്ടം നേരിട്ട് സ്വന്തമാക്കാനുള്ള നീക്കവുമാണ് മുനീർ നടത്തുന്നത്.
പാസ്നിയിൽ തുറമുഖം യാഥാർഥ്യമായാൽ ഏറ്റവുമധികം തിരിച്ചടി നേരിടുക ചൈനയായിരിക്കും. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) ഭാഗമായി ഗ്വാദറിൽ ചൈന നിലവിൽ തുറമുഖം സജ്ജമാക്കുന്നുണ്ട്.
ഇവിടെ നിന്ന് വെറും 112 കിലോമീറ്റർ അകലെയാണ് പാസ്നി. 60 ബില്യൻ ഡോളർ (ഏകദേശം 5.3 ലക്ഷം കോടി രൂപ) ചെലവിട്ടാണ് ചൈന സിപിസിഇ സജ്ജമാക്കുന്നത്.
പാസ്നിയിൽ തുറമുഖ പദ്ധതിക്ക് അമേരിക്ക പച്ചക്കൊടി വീശിയിൽ ചൈനയ്ക്കത് സാമ്പത്തികമായും രാഷ്ട്രീയമായും തിരിച്ചടിയാകും.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ മേഖലയിലും ഇറാനു സമീപവും വീണ്ടും സാന്നിധ്യം ശക്തമാക്കാൻ സ്വന്തമായി തുറമുഖം ലഭിക്കുന്നതിലൂടെ അമേരിക്കയ്ക്ക് കഴിയും. പ്രതിരോധം, ഇലക്ട്രോണിക്സ്, വൈദ്യുത വാഹന (ഇവി) നിർമാണം തുടങ്ങിയ മേഖലകൾക്കെല്ലാം അനിവാര്യമായ ധാതുക്കൾ പാസ്നിയിൽ നിന്ന് നേടാനാകുമെന്നതും അമേരിക്കയ്ക്ക് നേട്ടമാകും.
നിലവിൽ റെയർ എർത്തിനായി അമേരിക്ക ഏറ്റവുമധികം ആശ്രയിക്കുന്നത് ചൈനയെയാണ്.
പാക്കിസ്ഥാൻ അപൂർവ ധാതുക്കളുടെ കച്ചവടത്തിനായി അമേരിക്കയുമായി അടുക്കുന്നതാണ് അടുത്തിടെ ചൈന റെയർ എർത്ത് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കാരണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഗ്വാദർ തുറമുഖം ചൈന സൈനിക ആവശ്യത്തിനും ഉപയോഗിക്കുന്നുണ്ട്.
എന്നാൽ, നിർദിഷ്ട പാസ്നി തുറമുഖം പൂർണമായും ധാതുക്കളുടെ നീക്കത്തിനായിരിക്കുമെന്നാണ് അസിം മുനീർ വ്യക്തമാക്കിയിട്ടുള്ളത്.
എങ്കിലും, ഇറാനിൽ നിന്ന് 150 കിലോമീറ്ററോളം മാത്രം അകലെയാണ് പാസ്നി എന്നതിനാൽ, അമേരിക്കയും സൈനിക ആവശ്യത്തിന് തുറമുഖം ഉപയോഗിച്ചേക്കാം.
121 കോടി ഡോളർ (ഏകദേശം 10,500 കോടി രൂപ) പ്രാഥമിക നിക്ഷേപം വിലയിരുത്തുന്ന തുറമുഖ പദ്ധതിക്ക് ചെലവ് യുഎസ് നിക്ഷേപകരും പാക്കിസ്ഥാൻ സർക്കാരും ചേർന്ന് വഹിക്കാമെന്നാണ് അസിം മുനീറിന്റെ പ്ലാനിലുള്ളത്. 2001 സെപ്റ്റംബർ 11ന് യുഎസിൽ നടന്ന ഭീകരാക്രമണത്തിന് മുൻപുവരെ പാക്കിസ്ഥാനും യുഎസും സൗഹൃദത്തിലായിരുന്നു.
അഫ്ഗാൻ-താലിബാന് പാക്കിസ്ഥാൻ നൽകിയ പിന്തുണയും പാക്ക്-ചൈന കൂട്ടുകെട്ടും അമേരിക്കയെ പിന്നീട് നീരസപ്പെടുത്തി. ഇപ്പോൾ സ്ഥിതി വീണ്ടും മാറുന്നതാണ് കാഴ്ച.
പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനും യുഎസും കൂടുതൽ അടുക്കുകയാണ്.
നിലവിൽ അഫ്ഗാനുമായി പാക്കിസ്ഥാൻ സംഘർഷത്തിലായതും അമേരിക്ക വീണ്ടും അഫ്ഗാനിൽ പിടിമുറുക്കാൻ നടത്തുന്ന നീക്കങ്ങളും പാസ്നി തുറമുഖത്തിലേക്ക് കണ്ണെറിയാൻ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചേക്കും. അതേസമയം, മുനീറിന്റെ പ്ലാനിനോട് ഇതുവരെ ട്രംപ് പ്രതികരിച്ചിട്ടില്ല.
പാസ്നിയിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലെയാണ്, ഇന്ത്യ ഇറാനിലെ ചബഹാറിൽ വൻ നിക്ഷേപത്തോടെ സജ്ജമാക്കുന്ന വാണിജ്യ തുറമുഖം. ഇറാനുമേൽ ഏർപ്പെടുത്തിയ ഉപരോധം അമേരിക്ക അടുത്തിടെ ചബഹാറിനും ബാധകമാക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.
ഇതിനുപുറമേ, പാസ്നിയിൽ പാക്കിസ്ഥാൻ പുത്തൻ തുറമുഖം ആലോചിക്കുന്നത് അറബിക്കടൽ മേഖലയിൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാകും.
സ്വാഭാവിക ആഴമേറെയുള്ള മേഖലയാണ് പാസ്നി എന്നതും പാക്കിസ്ഥാനുള്ള അനുകൂലഘടകമാണ്. എന്നാൽ, തുറമുഖത്തിന്റെ പ്രായോഗികതയും ചരക്കുലഭ്യതയും സംബന്ധിച്ച് അമേരിക്കയ്ക്ക് ആശങ്കകളുണ്ട്.
അതുകൊണ്ട് തന്നെ നിക്ഷേപമിറക്കാൻ മടിയുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. തൽക്കാലം പദ്ധതി ചർച്ചയ്ക്കെടുക്കാതെ അമേരിക്ക മാറിനിൽക്കുന്നതും അതുകൊണ്ടാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]