യുഎസ് ഷോർട്ട്സെല്ലറും ഓഹരി നിക്ഷേപ ഗവേഷണ സ്ഥാപനവുമായ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരെ തൊടുത്തുവിട്ട ആരോപണങ്ങളെല്ലാം തള്ളി സെബിയുടെ അന്വേഷണ റിപ്പോർട്ട്.
വിദേശത്ത് കടലാസ് കമ്പനികൾ സ്ഥാപിക്കുകയും അവ മുഖേന സ്വന്തം കമ്പനികളിൽതന്നെ നിക്ഷേപം നടത്തി ഓഹരിവില കൃത്രിമമായി പെരുപ്പിച്ചെന്നുമായിരുന്നു അദാനിക്കെതിരെ 2023 ജനുവരിയിൽ ഹിൻഡൻബർഗിന്റെ പ്രധാന ആരോപണം. പെരുപ്പിച്ച വിലയുള്ള ഓഹരികൾ ഈടുവച്ച് അദാനി അനധികൃതമായി വായ്പാനേട്ടം സ്വന്തമാക്കിയെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.
എന്നാൽ, ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവില്ലെന്ന് അന്വേഷണത്തിൽ ബോധമായതായി സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) വ്യക്തമാക്കി.
പ്രമോട്ടർമാരായ ഗൗതം അദാനി, രാജേഷ് അദാനി, ഗ്രൂപ്പ് കമ്പനികളായ അദാനി പോർട്സ്, അദാനി പവർ എന്നിവയ്ക്കുമേൽ പിഴയോ മറ്റ് നടപടികളോ സ്വീകരിക്കാനുള്ള സാധ്യതയും സെബി തള്ളി.
വിദേശ കമ്പനികളുമായി നടത്തിയ ഇടപാടുകൾ നിലവിലെ പ്രമോട്ടർമാർക്കിടയിൽതന്നെ നടന്ന ഇടപാടായി കണാനാവില്ലെന്ന് സെബി പറഞ്ഞു. ഓഹരികൾ ഈടുവച്ചെടുത്ത വായ്പകൾ പലിശയടക്കം അദാനി ഗ്രൂപ്പ് കൃത്യമായി തിരിച്ചടച്ചിട്ടുണ്ടെന്നും അതുകൊണ്ട് അവയും വായ്പാത്തട്ടിപ്പിന്റെ ഗണത്തിൽ വരില്ലെന്നും സെബി വ്യക്തമാക്കി.
After an exhaustive investigation, SEBI has reaffirmed what we have always maintained, that the Hindenburg claims were baseless.
Transparency and integrity have always defined the Adani Group. We deeply feel the pain of the investors who lost money because of this fraudulent…
മാപ്പു പറയണമെന്ന് ഗൗതം അദാനി
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച്, നിക്ഷേപകർക്ക് കടുത്ത വേദനയുണ്ടാക്കിയ ഹിൻഡൻബർഗ് രാജ്യത്തോട് മാപ്പുപറയണമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എക്സിലൂടെ ആവശ്യപ്പെട്ടു.
ആരോപണങ്ങൾ അവാസ്തവവും ദുരുദ്ദേശ്യപരവുമാണെന്ന അദാനി ഗ്രൂപ്പിന്റെ നിലപാടുകൾ ശരിവയ്ക്കുന്നതാണ് സെബിയുടെ റിപ്പോർട്ട്.
സുതാര്യത അദാനി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുടെ അടിത്തറയാണ്. തട്ടിപ്പുറിപ്പോർട്ടാണ് ഹിൻഡൻബർഗ് പുറത്തുവിട്ടത്.
നിക്ഷേപകർക്ക് അതുമൂലം അവരുടെ സമ്പാദ്യം നഷ്ടമായി. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചവർ മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു.
2023 ജനുവരിയിലായിരുന്നു ഇന്ത്യൻ രാഷ്ട്രീയ, സാമ്പത്തിക മേഖലകളെ ഞെട്ടിച്ച് ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ അദാനി ഗ്രൂപ്പിന് നേർക്കെത്തിയത്.
തൊട്ടുപിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾ തകർന്നടിഞ്ഞു. ഏകദേശം 12.5 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് ഒലിച്ചുപോയത്.
അദാനി ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ ഗൗതം അദാനിയുടെ ആസ്തിയിലും വൻ ഇടിവുണ്ടായി. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനെന്ന നേട്ടവും അദ്ദേഹത്തിന് നഷ്ടപ്പെട്ടു.
ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചെങ്കിലും ഇന്ത്യയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലെ പോരിനും ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തലുകൾ വഴിവച്ചു.
അദാനിക്കെതിരായ ആരോപണങ്ങളിന്മേൽ പിന്നീട് സെബി അന്വേഷണം തുടങ്ങി. വിഷയം സുപ്രീം കോടതിയിലും ഉന്നയിക്കപ്പെട്ടെങ്കിലും ഇവ ആരോപണങ്ങൾ മാത്രമാണെന്നും വ്യക്തമായ തെളിവില്ലെന്നുമാണ് കോടതിയും നിരീക്ഷിച്ചത്.
അദാനി ഗ്രൂപ്പിന്റെ ഓഹരിയിലും കടപ്പത്രങ്ങളിലും ഷോർട്ട്-സെല്ലിങ് നടത്തി ലാഭമുണ്ടാക്കാനാണ് ഹിൻഡൻബർഗ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് സെബി നേരത്തേയും ചൂണ്ടിക്കാട്ടിയിരുന്നു.
റിപ്പോർട്ട് പുറത്തുവിടും മുമ്പ് ന്യൂയോർക്ക് ആസ്ഥാനമായ ഹെഡ്ജ് ഫണ്ട് മാനേജർ മാർക്ക് കിങ്ഡണുമായി അവ ഹിൻഡൻബർഗ് പങ്കുവച്ചെന്നും റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപം വഴി ഹിൻഡൻബർഗ് ലാഭമുണ്ടാക്കിയെന്നും സെബി ആരോപിച്ചിരുന്നു.
ഓഹരികളിൽ വൻ കയറ്റം
സെബിയുടെ ക്ലീൻചിറ്റ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളെല്ലാം ഇന്നു മികച്ച നേട്ടത്തിലാണ്. അദാനി ടോട്ടൽ ഗ്യാസ് ഓഹരി ഒരുഘട്ടത്തിൽ 12 ശതമാനത്തിലധികം കുതിച്ചു.
നിലവിൽ ഇന്നത്തെ വ്യാപാരം ആദ്യ മണിക്കൂർ പിന്നിടുമ്പോൾ അദാനി ടോട്ടൽ ഗ്യാസിന്റെ നേട്ടം 8.79 ശതമാനത്തിലേക്ക് നിജപ്പെട്ടിട്ടുണ്ട്.
അദാനി എനർജി സൊല്യൂഷൻസ് 2.56%, അദാനി എന്റർപ്രൈസസ് 3.75%, അദാന ി ഗ്രീൻ എനർജി 2.8%, അദാനി പോർട്സ് 1.80%, അദാനി പവർ 7.18%, അംബുജ സിമന്റ് 0.20%, എസിസി 0.25% എന്നിങ്ങനെയും നേട്ടത്തിലാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]