
ന്യൂഡൽഹി∙ ജൈവ ഉത്തേജകങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയതിനു പിന്നാലെ വളം നിയന്ത്രണ ഉത്തരവിന്റെ പരിധിയിലേക്ക് കൂടുതൽ ഉൽപന്നങ്ങൾ കൂട്ടിച്ചേർത്ത് കേന്ദ്ര കൃഷിമന്ത്രാലയം വിജ്ഞാപനമിറക്കി. മണ്ണിൽ നേരിട്ടും തളിച്ചും പ്രയോഗിക്കാവുന്ന 101 ജൈവ ഉത്തേജകങ്ങളെയാണ് അംഗീകൃത ഉൽപന്നങ്ങളുടെ പട്ടികയിലുൾപ്പെടുത്തിയത്.
ഇതോടെ സർക്കാർ അംഗീകാരമുള്ള ജൈവ ഉത്തേജകങ്ങളുടെ എണ്ണം 146 ആയി. അംഗീകാരം ലഭിച്ചെങ്കിലും ഇവയുടെ ഉൽപാദനവും വിപണനവും തുടങ്ങണമെങ്കിൽ അതതു സംസ്ഥാന സർക്കാരുകളുടെ അനുമതികൂടി വേണം.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച്ചിന്റെ അംഗീകാരമുള്ള ജൈവ ഉത്തേജകങ്ങൾ മാത്രമേ രാജ്യത്തു വിൽപന നടത്താൻ അനുവദിക്കൂവെന്ന് മുൻപ് കൃഷിമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു.
നിയന്ത്രണങ്ങളില്ലാതിരുന്നതിനാൽ ഈ വിഭാഗത്തിൽ ഗുണമേൻമേയില്ലാത്ത 3000ലേറെ ഉൽപന്നങ്ങൾ വിപണിയിലെത്തി. സബ്സിഡി വളങ്ങൾക്കൊപ്പം ജൈവ ഉത്തേജകങ്ങൾ കർഷകരുടെമേൽ അടിച്ചേൽപിച്ചാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.
ഇന്നലെ കൃഷിമന്ത്രാലയത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ കാർഷികമേഖലയുമായി ബന്ധപ്പെട്ട വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നു മന്ത്രി നിർദേശിച്ചു.
ഇതിനായി സംസ്ഥാനങ്ങളിലുൾപ്പെടെ വ്യാപക റെയ്ഡുകൾ നടത്താനും പറഞ്ഞു.
വരൾച്ചാ മേഖലകളിലും മറ്റും വിളകൾ കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കാനും ഉൽപാദനശേഷി കൂട്ടാനുമാണ് ജൈവ ഉത്തേജകങ്ങൾ പ്രയോഗിക്കുന്നത്. ഹ്യൂമിക് പദാർഥങ്ങൾ, കടൽപായൽ സത്ത്, അമിനോ ആസിഡുകൾ തുടങ്ങിയവയാണ് സാധാരണ ജൈവ ഉത്തേജകങ്ങൾ.
പ്രതിവർഷം 6000 കോടിയിലേറെ രൂപയുടെ വിറ്റുവരവുള്ളതാണ് ഇന്ത്യയിലെ ജൈവ ഉത്തേജക വിപണി. 200ലേറെ നിർമാതാക്കൾ രംഗത്തുണ്ട്.
100ലേറെ ഉൽപന്നങ്ങളുടെ ഇറക്കുമതിയുമുണ്ട്. എന്നാൽ, കേന്ദ്രസർക്കാരിന്റെ കർശന വ്യവസ്ഥകൾ വിപണിയെ തകർക്കുന്നുവെന്നാണ് നിർമാതാക്കളുടെ പരാതി.
അതേസമയം, ഒട്ടേറെ ഉൽപന്നങ്ങളുടെ അംഗീകാരത്തിനുള്ള അപേക്ഷകൾ സർക്കാരിന്റെ പരിഗണന കാത്തുകിടക്കുകയാണെന്നു ബയളോജിക്കൽ അഗ്രി സൊലൂഷൻസ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഎസ്എഐ) സിഇഒ വിപിൻ സൈനി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]