
പ്രായമായവർ സുരക്ഷിതമായി നിക്ഷേപിക്കാനും സ്വസ്ഥമായി ജീവിക്കാനുമാണ് മുൻതൂക്കം നൽകുക. സുരക്ഷിതവും അതേ സമയം സ്ഥിരമായി കൈയിലെത്തുന്നതുമായ വരുമാനമാണ് അവർക്ക് അഭികാമ്യം, പ്രത്യേകിച്ചും സ്ഥിരനിക്ഷേപങ്ങൾ പോലെയുള്ളവ.
എന്നാൽ അടുത്ത കാലത്തായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയുന്നതിനാൽ അവർ അടുത്തമാർഗം നോക്കുകയാണ്. ഈ സാഹചര്യത്തിൽ അവർക്ക് അനുയോജ്യമായ നിക്ഷേപമാണ് മുതിർന്ന പൗരന്മാർക്കുള്ള സമ്പാദ്യപദ്ധതി (സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം– SCSS).
എന്താണ് പദ്ധതി?
60 വയസ് കഴിഞ്ഞ പൗരന്മാർക്കായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന പദ്ധതിയാണിത്.
പോസ്റ്റ് ഓഫീസുകളിലും തെരഞ്ഞെടുത്ത ബാങ്കുകളിലും പദ്ധതിയിൽ ചേരാം.
പദ്ധതിയിൽ ചേരാനുള്ള കുറഞ്ഞ തുക 1000 രൂപയും പരമാവധി തുക 30 ലക്ഷവുമാണ്. നിക്ഷേപിക്കുന്ന തുക ഒരു ലക്ഷം രൂപയിൽ കുറവാണെങ്കിൽ പണമായും ഒരു ലക്ഷത്തിലധികമാണെങ്കിൽ ചെക്ക് വഴിയും നിക്ഷേപിക്കാം.
പദ്ധതിയുടെ കാലാവധി 5 വർഷമാണ്. കാലാവധിയെത്തും മുമ്പ് തുക പിൻവലിക്കണമെങ്കിൽ ഫോം 2 പൂരിപ്പിച്ച് നൽകിയാൽ മതി.
ഇത്തരത്തിൽ ഒറ്റത്തവണയായി മുഴുവൻ തുകയും പിൻവലിക്കാനേ സാധിക്കൂ. നിക്ഷേപിച്ച് ഒരു വർഷത്തിനുള്ളിൽ പിൻവലിക്കുകയാണെങ്കിൽ പലിശ ലഭിക്കില്ല.
ഒരു വർഷം കഴിഞ്ഞ് രണ്ട് വർഷത്തിന് മുമ്പായി പിൻവലിക്കുകയാണെങ്കിൽ 1.5 ശതമാനവും രണ്ട് വർഷം കഴിഞ്ഞാണ് പിൻവലിക്കുന്നതെങ്കിൽ 1 ശതമാനവും പിഴ ഈടാക്കും. സാമ്പത്തിക വർഷത്തിന്റെ ഒരോ പാദത്തിലുമാണ് പദ്ധതിയുടെ പലിശ പുനർനിശ്ചയിക്കുന്നത്.
ഇതനുസരിച്ച് നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിലേക്കുള്ള ( ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ) പുതുക്കിയ പലിശ നിരക്ക് 8.2 ശതമാനമാണ്. നിക്ഷേപിക്കുന്ന 1.5 ലക്ഷം രൂപ വരെ 80 സി അനുസരിച്ചുള്ള ആനുകൂല്യമുണ്ട്.
എന്നാൽ പലിശയ്ക്ക് നികുതി ബാധകമാണ്.
എങ്ങനെ പദ്ധതി ആരംഭിക്കും
?
അടുത്തുള്ള പോസ്റ്റ് ഓഫീസിലോ ബാങ്ക് ശാഖയിലോ ചെന്ന് മുതിർന്ന പൗരന്മാർക്കുള്ള സമ്പാദ്യ പദ്ധതിയിൽ ചേരുന്നതിനുള്ള ഫോം ‘എ’ പൂരിപ്പിച്ചു നൽകുക. എത്ര തുകയാണ് നിക്ഷേപിക്കുന്നതെന്നും നോമിനിയുടെ വിവരങ്ങളും ഫോമിൽ വ്യക്തമാക്കിയിരിക്കണം. ആധാർ, പാൻ, ഫോട്ടോ എന്നിവയും നൽകണം.
തുകയും നൽകിയാൽ വേരിഫിക്കേഷനു ശേഷം അക്കൗണ്ട് ആരംഭിക്കും. ജീവിത പങ്കാളിയെ ഉൾപ്പെടുത്തി ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]