
സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്റെ മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റിൽ (എംസിഎൽആർ) നേരിയ ഇളവു വരുത്തി. ജൂലൈ 20ന് പ്രാബല്യത്തിൽ വരുന്നവിധം 0.05% കുറവാണ് വരുത്തിയത്.
ജൂൺ 20നും 0.05% കുറച്ചിരുന്നു.
എംസിഎൽആർ ബാധകമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവുതുകയും (ഇഎംഐ) ആനുപാതികമായി കുറയുമെന്നത് ഇടപാടുകാർക്ക് നേട്ടമാകും. വിവിധ തിരിച്ചടവ് കാലാവധിക്ക് അനുസൃതമായ പുതുക്കിയ നിരക്കുകൾ ഇങ്ങനെ:
(ബ്രായ്ക്കറ്റിൽ നിലവിലെ നിരക്ക്)
∙ ഓവർനൈറ്റ് : 7.60% (7.65%)
∙ ഒരുമാസം : 8.25% (8.30%)
∙ മൂന്നു മാസം : 9.55% (9.60%)
∙ 6 മാസം : 9.60% (9.65%)
∙ ഒരുവർഷം : 9.70% (9.75%)
എന്താണ് എംസിഎൽആർ?
ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നാണ് എംസിഎൽആർ.
ഇതിലും കുറഞ്ഞനിരക്കിൽ വായ്പകൾ അനുവദിക്കാൻ ബാങ്കുകളെ ചട്ടം അനുവദിക്കുന്നില്ല. 2016ലാണ് റിസർവ് ബാങ്ക് എംസിഎൽആർ അവതരിപ്പിച്ചത്.
റിസർവ് ബാങ്കിന്റെ റീപ്പോനിരക്ക്, ബാങ്കുകളുടെ പ്രവർത്തനച്ചെലവ്, കരുതൽ ധന അനുപാതം (സിആർആർ), വായ്പയുടെ കാലാവധി തുടങ്ങിയവ വിലയിരുത്തിയാണ് എംസിഎൽആർ നിർണയം. ഓരോ ബാങ്കിലും ഇതു വ്യത്യാസപ്പെട്ടിരിക്കും.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലാഭത്തിൽ കുതിപ്പ്
സൗത്ത് ഇന്ത്യൻ ബാങ്ക് നടപ്പുവർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 9.46% വളർച്ചയോടെ 322 കോടി രൂപ ലാഭം നേടിയിരുന്നു.
പ്രവർത്തനലാഭം 32.41% ഉയർന്ന് 672.20 കോടി രൂപയായി. ബാങ്കിന്റെ മൊത്തം ബിസിനസ് രണ്ടുലക്ഷം കോടി രൂപയെന്ന നാഴിക്കക്കല്ല് പിന്നിട്ട് റെക്കോർഡും കുറിച്ചു.
2.02 ലക്ഷം കോടി രൂപയാണ് മൊത്തം ബിസിനസ്. കഴിഞ്ഞ മാർച്ചിൽ ഇതു 1.95 ലക്ഷം കോടി രൂപയായിരുന്നു.
∙ ബാങ്കിന്റെ മൊത്തം വായ്പകൾ 8% ഉയർന്ന് 89,198 കോടി രൂപയായി.
∙ മൊത്തം നിക്ഷേപം 1.03 ലക്ഷം കോടി രൂപയിൽ നിന്നുയർന്ന് 1.12 ലക്ഷം കോടി രൂപയിലെത്തി. ∙ റീട്ടെയ്ൽ നിക്ഷേപം 9.65 ശതമാനവും എൻആർഐ നിക്ഷേപം 7.27 ശതമാനവും ഉയർന്നു.
∙ കാസ നിക്ഷേപത്തിലെ വളർച്ച 9.06%
കിട്ടാക്കടത്തിൽ വൻ കുറവ്
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വായ്പകളിൽ വ്യക്തിഗത വായ്പ 26%, വാഹന വായ്പ 27%, ഭവന വായ്പ 66%, സ്വർണപ്പണയ വായ്പ 7% എന്നിങ്ങനെ വളർച്ച ജൂൺപാദത്തിൽ കുറിച്ചു.
∙ കിട്ടാക്കട അനുപാതം അഥവാ മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) കഴിഞ്ഞവർഷത്തെ സമാനപാദത്തിലെ 4.50 ശതമാനത്തിൽ നിന്ന് 3.15 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 1.44ൽ നിന്ന് 0.68 ശതമാനത്തിലേക്കും കുറയ്ക്കാനായത് ബാങ്കിനു വൻ നേട്ടമാണ്.
∙ പ്രവർത്തനക്ഷമതയുടെ അളവുകോലുകളിലൊന്നായ മൂലധന പര്യാപ്തതാ അനുപാതം (സിആർഎആർ) 18.11ൽ നിന്ന് 19.48 ശതമാനമായി ഉയർന്നു. ∙ വെള്ളിയാഴ്ച സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് എൻഎസ്ഇയിൽ 2.55% താഴ്ന്ന് 29.85 രൂപയിൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]