
ദൈനംദിന പ്രവർത്തനങ്ങൾക്ക് രാജ്യാന്തര നാണയനിധിയുടെ രക്ഷാപ്പാക്കേജിനായി കൈനീനീട്ടിയ പാക്കിസ്ഥാന് രാജ്യാന്തരതലത്തിൽ മറ്റൊരു നാണക്കേട്. വീസ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി രാജ്യത്തു തങ്ങുകയും ഭിക്ഷയെടുക്കുകയും ചെയ്തതിന് സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെ രാജ്യങ്ങൾ 2024 ജനുവരി മുതൽ ഇതിനകം സ്വന്തംനാട്ടിലേക്ക് മടക്കി അയച്ചത് 5,000ലേറെ പാക്കിസ്ഥാനികളെ. 2024ൽ 4,850 പേരെയും 2025ൽ ഇതുവരെ 552 പേരെയുമാണ് മടക്കി അയച്ചത്.
സൗദി അറേബ്യ, യുഎഇ, മലേഷ്യ, ഒമാൻ, ഇറാക്ക്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ചേർന്ന് ആകെ 5,402 പാക്കിസ്ഥാനികളെ നാടുകടത്തി. 2024ൽ 4,498 പേരെയും തിരിച്ചയച്ചത് സൗദിയാണ്. 242 പേരെ തിരിച്ചയച്ച ഇറാക്കാണ് രണ്ടാമത്. 2025ൽ 535 പേരെ തിരിച്ചയച്ചതും സൗദിയാണ്. ഇക്കാര്യം സ്ഥിരീകരിച്ച പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, പ്രശ്നം ഗുരുതരമാണെന്നും ഇങ്ങനെപോയാൽ പാക്കിസ്ഥാനികൾക്ക് മറ്റു രാജ്യങ്ങളുടെ വീസ കിട്ടാൻ പ്രയാസമാകുമെന്നും അഭിപ്രായപ്പെട്ടു.
ഏതാണ്ട് 2.2 കോടിയോളം പാക്കിസ്ഥാനികൾ ഭിക്ഷയാചിച്ചാണ് കഴിയുന്നതെന്നും ഓരോ വർഷവും 42 ബില്യൻ ഡോളറാണ് (ഏകദേശം 3.5 ലക്ഷം കോടി രൂപ) ഇവർ സമാഹരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലോകത്ത് അറസ്റ്റ് ചെയ്യപ്പെടുന്ന ഭിക്ഷക്കാരിൽ 90 ശതമാനവും പാക്കിസ്ഥാനികളാണെന്ന് 2023ൽ പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി സുൽഫിക്കൽ ഹൈദറും അഭിപ്രായപ്പെട്ടിരുന്നു. തീർഥാടന വീസ നേടി സൗദി, ഇറാൻ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലെത്തുന്നവരാണ് മടങ്ങിവരാതെ ഭിക്ഷാടനത്തിലേക്ക് കടക്കുന്നത്.
പാക്കിസ്ഥാൻ ഭിക്ഷയെടുത്ത് ജീവിക്കുന്ന രാജ്യമായി മാറിക്കഴിഞ്ഞെന്ന് കഴിഞ്ഞദിവസം ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും പരിഹസിച്ചിരുന്നു. ഐഎംഎഫിൽ നിന്ന് രക്ഷാപ്പാക്കേജ് പാക്കിസ്ഥാൻ നേടിയ പശ്ചാത്തലത്തിലായിരുന്നു രാജ്നാഥ് സിങ്ങിന്റെ വാക്കുകൾ.
പാക്കിസ്ഥാനിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും എൻജിനിയറിങ് പഠിച്ച പതിനായിരങ്ങൾ പോലും തൊഴിലില്ലാതെ പ്രയാസപ്പെടുകയാണെന്നും പാക്കിസ്ഥാനി സെനറ്റർ റാണാ മഹ്മുദുൽ ഹസൻ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ‘മനുഷ്യക്കടത്ത്’ മാർഗത്തിലൂടെ പലരും വിദേശത്തേക്ക് പോകുന്നു. ഇവരിൽ പലരും ഭിക്ഷാടനത്തിലേക്കും കടക്കുന്നു. ‘‘ഇന്ത്യ ചന്ദ്രനിലെത്തി, നമ്മൾ ഓരോ ദിവസവും പ്രതിസന്ധിയിലേക്കും’’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Pakistan’s Begging Crisis: Minister Confirms $40 Billion Industry as Thousands Deported for Begging Abroad
mo-news-world-countries-pakistan 7b5u0asnb4ajbetj7ekifgf144 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-news-world-internationalorganizations-imf