
കഴിഞ്ഞയാഴ്ച യുഎസ് ബോണ്ട് വിപണിയില്‍ സംഭവിച്ചത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും കൂട്ടര്‍ക്കും വലിയ ഒരു ആഘാതവും ഓര്‍മപ്പെടുത്തലുമായിരുന്നു. ആഗോളവല്‍ക്കൃത യുഗത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള പൊതുധാരണകളെയും വ്യാപാരംരംഗത്ത് പാലിക്കപ്പെടുന്ന പൊതുനിയമങ്ങളെയും ചോദ്യം ചെയ്യുകയും ഒരു രാത്രി കൊണ്ട് എല്ലാം മാറ്റിമറിക്കാമെന്ന് കരുതുകയും ചെയ്ത് ഒരു ലോക നേതാവ് ഇറങ്ങിപ്പുറപ്പെട്ടാല്‍ അത് ബൂമറാംങ് ആയി തിരിച്ചടിക്കുമെന്ന ഓര്‍മപ്പെടുത്തല്‍.
ലോക രാജ്യങ്ങളുടെ മേല്‍ അമിത തീരുവ അടിച്ചേല്പ്പിക്കുന്നതു വഴിയുണ്ടാകുന്ന ആശയക്കുഴപ്പവും അനിശ്ചിതത്വവും ഓഹരി വിപണിയില്‍ തിരുത്തലിന് വഴിവയ്ക്കുമെന്നതിനെ കുറിച്ച് ട്രംപിനും കൂട്ടര്‍ക്കും ബോധ്യമുണ്ടായിരുന്നു. അവര്‍ അതിന് മാനസികമായി തയാറെടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഓഹരി വിപണിയിലെ തിരുത്തലിനെ കാര്യമാക്കുന്നില്ലെന്ന മട്ടില്‍ ട്രംപ് പ്രതികരിച്ചത്. എന്നാല്‍ ബോണ്ട് വിപണി ട്രംപിനും കൂട്ടര്‍ക്കും നല്കിയ ആഘാതം അപ്രതീക്ഷിതമായിരുന്നു.
ബോണ്ടുകള്‍ നിക്ഷേപകര്‍ കൂട്ടമായി വിറ്റപ്പോള്‍ യുഎസ് ട്രഷറി യീല്‍ഡ് അര ശതമാനമാണ് ഇടിഞ്ഞത്. ഡോളര്‍ സൂചിക 100ന് താഴേക്ക് പതിക്കുകയും ചെയ്തു. ഈ അപ്രതീക്ഷിത നീക്കം ട്രംപിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുവെന്നതാണ് സത്യം.
നഷ്ടമായത് വിശ്വാസം
ഓഹരി വിപണിയില്‍ ഉണ്ടാകുന്ന പൊടുന്നനെയുള്ള തിരുത്തലുകള്‍ പോലെയല്ല ബോണ്ട് വിലയിലെ ഇടിവ്. സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളായി കരുതപ്പെടുന്ന ഡോളറിലും യുഎസ് ട്രഷറിയിലുമുള്ള നിക്ഷേപകരുടെ വിശ്വാസമാണ് പൊടുന്നനെ ഇടിഞ്ഞുപോയത്.
ട്രംപിന്റെ തീരുവ യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ രണ്ടായിരുന്നു. ഒന്ന്, തൊഴിലുകള്‍ യുഎസിലേക്ക് തിരിച്ചുകൊണ്ടുവരിക. രണ്ട്, ഇറക്കുമതി കുറയ്ക്കുന്നതിലൂടെ വ്യാപാര കമ്മി (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം) കുറച്ചുകൊണ്ടുവരിക.
അതേ സമയം ഒരു കാര്യം ട്രംപ് കാണാതെ പോയി. യുഎസിന്റെ ബജറ്റ് കമ്മി (നിലവില്‍ അത് 1.3 ലക്ഷം കോടി ഡോളറാണ്) നികത്താന്‍ ഡോളര്‍ അച്ചടിച്ചും ട്രഷറി ബോണ്ടുകള്‍ വിറ്റുമാണ് പണം കണ്ടെത്തുന്നത്. ജപ്പാന് കഴിഞ്ഞാല്‍ യുഎസ് ബോണ്ടുകള്‍ ഏറ്റവും കൂടുതല്‍ കൈവശം വയ്ക്കുന്നത് ട്രംപ് നമ്പര്‍ വണ്‍ വ്യാപാര ശത്രു ആയി കാണുന്ന ചൈനയാണ്. യുഎസ് ബോണ്ടുകള്‍ വിറ്റൊഴിയുമെന്ന് ചൈന ഒരു സൂചനയെങ്കിലും നല്കിയാല് ആഗോള ബോണ്ട് വിപണിയില്‍ സംഭവിക്കുന്നത് കേവലം തിരുത്തലായിരിക്കില്ല, വന്തകര്ച്ചയായിരിക്കും.
ബോണ്ടുകള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍
കഴിഞ്ഞയാഴ്ച തുടക്കത്തില്‍ വ്യാപാര യുദ്ധത്തിന്റെ പോര്‍മുഖത്ത് വലിയ വെല്ലുവിളികളുമായി നിലകൊണ്ട ട്രംപിന് വാരാന്ത്യമായപ്പോഴേക്കും ശബ്ദം മയപ്പെടുത്തേണ്ടി വന്നതില്‍ അത്ഭുതമില്ല. താന്‍ തുടങ്ങിവച്ച യുദ്ധം ഏറ്റവും കൂടുതല്‍ കെടുതികള്‍ ഉണ്ടാക്കുന്നത് തന്റെ രാജ്യത്തെ സമ്പദ്വ്യവസ്ഥയില് തന്നെയായിരിക്കുമെന്ന് അയാള്‍ തിരിച്ചറിയാന്‍ നിര്‍ബന്ധിതനായി. ഫോണുകളും ലാപ്ടോപുകളും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളെ അധിക തീരുവയില്‍ നിന്ന് ഒഴിവാക്കി. ചൈനയെ രമ്യതയിലെത്തിക്കുന്നതിനും വീണ്ടും ചര്‍ച്ചയുടെ വഴിയേ തിരികെ കൊണ്ടുവരാനുമുള്ള നീക്കം കൂടിയാണ് അത്.
ട്രംപിന് ലഭിച്ച സന്ദേശം വ്യക്തമാണ്: ഓഹരി വിപണിയിലെ മുറവിളികളെ നിങ്ങള്‍ക്ക് അവഗണിക്കാനായേക്കാം. പക്ഷേ ബോണ്ടുകള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ.. നിങ്ങള്‍ക്കെന്നല്ല ഏതൊരു ലോകനേതാവിനും ബോണ്ട് വിപണിയിലെ പ്രത്യാഘാതങ്ങളെ അവഗണിച്ചുകൊണ്ട് ഒരു തീരുമാനവുമായും മുന്നോട്ടുപോകാനാകില്ല.
(ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ലേഖകന്‍)