
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ കൂടുകയാണ്. ഇതിൽ അടുത്ത യുദ്ധക്കളം വാൾസ്ട്രീറ്റ് ആകാം എന്ന സൂചനകൾ രാജ്യാന്തര മാധ്യമങ്ങൾ നൽകുന്നു. ചൈനയുടെ ബോണ്ട് വില്പന അമേരിക്കൻ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയതിന് തിരിച്ചടി നൽകാൻ അമേരിക്കൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ചൈനീസ് കമ്പനികളുടെ ഓഹരികൾ ട്രംപ്, ഡീലിസ്റ്റ് ചെയ്യുന്നതിനുള്ള സാധ്യത ഉണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം.
ഹോൾഡിങ് ഫോറിൻ കമ്പനീസ് അക്കൗണ്ടബിൾ ആക്ട് അനുസരിച്ച് ആദ്യമായല്ല ട്രംപ് ചൈനീസ് ഓഹരികൾ ഡീലിസ്റ്റ് ചെയ്യുന്നത്. 2020 ൽ ചൈനയുടെ സൈന്യത്തെ സഹായിച്ചതായി അമേരിക്ക പറഞ്ഞ ചില ചൈനീസ് കമ്പനികളിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് അമേരിക്കക്കാരെ വിലക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു.
ട്രംപിന്റെ ആദ്യ ടേമിൽ 2020 ൽ ഒപ്പുവച്ച ഹോൾഡിങ് ഫോറിൻ കമ്പനീസ് അക്കൗണ്ടബിൾ ആക്ട് പ്രകാരം അദ്ദേഹത്തിന് കമ്പനികളെ ഡീലിസ്റ്റ് ചെയ്യാൻ കഴിയും. 2021ന്റെ തുടക്കത്തിൽ ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിന് മുമ്പ്, നിയമം പാലിക്കുന്നതിനായി ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് മൂന്ന് ചൈനീസ് കമ്പനികളെ( ചൈന ടെലികോം, ചൈന മൊബൈൽ, ചൈന യൂണികോം) ഡീലിസ്റ്റ് ചെയ്തിരുന്നു.
ഡീലിസ്റ്റ് ചെയ്താൽ എന്ത് പറ്റും?
മാർച്ച് 7 വരെയുള്ള കണക്കനുസരിച്ച്, പ്രധാന യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ 286 ചൈനീസ് കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പലതും ചെറുതും അത്ര അറിയപ്പെടാത്തതുമായ സ്ഥാപനങ്ങളാണ്.
ഡീലിസ്റ്റിങ് സമയമെടുക്കുകയും ആഗോള വിപണികളിൽ ഗുരുതരമായ അലയൊലികൾ സൃഷ്ടിക്കുകയും ചെയ്യും.
ആലിബാബ, ബൈഡു പോലുള്ള വലിയ ചൈനീസ് ഓഹരികളെ യുഎസ്-ചൈന വ്യാപാര യുദ്ധം രൂക്ഷമായതിനെ അമേരിക്കൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്ന് പ്രസിഡന്റ് ട്രംപ് ഡീലിസ്റ്റ് ചെയ്തേക്കാം എന്ന സൂചനകൾ വന്നിരുന്നു. ഇതിനെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഡീലിസ്റ്റിങ് സംബന്ധിച്ച് പറയുകയും ചെയ്തു.
ഗോൾഡ്മാൻ സാക്സ് പറയുന്നത്
ഗോൾഡ്മാൻ സാക്സിലെ തന്ത്രജ്ഞർ, ലിസ്റ്റിങ് ഒഴിവാക്കലിനെ “ഒരു അങ്ങേയറ്റത്തെ സാഹചര്യം” എന്നാണ് വിശേഷിപ്പിക്കുന്നത്. ട്രംപോ എക്സ്ചേഞ്ചുകളോ ലിസ്റ്റിങുകൾ നിരോധിച്ചാൽ, ചൈനീസ് കമ്പനികളിലെ ഏകദേശം 80000 കോടി ഡോളറിന്റെ എഡിആർ ഹോൾഡിങുകൾ യുഎസ് നിക്ഷേപകർ ലിക്വിഡേറ്റ് ചെയ്യേണ്ടിവരുമെന്ന് ഏഷ്യൻ ആസ്ഥാന ഗോൾഡ്മാൻ സാക്സ് തന്ത്രജ്ഞർ കണക്കാക്കുന്നു.
ആലിബാബയ്ക്കും ബൈഡുവിനും പുറമേ, കൈവശം വച്ചിരിക്കുന്ന മറ്റ് ചൈനീസ് കമ്പനികളും ഡി ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. ഓഹരികൾ മാത്രമല്ല ഇ ടി എഫുകളും ഇത്തരം ഒരു സാഹചര്യമുണ്ടായാൽ താഴേക്ക് പതിക്കാം.
നിക്ഷേപം പിൻവലിക്കാൻ ചൈന പൗരന്മാരോട് ആവശ്യപ്പെടാനും സാധ്യതയുണ്ട് എന്നൊരു മറുപുറവും ഇതിനുണ്ട്.
യുഎസ് എക്സ്ചേഞ്ചുകളിൽ നിന്ന് പണം പിൻവലിക്കാൻ ബീജിങ് ചൈനീസ് നിക്ഷേപകരോട് ഉത്തരവിട്ടാൽ ആ സംഖ്യ വളരെ വലുതായിരിക്കും. 37000 കോടി ഡോളർ, ഏകദേശം ഡെൻമാർക്കിന്റെയോ ഈജിപ്തിന്റെയോ ജിഡിപിക്ക് തുല്യമായിരിക്കും അത്. എന്നാൽ ചൈനയോ അമേരിക്കയോ, ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കടക്കില്ലെന്ന് നിക്ഷേപ വിദഗ്ധൻ ഡേവിഡ് ഹാർഡൻ വിശ്വസിക്കുന്നു.
എന്നാൽ, ചൈനീസ് ഓഹരികളിൽ പുതിയതായി നിക്ഷേപം നടത്തുന്നതിൽ നിക്ഷേപകർ ജാഗ്രത പാലിക്കണം” എന്ന് ഹാർഡൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.അമേരിക്ക ‘മദർ മാർക്കറ്റ്’ എന്ന നിലയിൽ ആയതിനാൽ അവിടത്തെ ഓഹരി വിപണിയിലെ മാറ്റങ്ങൾ എല്ലാം തന്നെ മറ്റ് രാജ്യങ്ങളിലെ ഓഹരി വിപണികളിലും പെട്ടെന്ന് പ്രതിഫലിക്കും എന്നൊരു പ്രശ്നവുമുണ്ട്.