സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ തുടർന്ന് സ്വർണവില. ഗ്രാമിന് 8,945 രൂപയിലും പവന് 71,560 രൂപ നിരക്കിലുമാണ് രണ്ട് ദിവസമായി  വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രിൽ 17 ന് സംസ്ഥാനത്തും, ദേശീയ രാജ്യാന്തര തലങ്ങളിലും സ്വർണ വില റെക്കോർഡ് തിരുത്തിയിരുന്നു. രാജ്യാന്തര സ്വർണവില 3341 ഡോളറിലേക്ക് എത്തിയതോടെയാണ് സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തിയത്. പവന് 840 രൂപ ഒറ്റയടിക്ക് വർധിച്ച് ഏപ്രിൽ 17 ന് സ്വർണവില ആദ്യമായി 71,000  കടന്നു. 

മാന്ദ്യ ഭീതി സ്വർണത്തിന് തുണയാകുന്നു

രാജ്യാന്തര വിപണിയിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം അനുദിനം വഷളാകുന്നതാണ് സ്വർണത്തിന് ഡിമാൻഡ് കൂട്ടുന്നത്. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ ചൈനയ്ക്കെതിരെ ട്രംപ് താരിഫ് നിരക്ക് 245 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇത് മാന്ദ്യ ഭീതി ഉയര്‍ത്തുന്നതും ഡോളറിനെ ദുര്‍ബലമാക്കുന്നതും സ്വര്‍ണത്തിന്‍റെ മുന്നേറ്റത്തിന് ആക്കം കൂട്ടുന്നു.

ഇന്നലെ സംസ്ഥാനത്ത് പല വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്.  ഇത് ഉപഭോക്താക്കളെയും വ്യാപാരികളെയും ആശയകുഴപ്പത്തിൽ ആക്കിയിരുന്നു. നിരക്ക് ഇന്നും അതേ  അനിശ്ചിതത്വത്തിൽ തുടരുകയാണ്. കേരളത്തിൽ വിലകുറക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിൽ ഒന്നായ ബോംബെ വിപണിയിലെ നിരക്ക് കുറയാതെ നിന്നതിനാലാണ് വില ഉയർത്തിയതെന്നും, എന്നാൽ രാജ്യാന്തര വിപണി അടിസ്ഥാനമാക്കിയാണ് വിലയിൽ മാറ്റമില്ലാതെ തുടർന്നതെന്നും ഇരു വിഭാഗത്തിലെയും വ്യാപാരി അസോസിയേഷൻ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇന്ന് രാജ്യാന്തര വിപണികൾ അവധിയായതിനാലാണ് നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നത്.

English Summary:

Gold prices hit a record high in Kerala and remain unchanged, fueled by the escalating US-China trade war and weakening dollar. The price per gram is ₹8,945 and per sovereign is ₹71,560. Uncertainty in the market continues