ഇറാനെതിരായ യുദ്ധത്തിൽ യുഎസിനും ‘മുറിവേൽക്കുന്നു’. എണ്ണവില കുതിച്ചുകയറുന്നതിന്റെ ആഘാതം യുഎസിലേക്കും വീശിത്തുടങ്ങിയതോടെ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കേണ്ടെന്ന നിലപാടെടുത്ത് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്.
പലിശനിരക്ക് കുറച്ചില്ലെന്ന് മാത്രമല്ല, പണപ്പെരുപ്പം വരുംമാസങ്ങളിൽ കൂടുമെന്ന വിലയിരുത്തലും ഫെഡറൽ റിസർവിൽ നിന്നുണ്ടായത് പ്രസിഡന്റ് ട്രംപിന് വൻ തിരിച്ചടിയാണ്.
പലിശനിരക്ക് കുറയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു ട്രംപ്. എണ്ണവില വർധനയുടെ ആഘാതം അമേരിക്കയും അറിഞ്ഞുതുടങ്ങിയതോടെ, വിലക്കയറ്റത്തിന്റെ ആക്കംകുറയ്ക്കാനും എണ്ണലഭ്യത തടസ്സമില്ലാതെ നിലനിർത്താനുമായി ട്രംപ് ‘ജോൺസ് ആക്ട്’ 60 ദിവസത്തേക്ക് മരവിപ്പിച്ചു.
യുഎസിലേക്ക് എണ്ണയുൾപ്പെടെയുള്ള ഊർജോൽപന്നങ്ങൾ യുഎസ് കപ്പലുകളിൽ മാത്രമേ എത്തിക്കാവൂ എന്ന നിയമമാണിത്. 1920ൽ പ്രസിഡന്റ് ആയിരിക്കേ വൂഡ്രോ വിൽസൺ കൊണ്ടുവന്ന നിയമമാണിത്.
ഇറാനെതിരെ ഖത്തർ
ഖത്തറിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി കേന്ദ്രം സ്ഥിതിചെയ്യുന്ന റാസ് ലാഫൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാന്റെ മിസൈലാക്രമണം കനത്ത നാശനഷ്ടമുണ്ടാക്കിയെന്ന് ഖത്തർ വ്യക്തമാക്കി.
ഇറാന്റെ ഭാഗത്തുനിന്നുണ്ടായത് ഖത്തറിന്റെ പരമാധികാത്തിന്മേലുള്ള ആക്രമണമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പ്രതിരോധിക്കാനും തിരിച്ചടിക്കാനും ഖത്തറിന് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
തകർന്ന് അമേരിക്കൻ വിപണി
യുഎസിൽ യുദ്ധക്കെടുതിയുടെ ആഘാതമെത്തും മുൻപേതന്നെ പണപ്പെരുപ്പം കത്തിക്കയറിയിട്ടുണ്ട്.
ഫെഡറൽ റിസർവിന്റെ നിയന്ത്രണപരിധിയും ഇതു ലംഘിച്ചു. ഇന്നലെ ചേർന്ന പണനയ നിർണയ സമിതി (എഫ്ഒഎംസി) ഇതോടെ പലിശനിരക്ക് കുറയ്ക്കേണ്ടെന്ന് തീരുമാനിച്ചു.
∙ 3.5-3.75 ശതമാനത്തിലാണ് അടിസ്ഥാന പലിശനിരക്ക് നിലനിർത്തിയത്.
പലിശഭാരം കുറയ്ക്കാതിരുന്നതും യുദ്ധക്കെടുതിമൂലം അമേരിക്കയിൽ പണപ്പെരുപ്പം ഇനിയും കൂടുമെന്ന വിലയിരുത്തലും ഓഹരി വിപണിക്ക് ആഘാതമായി.
പണപ്പെരുപ്പ അനുമാനം നേരത്തേ വിലയിരുത്തിയ 2.5 ശതമാനത്തിൽ നിന്ന് 2.7 ശതമാനത്തിലേക്ക് യുഎസ് ഫെഡ് ഉയർത്തി.
∙ യുഎസ് ഓഹരി വിപണിയിൽ ഡൗ ജോൺസ് 1.63% (-768.11 പോയിന്റ്) ഇടിഞ്ഞ് 46,225.15ൽ എത്തി. 2026ലെ ഏറ്റവും മോശം ക്ലോസിങ് പോയിന്റാണിത്.
∙ ഈ വർഷം ഇതിനകം 5 ശതമാനത്തിലേറെ ഇടിഞ്ഞ ഡൗ, 2022ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലേക്കാണ് നീങ്ങുന്നതും. ∙ എസ് ആൻഡ് പി500 സൂചിക 1.36%, നാസ്ഡാക് 1.46% എന്നിങ്ങനെയും ഇടിഞ്ഞു.
ഏഷ്യൻ, ഇന്ത്യൻ ഓഹരി വിപണികളും ഇന്നു തളരുമെന്ന സൂചനയാണ് അമേരിക്കൻ വിപണി നൽകുന്നത്.
കൂപ്പുകുത്തി സ്വർണം, കുതിച്ച് എണ്ണവില
യുഎസിൽ പലിശനിരക്ക് നിലനിർത്തിയ തീരുമാനത്തിന് പിന്നാലെ യുഎസ് ഡോളർ ഇൻഡക്സ് 0.66% കുതിച്ച് 100.23ൽ എത്തി. ഏറെക്കാലത്തിനു ശേഷമാണ് ഡോളർ ഇൻഡക്സ് 100 കടന്നത്.
യുഎസ് ട്രഷറി യീൽഡും ഉയരുകയാണ്.
∙ ഡോളർ വീണ്ടും കരുത്ത് നേടിയതോടെ സ്വർണം വീഴ്ച തുടങ്ങി. രാജ്യാന്തര സ്വർണവില ഒരുവേള ഒൺസിന് 4,808 ഡോളറിലേക്കാണ് കൂപ്പുകുത്തിയത്.
∙ ഇപ്പോൾ നഷ്ടം അൽപം നികത്തി 4,833 ഡോളറിൽ എത്തി.
കേരളത്തിൽ ഇന്നും വില വലിയതോതിൽ കുറയുമെന്ന പ്രതീക്ഷ ഇതു നൽകുന്നു.
അതേസമയം, യുദ്ധപശ്ചാത്തലത്തിൽ എണ്ണവില തകർപ്പൻ മുന്നേറ്റം വീണ്ടെടുത്തു. ഇറാന്റെ ഉന്നത നേതാക്കളെ ഇസ്രയേൽ തിരഞ്ഞുപിടിച്ച് വധിച്ചുതുടങ്ങിയതും പ്രതികാരമെന്നോണം ഇറാൻ ഗൾഫ് രാജ്യങ്ങളിലാകെ ആക്രമണം കടുപ്പിച്ചതും എണ്ണവില കുതിക്കാനിടയാക്കി.
∙ എണ്ണ ഉൽപാദന കേന്ദ്രങ്ങളും ആക്രമിക്കപ്പെടുന്നത് ഉൽപാദനത്തെയും വിതരണത്തെയും ബാധിക്കുന്നു. ഹോർമുസ് കടലിടുക്ക് ഇറാൻ പൂട്ടിയതും വിതരണം ഏറക്കുറെ സ്തംഭിപ്പിച്ചു.
∙ ഇറാനിലെ ബുഷഹ്ർ ആണവ നിലയത്തിന് യുദ്ധത്തിൽ കേടുപാട് പറ്റിയെന്നും അതീവ ജാഗ്രത വേണമെന്നും ഇന്റർനാഷനൽ ആറ്റോമിക് ഏജൻസി (ഐഇഎ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
∙ യുഎസ് ക്രൂഡ് വില (ഡബ്ല്യുടിഐ) ബാരലിന് ഇന്നു രാവിലെയുള്ളത് ബാരലിന് 2.69% ഉയർന്ന് 98.91 ഡോളറിൽ. ബ്രെന്റ് ക്രൂഡ് വില 3.83% വർധിച്ച് 107.4 ഡോളറിലുമെത്തി.
ഇന്ത്യയിലേക്കും ആശങ്ക
ക്രൂഡ് ഓയിൽ വില കുത്തനെ കൂടുന്നത് ഏറ്റവുമധികം ബാധിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും ചൈനയും ജപ്പാനും പാക്കിസ്ഥാനുമെല്ലാം.
ഇന്ത്യൻ ഓഹരി വിപണിക്കും രൂപയ്ക്കും ഇതു സമ്മർദമാകും. ഇന്നലെതന്നെ രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും മോശം മൂല്യമായ 92.62ൽ എത്തിയിരുന്നു.
ഇന്നും തളർന്നേക്കാം.
∙ സെൻസെക്സും നിഫ്റ്റിയും ഇന്നലെ മികച്ച നേട്ടമാണ് കുറിച്ചത്. സെൻസെക്സ് 633 പോയിന്റ് ഉയർന്ന് 76,704ലും നിഫ്റ്റി 196 പോയിന്റ് നേട്ടവുമായി 23,777ലും എത്തി.
ഇന്ന് പ്രതികൂല ട്രെൻഡിനാണ് സാധ്യത. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

