യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ സ്വീകരിക്കുന്ന താരിഫ് നിലപാടുകളിൽ രൂക്ഷ വിമര്ശനവുമായി അമേരിക്കൻ ജനപ്രതിനിധി. ഇന്ത്യയ്ക്കെതിരെ തീരുവ ചുമത്താൻ ട്രംപ് കാരണങ്ങൾ കണ്ടെത്തുകയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവു കൂടിയായ ബ്രാഡ് ഷെർമൻ ആരോപിച്ചു.
അമേരിക്കയുടെ സഖ്യകക്ഷിയായ ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന തീരുവ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കൻ ജനപ്രതിനിധി സഭയിലെ മുതിർന്ന അംഗമാണ് ഷെർമൻ.
ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ എതിർത്തവരിൽ പ്രധാനി കൂടിയാണ് ഇദ്ദേഹം.
റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയുടെ മേൽ മാത്രം തീരുവ ചുമത്തുന്നതിലെ ഇരട്ടത്താപ്പും ഷെർമൻ ചോദ്യം ചെയ്യുന്നുണ്ട്. ഉപരോധം മറികടന്ന് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് കൊണ്ടാണ് ഇന്ത്യയുടെ മേൽ അന്യായമായ തീരുവ ചുമത്തുന്നതെന്നാണ് ട്രംപ് വാദിക്കുന്നത്. എന്നാൽ രാജ്യത്തിന് ആവശ്യമായ 90 ശതമാനം ക്രൂഡ് ഓയിലും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഹംഗറി.
അവർക്ക് യുഎസ് തീരുവ ചുമത്തിയിട്ടില്ല. റഷ്യയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ ചൈനയ്ക്കും എണ്ണ വാങ്ങിയതിന്റെ പേരിൽ തീരുവ ചുമത്തിയിട്ടില്ല.
മറ്റ് കാരണങ്ങളാണ് തീരുവ ചുമത്താൻ ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആകെ ആവശ്യമുള്ളതിന്റെ 21 ശതമാനം ക്രൂഡ് ഓയിൽ മാത്രമാണ് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുന്നത്. എന്നാൽ നമ്മുടെ സഖ്യകക്ഷിയെ ഒറ്റപ്പെടുത്തുകയാണ് യുഎസ് ചെയ്യുന്നത്.
ഇക്കാര്യത്തിൽ ട്രംപ് മാറ്റം വരുത്തണമെന്നും ഷെർമാൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിൽ ഇരുരാജ്യങ്ങളും ധാരണയായത്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേലുള്ള 25 ശതമാനം അധിക തീരുവ പൂർണമായും നീക്കിയ ട്രംപ്, ആദ്യം ചുമത്തിയ പകരത്തീരുവ 18 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു.
റഷ്യൻ എണ്ണ വാങ്ങില്ലെന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് തീരുവ കുറച്ചതെന്നാണ് യുഎസിന്റെ വിശദീകരണം. ഭാവിയിൽ നേരിട്ടോ അല്ലാതെയോ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് ഉറപ്പാക്കാൻ യുഎസിന്റെ നിരീക്ഷണം തുടരും.
വാങ്ങൽ പുനസ്ഥാപിച്ചാൽ തീരുവ വീണ്ടും കൂട്ടുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ഇത് ഇന്ത്യയുടെ പരമാധികാരം അടിയറവു വെച്ചതിന് തുല്യമാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഷെർമന്റെ പ്രസ്താവനയെന്നതും ശ്രദ്ധയം. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

