ഇറാനും യുഎസും സൈനിക നടപടിയിലേക്കു പോകുമെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾ നേട്ടത്തിൽ. ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണ് സാധ്യത.
രാജ്യാന്തര വിപണിയിൽ സ്വർണവും വെള്ളിയും കയറ്റത്തിലാണ്. യുഎസ് ഡോളർ സൂചിക മെച്ചപ്പെട്ടു.
അതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ ദ്വീപിൽ യുകെയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
ഇറാനിൽ സൈനിക നീക്കം നടത്തിയാൽ യുഎസിന് നിര്‍ണായകമാകുന്ന പ്രദേശമാണിത്. നിലവിൽ യുഎസ് – യുകെ സംയുക്ത നിയന്ത്രണത്തിലാണ് ദ്വീപ്.
മേഖലയിലെ ഷാഗോസ് ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറാൻ യുകെ തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഇടപെടൽ.
ഇറാനിൽ യുഎസ് ഇസ്രയേല്‍ സംയുക്ത സൈനിക നടപടി വൈകില്ലെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ ഇറാനെ ആക്രമിക്കാനുള്ള തയാറെടുപ്പുകൾ നടത്തുകയാണെന്ന് യുഎസ് സേനാ വൃത്തങ്ങളുടെ പ്രതികരണം.
ശനിയാഴ്ചയോടെ ആക്രമണം നടത്താൻ ഒരുക്കമാണെന്നാണ് യുഎസ് സേനയുടെ നിലപാട്. വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സൈനിക നടപടിയിൽ ട്രംപ് തീരുമാനമെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ഇരുവിഭാഗവും മേഖലയിൽ വലിയ സേനാ വിന്യാസം നടത്തിയിട്ടുണ്ട്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തിൽ നാവിക അഭ്യാസങ്ങളുടെ ഭാഗമായി റഷ്യൻ യുദ്ധക്കപ്പലുകൾ എത്തിയതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
വിപണി നേട്ടത്തിൽ
ഇന്നലെ ഇന്ത്യൻ വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
മെറ്റൽ, പിഎസ്യു ബാങ്ക് ഓഹരികളുടെ പ്രകടനമാണ് മൂന്നാം ദിവസവും വിപണിയെ ഉയർത്തിയത്. ഐടി ഓഹരികൾ ഇന്നലെ കനത്ത ഇടിവിലായി.
നിഫ്റ്റി ഐടി 1.23 ശതമാനം ഇടിഞ്ഞു. ഇൻഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ പ്രധാന ഓഹരികളിൽ കനത്ത വിൽപന സമ്മര്‍ദമാണ് അനുഭവപ്പെട്ടത്.
282.29 പോയിന്റ് ഉയർന്ന സെൻസെക്സ് 83,734.25ലെത്തി. നിഫ്റ്റിയാകട്ടെ 0.37 ശതമാനം കയറി 25,819.35ലുമെത്തി.
ഗിഫ്റ്റ് നിഫ്റ്റി ഇന്ന് രാവിലെ ഉയരത്തിലാണ്.
ഇന്ത്യന്‍ ഓഹരി വിപണി പോസിറ്റീവായി വ്യാപാരം തുടങ്ങാനാണ് സാധ്യത.
രാജ്യാന്തര സൂചനകളുടെയും യുഎസ് വിപണി ഉയർന്നതിന്റെയും ആവേശത്തിൽ ഇന്നലെ വിപണി നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. പിന്നാലെ ചാഞ്ചാട്ടത്തിലേക്ക് മാറിയ വിപണി ക്ലോസിങിൽ ലാഭത്തിലായി.
വിദേശ നിക്ഷേപകർ ഇന്നലെ വാങ്ങലുകാരായി. 1,154 കോടി രൂപയുടെ അറ്റവാങ്ങലാണ് ഇവർ നടത്തിയത്.
ടെക് ഓഹരികളിൽ വീണ്ടും വാങ്ങൽ ശക്തമായതോടെ ബുധനാഴ്ച യുഎസ് ഓഹരി വിപണിയും ലാഭത്തിലാണ് ക്ലോസ് ചെയ്തതത്.
നാസ്ഡാക്ക് 0.78 ശതമാനവും എസ് ആൻഡ് പി 0.56 ശതമാനവും ഡോ 0.26 ശതമാനവും ഉയര്‍ന്നു. എൻവിഡിയ, ആമസോൺ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായി.
മെറ്റ പ്ലാറ്റ്ഫോമിന് കൂടുതല്‍ എഐ ചിപ്പുകൾ വിതരണം ചെയ്യാൻ കരാറിലെത്തിയെന്ന വാർത്തകളാണ് എൻവിഡിയയ്ക്ക് തുണയായത്. യുഎസ് ഓഹരി ഫ്യൂച്ചറുകളും ഉയർന്നാണ് വ്യാപാരം നടത്തുന്നത്.
യൂറോപ്യന്‍ വിപണിയും ഇന്നലെ ഉയർന്നു.
ഇന്ന് ഏഷ്യൻ ഓഹരി വിപണികളും ഉയരത്തിലാണ്.
ജപ്പാനിലെ നിക്കെയ് സൂചിക 0.70 ശതമാനത്തോളം ഉയർന്നു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചൈനീസ് ഓഹരി വിപണി അടക്കമുള്ളവ ഇന്നും അവധിയിലാണ്.
ദക്ഷിണ കൊറിയൻ സൂചിക കോസ്പി മൂന്ന് ശതമാനത്തോളം ഉയർന്നു.
സ്വർണം കത്തുന്നു
ഇറാൻ യുഎസ് പ്രതിസന്ധി രൂക്ഷമായതോടെ സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ വില കുതിപ്പിലാണ്. ഇന്നലെ രാജ്യാന്തര വിപണിയിൽ രണ്ടു ശതമാനത്തിലധികം ഉയർന്ന സ്വർണം ഇന്നും സമാനമായ മുന്നേറ്റത്തിലാണ്.
ഔൺസിന് 1.75 ശതമാനത്തോളം നേട്ടത്തിൽ 4,971 ഡോളറെന്ന നിലയിലാണ് നിലവിലെ വ്യാപാരം. ഒരു വേള 4,995 ഡോളറിലേക്ക് വരെ ഉയർന്നിരുന്നു.
ഇന്നലെ കേരളത്തിൽ സ്വർണ വില മാറിയിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ വില വർധിക്കാനാണ് സാധ്യത.
അതേസമയം, വെള്ളിവില ഔൺസിന് 4 ശതമാനത്തിന് മുകളിൽ ഉയർന്ന് 77 ഡോളറിലെത്തി.
ക്രൂഡ് ഓയിൽ വില ഇന്നലെ കുതിച്ചിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തെ ഇറാൻ യുഎസ് യുദ്ധമുണ്ടാകുമെന്ന വിലയിരുത്തലിലാണ് വിപണി.
രാജ്യാന്തര വിപണിയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണത്തിന്റെ വലിയൊരു ഭാഗം കൈമാറ്റം ചെയ്യുന്ന ഹൊർമുസ് കടലിടുക്ക് അടക്കുമെന്ന ഇറാന്റെ ഭീഷണിയാണ് ആശങ്ക. ഇതോടെ രാജ്യാന്തര വിപണിയിലെത്തുന്ന ക്രൂഡ് ഓയിലിന്റെ അളവ് കുറയാനും വില കൂടാനുമുള്ള സാധ്യതയുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

