ഇന്ത്യ നിശബ്ദമായി തീരുവ വിഷയത്തിൽ നടത്തിയ ‘സർജിക്കൽ ആക്രമണത്തിൽ’ വെട്ടിലായ യുഎസ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ഇടപെടുത്തി പ്രശ്നം തീർക്കാനുള്ള തീവ്രശ്രമത്തിൽ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.
ജയശങ്കറിനെ ന്യൂഡൽഹിയിലെത്തി നേരിട്ടുകണ്ട യുഎസ് സെനറ്റർ സ്റ്റീവ് ഡെയിൻസ്, പരാതിയും പറഞ്ഞു.
ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് തുറന്ന ചർച്ചയുണ്ടായെന്ന് പിന്നീട് എക്സിൽ ജയശങ്കർ വ്യക്തമാക്കി.
ഇന്ത്യയ്ക്കുമേൽ 50% തീരുവ അടിച്ചേൽപ്പിച്ച യുഎസിനെ തീരുവകൊണ്ടുതന്നെ ഇന്ത്യ തിരിച്ചടിച്ചുതുടങ്ങിയെന്ന് കഴിഞ്ഞദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. യുഎസ് ഇന്ത്യയിലേക്ക് വലിയതോതിൽ കയറ്റുമതി ചെയ്തിരുന്ന പരിപ്പ് ഉൾപ്പെടെയുള്ള പയറുവർഗങ്ങൾക്ക് കഴിഞ്ഞ നവംബർ ഒന്നിന് പ്രാബല്യത്തിൽവന്ന വിധം 30% തീരുവ ഇന്ത്യ ഏർപ്പെടുത്തിയിരുന്നു. ഈ നടപടിക്ക് കേന്ദ്രം പക്ഷേ, കാര്യമായ പ്രചാരണം നൽകിയിരുന്നില്ല.
ഏറക്കുറെ നാമമാത്രമായിരുന്ന തീരുവയാണ് ഇന്ത്യ ഒറ്റയടിക്ക് 30 ശതമാനത്തിലേക്ക് ഉയർത്തിയത്.
ഇന്ത്യയുടെ നടപടി അമേരിക്കൻ കർഷകർക്കും കയറ്റുമതിക്കാർക്കും കനത്ത തിരിച്ചടിയാണെന്നും തീരുവ കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേൽ പ്രസിഡന്റ് ട്രംപ് സമ്മർദം ചെലുത്തണമെന്നും സ്റ്റീവ് ഡെയിൻസും മറ്റൊരു സെനറ്ററായ കെവിൻ ക്രാമറും ആവശ്യപ്പെട്ടിരുന്നു. ട്രംപിന് ഇവർ നൽകിയ കത്ത് പുറത്തായതോടെയാണ് ഇന്ത്യയുടെ നടപടിയെക്കുറിച്ചും ലോകമറിഞ്ഞത്.
തീരുവ കുറയ്ക്കാനും ഇന്ത്യൻ വിപണിയിലേക്ക് യുഎസ് ഉൽപന്നങ്ങളുടെ പ്രവേശനം സുഗമമാക്കാനും ട്രംപ് ഇടപെടണമെന്ന് സെനറ്റർമാർ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുമായി വ്യാപാരക്കരാർ ഉറപ്പിക്കുംമുൻപ് ട്രംപ് ഇടപെടണമെന്നാണ് ആവശ്യം. നേരത്തേ 2020ലും ട്രംപ് യുഎസ് പ്രസിഡന്റ് ആയിരിക്കേ സമാനമായ സാഹചര്യമുണ്ടായിരുന്നു.
അന്ന്, ട്രംപ് മോദിയുമായി ബന്ധപ്പെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നും സ്റ്റീവ് ഡെയിൻസ് ചൂണ്ടിക്കാട്ടി.
A pleasure meeting Senator
this morning in Delhi. A wide ranging and open discussion on our bilateral relationship and its strategic significance.
യുഎസിലെ നോർത്ത് ഡെക്കോഡയിലെ പ്രതിനിധിയാണ് കെവിൻ ക്രാമർ. സ്റ്റീവ് ഡെയിൻസ് മോണ്ടാനയിലെയും.
യുഎസിൽ പയറുവർഗങ്ങളുടെ ഏറ്റവും വലിയ ഉൽപാദക കേന്ദ്രങ്ങളാണ് നോർത്ത് ഡെക്കോഡയും മോണ്ടാനയും. ഇവിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ മുന്തിയപങ്കും വാങ്ങുന്നത് ഇന്ത്യയാണ്.
ഈ സാഹചര്യത്തിൽ തീരുവ 30 ശതമാനമാക്കി കുത്തനെ കൂട്ടിയ ഇന്ത്യയുടെ തീരുമാനം വൻ തിരിച്ചടിയാണെന്ന് ഇരുവരും കത്തിൽ പറയുന്നു. കടുത്ത മത്സരമുള്ള ഇന്ത്യൻ വിപണി അമേരിക്കയ്ക്ക് നഷ്ടമാകുന്ന സ്ഥിതിയാണുള്ളതെന്നും സെനറ്റർമാർ ട്രംപിന് അയച്ച കത്തിലുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച പ്രഖ്യാപനം അനിശ്ചിതമായി നീളുന്നതിനിടെയാണ് പുതിയ ‘തീരുവപ്പോര്’ എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയുടെ കാർഷിക, ക്ഷീര വിപണി തുറന്നുകിട്ടണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അമേരിക്കൻ കാർഷിക, ക്ഷീര ഉൽപന്നങ്ങളുടെ തീരുവ ഒഴിവാക്കുക, ഇന്ത്യയിൽ വ്യാപകമായ വിപണി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് ട്രംപ് ഉന്നയിക്കുന്നത്.
എന്നാൽ, ഇവ അംഗീകരിക്കുന്നത് ഇന്ത്യയിലെ കർഷകർക്ക് കനത്ത ആഘാതമാകും.
ട്രംപിന്റെ ആവശ്യത്തിന് വഴങ്ങിയാൽ മറ്റൊരു കർഷക പ്രക്ഷോഭവും പ്രതിപക്ഷ പ്രതിഷേധങ്ങളും മോദി സർക്കാർ നേരിടേണ്ടിവരും. ട്രംപിന്റെ ആവശ്യങ്ങൾക്ക് മുൻപിൽ വിട്ടുവീഴ്ച വേണ്ടെന്ന ഇന്ത്യയുടെ നിലപാടാണ് വ്യാപാരക്കരാർ പ്രഖ്യാപനം നീളാൻ ഇടയാക്കുന്നതെന്നും സൂചനകളുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

