മലപ്പുറം പൊന്നാനി തുറമുഖത്തോട് ചേർന്ന് കപ്പൽ നിർമാണ കേന്ദ്രം വരുന്നു. ഇതിനായി അഴിമുഖം പ്രദേശത്തെ 29 ഏക്കർ ഭൂമി വിട്ടുനൽകും.
പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയാണ് തുറമുഖം നിർമിക്കുക. പദ്ധതി യാഥാർത്ഥ്യമായാൽ കൊച്ചി ഷിപ്യാഡിന് ശേഷം കേരളത്തിലെ രണ്ടാമത്തെ കപ്പൽ നിർമാണ കേന്ദ്രമാകും ഇവിടെ ഉയരുക.
പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.
അടുത്ത ആഴ്ച്ചകളിൽ കരാർ ഒപ്പിടാനുള്ള നടപടികളിലേക്ക് കടക്കും. കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ വേണ്ട
സ്ഥലം കണ്ടെത്തിയാൽ സാമ്പത്തിക സഹായം നൽകാമെന്ന് കേന്ദ്ര സർക്കാർ കേരളത്തിന് കത്തയച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടികൾ വേഗത്തിലാക്കിയത്.
പദ്ധതി ഇങ്ങനെ
കേരള മാരിടൈം ബോർഡിന് കീഴിലുള്ള തുറമുഖത്തിന് സമീപം ചെറു കപ്പലുകൾ നിർമിക്കുന്ന യാർഡ് ഒരുക്കുകയാണ് പദ്ധതിയുടെ ആദ്യ ഘട്ടം.
200 കോടി രൂപയാണ് ഇതിന് നിക്ഷേപം പ്രതീക്ഷിക്കുന്നത്. കൂടാതെ അഴിമുഖത്ത് വാർഫും നിർമിക്കും. നിലവിലെ പുലിമുട്ടിനോട് ചേർന്ന് പഴയ ജങ്കാർ ജെട്ടിക്ക് സമീപമാണ് വാര്‍ഫ് നിർമാണത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
പുഴയിൽ അഞ്ച് മീറ്റർ ആഴം ഉറപ്പാക്കുമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിശദീകരിക്കുന്നു.
ഇതോടെ കപ്പലുകൾക്ക് പൊന്നാനിയിലേക്ക് അടുക്കാൻ കഴിയും.
പുതുതായി നിർമിക്കുന്ന യാർഡിനോട് ചേർന്ന് പരിശീലന കേന്ദ്രവും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. കപ്പൽ നിർമാണ കേന്ദ്രം പ്രവർത്തനം തുടങ്ങിയാൽ തുറമുഖം വഴി ചരക്ക് നീക്കവും ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇതോടെ മലബാറിലെ വ്യവസായങ്ങൾക്കും പുതിയ കുതിപ്പാകും. അടുത്ത ഘട്ടമായി വലിയ കപ്പലുകളും ക്രൂയിസ് കപ്പലുകളും നിർമിക്കാനാണ് ആലോചിക്കുന്നത്.
ഇതിനായി പത്ത് വർഷങ്ങൾക്കുള്ളിൽ 1,000 കോടി രൂപയുടെ നിക്ഷേപമെത്തും. കൊച്ചിയിലേത് പോലെ വലിയ കപ്പൽ നിർമാണ കേന്ദ്രമാക്കി പൊന്നാനിയെ മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പദ്ധതി യാഥാർത്ഥ്യമായാൽ 1,000 പേർക്കെങ്കിലും തൊഴിൽ അവസരം നൽകാനാകുമെന്നാണ് പ്രതീക്ഷ.
കേന്ദ്രസഹായം
രാജ്യത്തെ കപ്പല്‍ നിർമാണ – മാരിടൈം മേഖലയ്ക്ക് കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം 69,725 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ഇതിന് കീഴിലുള്ള രണ്ട് പദ്ധതികളുടെ മാർഗരേഖയും കേന്ദ്രം പുറത്തിറക്കി.
രാജ്യത്ത് നിർമിക്കുന്നതും പൊളിക്കുന്നതുമായ കപ്പലുകൾക്കുള്ള ധനസഹായം നൽകുന്ന 24,736 കോടി രൂപയുടെ പദ്ധതിയാണ് ഇതിലൊന്ന്.
കൂടാതെ പുതിയ ഷിപ്പ് ബിൽഡിംഗ് ക്ലസ്റ്ററുകൾക്ക് 100 ശതമാനം വരെ സാമ്പത്തിക സഹായം നൽകുന്ന 19,989 കോടി രൂപയുടെ മറ്റൊരു പദ്ധതിയുമുണ്ട്. നിലവിലുള്ള കപ്പൽ നിർമാണ കേന്ദ്രങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിന് 25 ശതമാനം സാമ്പത്തിക സഹായം നൽകാനും പദ്ധതിയിൽ വ്യവസ്ഥയുണ്ട്.
മാർച്ച് 2036 വരെയാണ് പദ്ധതിയുടെ കാലാവധി. 2047 വരെ നീട്ടാൻ കഴിയും.
കപ്പൽ നിർമാണ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതികൾ.
സംസ്ഥാനത്ത് പുതിയ കപ്പൽ നിർമാണ കേന്ദ്രത്തിന് സ്ഥലം കണ്ടെത്തിയാൽ ഈ പദ്ധതിയുടെ കീഴിൽ ധനസഹായം ലഭിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

