ഇന്ത്യയെ ‘സൂപ്പർ പവർ’ എന്നു വിളിക്കുന്നതിനെ വിമർശിച്ച് മുൻ റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജൻ.
സൂപ്പർ പവർ ആകുകയെന്ന ലക്ഷ്യം പ്രധാനമാണ്. എന്നാൽ, ഇപ്പോഴേ സൂപ്പർ പവറാണെന്നു പറയുന്നതും ചിലർ ആ നേട്ടത്തെ സ്വയം പുകഴ്ത്തുന്നതും ബാലിശമാണെന്നും ഇനിയും പതിറ്റാണ്ടുകൾ കഴിഞ്ഞാലേ ആ ലക്ഷ്യത്തിലേക്ക് എത്താൻ ഇന്ത്യയ്ക്ക് കഴിയൂ എന്നും രാജൻ പറഞ്ഞു.
ആഗോള ശ്രദ്ധ കിട്ടാൻ ജിഡിപി വളർച്ചയിലെ വലിയ സംഖ്യ ഉയർത്തിക്കാട്ടി ഇന്ത്യൻ സമ്പദ്സ്ഥിതിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തരുത്.
മാനവവിഭവശേഷി വളർത്തുക, ഈസ് ഓഫ് ഡൂയിങ് ഉറപ്പാക്കുക, നിലവാരമുള്ള തൊഴിലുകൾ സൃഷ്ടിക്കുക, സ്ഥാപനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകുക എന്നിവ അനിവാര്യമാണ്. സ്വയംപുകഴ്ത്തും മുൻപ് യാഥാർഥ്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായി കുശാൽ ലോധയുമായുള്ള പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു രാജൻ.
സൂപ്പർ പവർ ആകാൻ ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യണം. വെറുതേ മുദ്രാവാക്യം വിളിച്ചതുകൊണ്ടായില്ല.
ആ ലക്ഷ്യം നേടാൻ ഓരോരുത്തരും ഓരോദിവസവും ശ്രമിക്കണം. അതിപ്പോൾ പട്ടാളക്കാരനായാലും സാധാരണക്കാരനായാലും ഡോക്ടർ ആയാലും വിശ്രമിക്കുംമുൻപ് അടുത്ത 30 വർഷമെങ്കിലും കഠിനാധ്വാനം വേണം.
ഇപ്പോഴേ സൂപ്പർ പവർ ആണെന്നു പറഞ്ഞാൽ ഈ കാര്യങ്ങളിൽ നിന്നെല്ലാം ശ്രദ്ധ മാറും.
അതു ദോഷം ചെയ്യും. ദീർഘകാല അടിസ്ഥാനത്തിൽ രാജ്യ പുരോഗതി ഉന്നമിട്ടുള്ള പ്രവർത്തനങ്ങളാണ് വേണ്ടത് – രാജൻ പറഞ്ഞു.
ഇന്ത്യ നിലവിൽ സൂപ്പർ പവർ ആണെന്നു പറയുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കും. തൊഴിൽ, സ്കിൽ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ അസമത്വമുണ്ട്.
അതൊക്കെ പരിഹരിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്.
പണപ്പെരുപ്പം നിയന്ത്രിക്കാനും അടിസ്ഥാന സൗകര്യമേഖലയിൽ വികസനം ഉറപ്പാക്കാനും കഴിഞ്ഞു. ആ മികവ് തൊഴിലവസരം കൂട്ടാനോ തൊഴിൽ വൈദഗ്ധ്യവും വിദ്യാഭ്യാസ നിലവാരവും ഉൽപാദനക്ഷമതയും കൂട്ടുന്നതിലോ കണ്ടിട്ടില്ലെന്നും അത് യുവാക്കളെ ബാധിക്കുന്നുണ്ടെന്നും രാജൻ പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

