റഷ്യയുടെ 2 വമ്പൻ എണ്ണ കയറ്റുമതിക്കമ്പനികൾക്കുമേൽ ഉപരോധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തന്ത്രം ഏശുന്നു. റഷ്യയെ സാമ്പത്തികമായി വരിഞ്ഞുമുറുക്കി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വീണ്ടും സമാധാന ചർച്ചയ്ക്ക് നിർബന്ധിതനാക്കുക ലക്ഷ്യമിട്ടായിരുന്നു ഉപരോധം.
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബ്ലാക്ക് സീ കേന്ദ്രീകൃത റഷ്യൻ എണ്ണ ഇനമായ യൂറൽസിന്റെ വില ബാരലിന് 3 വർഷത്തെ താഴ്ചയായ 36.61 ഡോളറിലേക്ക് കൂപ്പുകുത്തിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യാന്തര എണ്ണവില ബ്രെന്റ് ക്രൂഡിന് നിലവിൽ 64.20 ഡോളറാണ്. ഇതുമായി 28 ഡോളറിനടുത്ത് വ്യത്യാസമാണ് റഷ്യൻ യൂറൽസിനുള്ളത്.
ചൈനയും ഇന്ത്യയുമായിരുന്നു റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാർ. ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് പിന്നാലെ ഇരു രാജ്യങ്ങളും റഷ്യൻ എണ്ണക്കമ്പനികളുമായി പുതിയ കരാറിൽ ഏർപ്പെടുന്നതിൽനിന്ന് വിട്ടുനിൽക്കുകയാണ്.
അതേസമയം, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഉപഭോക്താക്കളെ നഷ്ടപ്പെടാതിരിക്കാൻ റഷ്യ വൻതോതിൽ ഡിസ്കൗണ്ട് കൂട്ടിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യ നിലവിൽ യുഎസ്, യുഎഇ, ഇറാഖ് എന്നിവയുടെ എണ്ണയാണ് റഷ്യൻ എണ്ണയ്ക്ക് പകരം തേടുന്നത്. 2 ഇന്ത്യൻ എണ്ണക്കമ്പനികൾ അടുത്തിടെ റഷ്യൻ എണ്ണയ്ക്ക് പകരം യുഎസ്, ഗൾഫ് മേഖലകളിൽ നിന്നായി പൊതു വിപണിയിൽനിന്ന് 5 മില്യൻ ബാരലിന്റെ എണ്ണ വാങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ) യുഎസിൽ നിന്ന് (ഡബ്ല്യുടിഐ ക്രൂഡ്) 2 മില്യൻ, യുഎഇയുടെ മർബൻ ക്രൂഡ് 2 മില്യൻ എന്നിങ്ങനെ വാങ്ങിയപ്പോൾ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് വാങ്ങിയത് ഇറാഖിന്റെ ഒരു മില്യൻ ബാരൽ ബാസ്റ മീഡിയം ക്രൂഡ് ഓയിലാണ്.
എണ്ണവില ഇടിയുന്നത് റഷ്യയ്ക്ക് കനത്ത സാമ്പത്തിക ആഘാതവുമാകുന്നുണ്ട്.
ഒക്ടോബറിൽ 27 ശതമാനമാണ് എണ്ണ കയറ്റുമതി വരുമാനത്തിലെ ഇടിവ്. 2025ന്റെ ആദ്യ 10 മാസത്തിൽ വരുമാനം മുൻവർഷത്തെ സമാനകാലത്തെ 9.54 ട്രില്യൻ റൂബിളിൽനിന്ന് 7.5 ട്രില്യനിലേക്കും ഇടിഞ്ഞു.
പുത്തൻ ഉപരോധം റഷ്യയുടെ കടൽവഴിയുള്ള എണ്ണവിതരണത്തിന്റെ 70 ശതമാനത്തെയും ബാധിച്ചിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

