ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് നിക്ഷേപകരുടെ പ്രതീക്ഷകൾക്കൊപ്പംനിന്ന് മികച്ച രണ്ടാംപാദ പ്രവർത്തനഫലം പുറത്തുവിട്ടു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ 15.9% വളർച്ചയോടെ 22,146 കോടി രൂപയുടെ സംയോജിത ലാഭമാണ് റിലയൻസ് നേടിയത്.
ഉപകമ്പനികളുടെയും ചേർത്തുള്ള ലാഭമാണിത്. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 19,101 കോടി രൂപയായിരുന്നു.
പ്രവർത്തന വരുമാനം 2.58 ലക്ഷം കോടി രൂപയിൽ നിന്ന് 9.9% വർധിച്ച് 2.83 ലക്ഷം കോടി രൂപയായി.
ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് 2.73 ലക്ഷം കോടി രൂപയായിരുന്നു. ജിയോ പ്ലാറ്റ്ഫോംസ് ഉൾപ്പെടെയുള്ള ഉപസ്ഥാപനങ്ങളും രണ്ടാംപാദം മികവുറ്റതാക്കിയിട്ടുണ്ട്.
∙ ജിയോ പ്ലാറ്റ്ഫോംസ്
റിലയൻസിന്റെ ഡിജിറ്റൽ/ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് രണ്ടാംപാദത്തിൽ 12.8% വളർച്ചയോടെ 7,379 കോടി രൂപയുടെ ലാഭം നേടി.
വരുമാനം 14.6% ഉയർന്ന് 36,332 കോടി രൂപയാണ്. ഓരോ ഉപഭോക്താവിൽ നിന്നും റിലയൻസ് ജിയോ നേടുന്ന ശരാശരി വരുമാനം അഥവാ എആർപിയു 211.4 രൂപയായി മെച്ചപ്പെട്ടു.
റിലയൻസ് ജിയോയുടെ പ്രാരംഭ ഓഹരി വിൽപനയും (ഐപിഒ) വൈകാതെ നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
∙ റിലയൻസ് റീട്ടെയ്ൽ
റിലയൻസ് ഇൻഡസ്ട്രീസ് ഭാവിയിൽ ഏറ്റവും വളർച്ചാസാധ്യത വിലയിരുത്തുന്ന റിലയൻസ് റീട്ടെയ്ൽ സെപ്റ്റംബർ പാദത്തിൽ 19% മുന്നേറ്റത്തോടെ 79,128 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടി. ലാഭം 21.9% ഉയർന്ന് 3,457 കോടി രൂപയാണ്.
നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം (എബിറ്റ്ഡ) 16.5% ഉയർന്ന് 6,816 കോടി രൂപയായതും നേട്ടമാണ്.
എന്നാൽ എബിറ്റ്ഡ മാർജിൻ 0.20% താഴ്ന്ന് 8.6 ശതമാനമായി.
∙ ഓയിൽ 2 കെമിക്കൽ
റിലയൻസ് ഇൻഡസ്ട്രീസിന്റെ മുഖ്യ ബിസിനസ് വിഭാഗമായ ഓയിൽ ടു കെമിക്കൽ (ഒ2സി) 3.2% വർധനയോടെ 1.60 ലക്ഷം കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. എന്നാൽ, എബിറ്റ്ഡ 20.9% കുതിച്ച് 15,008 കോടി രൂപയായത് നേട്ടമായി.
ഓഹരികൾ ഇനി എങ്ങോട്ട്?
കഴിഞ്ഞയാഴ്ചയിലെ അവസാന സെഷനിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി 1.49% ഉയർന്ന് 1,419.10 രൂപയിലാണ് എൻഎസ്ഇയിൽ വ്യാപാരം അവസാനിപ്പിച്ചത്.
19.20 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയുടെ ഓഹരിയുടെ 52-ആഴ്ചത്തെ ഉയരം കഴിഞ്ഞ ജൂലൈ 9ലെ 1,551 രൂപയാണ്. 52-ആഴ്ചത്തെ താഴ്ച ഏപ്രിൽ 7ലെ 1,114.85 രൂപയും.
കഴിഞ്ഞ ഒരുവർഷത്തെ നേട്ടം 5 ശതമാനത്തോളമാണ്.
റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഉപസ്ഥാപനങ്ങളുടെയും മികച്ച പ്രവർത്തനം, കരുത്തുറ്റ മാനേജ്മെന്റ്, മികച്ച വിപണി സാഹചര്യം, സോളർ സെൽ ഉൽപാദനത്തിലേക്കുള്ള ചുവടുവയ്പ് തുടങ്ങിയ ഘടകങ്ങൾ ഓഹരിക്ക് ഗുണം ചെയ്യുമെന്നാണ് പൊതുവിലയിരുത്തൽ. ഓഹരിക്ക് ബ്രോക്കറേജുകളായ ആനന്ദ് റാഥി വിലയിരുത്തുന്ന ലക്ഷ്യവില (ടാർജറ്റ് പ്രൈസ്) 1,480-1,500 രൂപയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]