ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന തന്റെ വാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘നേരത്തേ അവർ സ്വന്തം ആവശ്യത്തിന്റെ 38% എണ്ണയും റഷ്യയിൽ നിന്നായിരുന്നു വാങ്ങിയിരുന്നത്.
ഇപ്പോഴത് കുറച്ചു. ഇനി അവർക്ക് റഷ്യൻ എണ്ണ വാങ്ങുക പ്രായോഗികമല്ല.
അവർ പിൻവലിയുകയാണ്’’ – ട്രംപ് പറഞ്ഞു.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. റഷ്യയെ ഒറ്റപ്പെടുത്താൻ ഇന്ത്യയുടെ ഈ തീരുമാനം സഹായിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, മോദിയും ട്രംപുമായി കഴിഞ്ഞദിവസങ്ങളിലൊന്നും സംസാരിച്ചിട്ടില്ലെന്നും രാജ്യതാൽപര്യവും ഉപഭോക്തൃതാൽപര്യവും വിപണി സാഹചര്യങ്ങളും വിലയിരുത്തിയാണ് ഇന്ത്യ ഇറക്കുമതി നയം സ്വീകരിക്കുന്നതെന്നുമായിരുന്നു ഇതിനോട് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
എന്നാൽ, ഇന്നലെ വൈറ്റ്ഹൗസിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി നടന്ന കൂടിക്കാഴ്ചയിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ട്രംപ് ആവർത്തിച്ചു. റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി ഹംഗറിയിൽ കൂടിക്കാഴ്ചയ്ക്ക് ട്രംപ് തീരുമാനിച്ചിട്ടുണ്ട്.
ഹംഗറി ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങുന്നുണ്ടല്ലോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ട്രംപിന്റെ മറുപടി ഇങ്ങനെ: ‘‘അവർ സ്റ്റക്കാണ്. അവർക്ക് കടലില്ല.
കര മാത്രമേയുള്ളൂ. വർഷങ്ങളായി ഒരു പൈപ്പ്ലൈനേയുള്ളൂ.
അവർക്ക് പുറത്തുനിന്ന് വേറെ എണ്ണ കിട്ടാൻ പ്രയാസമാണ്’’.
പുട്ടിനെ അറസ്റ്റ് ചെയ്യണമെന്ന് ജർമനി
ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ട്രംപ്-പുട്ടിൻ കൂടിക്കാഴ്ച നടക്കുക. തീയതി തീരുമാനിച്ചിട്ടില്ല.
ഹംഗറിയിലെത്തുന്ന പുട്ടിന് എല്ലാ സുരക്ഷാസൗകര്യങ്ങളും ഒരുക്കുമെന്ന് ഹംഗറി വ്യക്തമാക്കി. അതേസമയം, പുട്ടിൻ വന്നാലുടൻ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ഹംഗറിയോട് ജർമനി ആവശ്യപ്പെട്ടിട്ടുണ്ട്.
യുക്രെയ്നെതിരായ യുദ്ധത്തിനിടെ യുക്രെയ്നിലെ ചില പ്രവിശ്യകളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന കുറ്റത്തിന് പുട്ടിനെതിരെ ഇന്റർനാഷനൽ ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഐസിസി അംഗരാജ്യങ്ങളിൽ പ്രവേശിച്ചാൽ അതുകൊണ്ടുതന്നെ പുട്ടിനെ അറസ്റ്റ് ചെയ്തേക്കാം. ഹംഗറിയും ഐസിസി അംഗമാണ്.
എന്നാൽ, കൂടിക്കാഴ്ചയ്ക്കായി വരുന്ന പുട്ടിനെ സ്വാഗതം ചെയ്യുമെന്ന് ഹംഗറി വ്യക്തമാക്കി കഴിഞ്ഞു.
ഐസിസിക്ക് സ്വന്തമായി പൊലീസ് സംവിധാനമില്ല. അംഗരാഷ്ട്രങ്ങളിലെ പൊലീസാണ് അറസ്റ്റ് ഉൾപ്പെടെയുള്ള ഉത്തരവുകൾ നടപ്പാക്കേണ്ടത്.
ഐസിസിയുടെ അറസ്റ്റ് വാറന്റുള്ള ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാവുവിനെയും ഹംഗറി സമീപകാലത്ത് സ്വാഗതം ചെയ്തിരുന്നു. അതേസമയം, റഷ്യൻ വിമാനങ്ങൾക്ക് 2022 മുതൽ യൂറോപ്യൻ യൂണിയന്റെ വിലക്കുണ്ട്.
അതുകൊണ്ടുതന്നെ, പുട്ടിന് ഹംഗറിയിലെത്തണമെങ്കിൽ ഈ വിലക്ക് യൂറോപ്യൻ യൂണിയൻ യോഗം ചേന്ന് ഒഴിവാക്കേണ്ടിവരും.
ട്രംപിനെ തള്ളി ഇന്ത്യ
റഷ്യൻ എണ്ണ ഇറക്കുതി നിർത്തണമെന്ന് രാജ്യത്തെ എണ്ണക്കമ്പനികളോട് ഇതുവരെ നിർദേശിച്ചിട്ടില്ലെന്ന് ഇതിനിടെ ട്രംപിന്റെ വാദത്തെതള്ളി ഇന്ത്യ രംഗത്തെത്തി. നവംബറിലേക്കും ഡിസംബറിലേക്കുമുള്ള ക്രൂഡ് ഇറക്കുമതിക്കായി റഷ്യൻ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിട്ടുമുണ്ട്.
എന്നാൽ, ചില പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തി ഗൾഫ്, പടിഞ്ഞാറൻ ആഫ്രിക്ക, യുഎസ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയും വാങ്ങിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]