
കൊച്ചി∙ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വൻ വർധന. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) വില 20 ഡോളറിനു മുകളിൽ ഉയർന്നു. ഇതോടെ വില 2700 ഡോളർ നിലവാരത്തിനടുത്തെത്തി. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്ക് അയവു വരാത്തതിനാൽ സുരക്ഷിത നിക്ഷേപമെന്ന തരത്തിൽ വൻകിട നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതു തുടരുകയാണ്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരാൻ കാരണമിതാണ്. രാജ്യാന്തര വിപണിയിലെ വില വർധനയുടെ പ്രതിഫലനം ആഭ്യന്തര വിപണിയിലുമുണ്ടാകും.
രൂപയുടെ മൂല്യം ദുർബലമാകുന്നതും ഇവിടെ സ്വർണവില കൂടാൻ കാരണമാകുന്നുണ്ട്. രൂപയുടെ മൂല്യം ഡോളറിനെതിരെ 84.06 നിലവാരത്തിലാണ്. രൂപയുടെ വിനിമയ നിരക്കും രാജ്യാന്തര വിപണിയിലെ വിലയും കണക്കിലെടുത്താണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ദിവസവും നിശ്ചയിക്കുന്നത്.
സംസ്ഥാനത്ത് ഇന്നലെ ഗ്രാമിന് 20 രൂപ വർധിച്ച് 7160 രൂപയും പവന് 160 രൂപ ഉയർന്ന് 57280 രൂപയുമായി. ഇതു റെക്കോർഡ് നിരക്കാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ വർധിച്ച് 5915 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. രണ്ടു ദിവസത്തിനിടെ പവന് 520 രൂപയാണു കൂടിയത്. ദേശീയ ബുള്യൻ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെ വില ചരിത്രത്തിൽ ആദ്യമായി 79,000 രൂപ കടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]