നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവിൽ അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്.
0.25% ഇളവാണ് വരുത്തിയത്. തീരുമാനം പാസായത് ഒന്നിനെതിരെ 11 വോട്ടുകൾക്കും.
ഇതോടെ, 4.25-4.50 ശതമാനത്തിൽനിന്ന് പലിശനിരക്ക് 4.00-4.25 ശതമാനമായി.
അമേരിക്കയിൽ വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശയും കുറയാൻ സഹായിക്കുന്നതാണ് തീരുമാനം. എങ്കിലും, കഴിഞ്ഞമാസങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടിയതാണ് പലിശനിരക്ക് കുറയ്ക്കാൻ മുഖ്യകാരണം.
പലിശനിരക്ക് വെട്ടിക്കുറയ്ക്കണമെന്ന് പ്രസിഡന്റ് ട്രംപ് നിരന്തരം സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. അതേസമയം, മിനിമം ഒരു ശതമാനമെങ്കിലും കുറയ്ക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.
എന്നാൽ, 2025ൽ ഇനി രണ്ടുതവണ കൂടി പലിശനിരക്ക് കുറയ്ക്കുമെന്ന ഫെഡ് സൂചിപ്പിച്ചിട്ടുണ്ട്.
ഫെഡറൽ റിസർവിന്റെ പലിശനയം പുറത്തുവന്നതിന് തൊട്ടുപിന്നാലെ യുഎസ് ഓഹരികൾ വൻ നേട്ടത്തിലേക്ക് കുതിച്ചുകയറിയിട്ടുണ്ട്. ഡൗ ജോൺസ് 410 പോയിന്റ് (+0.9%) കയറി.
എസ് ആൻഡ് പി500 സൂചിക 0.1 ശതമാനവും ഉയർന്നു. നാസ്ഡാക് പക്ഷേ, 0.3% നഷ്ടത്തിൽ തുടരുന്നു.
എൻവിഡിയയുടെ ചിപ് വേണ്ടെന്ന ചൈനയുടെ തീരുമാനം സൃഷ്ടിച്ച ആഘാതമാണ്, ടെക് കമ്പനികൾക്ക് പ്രാമുഖ്യമുള്ള നാസ്ഡാക്കിനെ നഷ്ടത്തിൽ നിർത്തുന്നത്. എൻവിഡിയ 2% ഇടിഞ്ഞിട്ടുണ്ട്.
∙ അടിസ്ഥാന പലിശനിരക്ക് കുറഞ്ഞതോടെ അമേരിക്കയില് വായ്പാ പലിശ, ഇഎംഐ ഭാരങ്ങൾ കുറയും.
∙ നിലവിൽ, താരിഫ് യുദ്ധം മൂലം ജനങ്ങൾ നേരിടുന്ന വിലക്കയറ്റ ആഘാതത്തിന് പലിശയിറക്കംകൊണ്ട് തടയിടാനാകുമെന്ന് പ്രസിഡന്റ് ട്രംപ് കരുതുന്നു.
പലിശനിരക്ക് കുറച്ചാൽ ഭവന വിൽപന കുതിച്ചുകയറുമെന്ന് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു.
∙ അതേസമയം, പലിശ കുറച്ചത് സേവിങ്സ് ഡെപ്പോസിറ്റ്, എഫ്ഡി പലിശനിരക്കും താഴും ഇത് ബാങ്ക് നിക്ഷേപങ്ങളെ ആശ്രയിക്കുന്നവർക്ക് തിരിച്ചടിയാണ്.
∙ 2020 ഫെബ്രുവരി മുതൽ 2022 ഫെബ്രുവരി വരെ അമേരിക്കയിലെ അടിസ്ഥാന പലിശനിരക്ക് 0-0.25 ശതമാനമായിരുന്നു. പണപ്പെരുപ്പം കുത്തനെ കൂടിയതിന് തടയിടാനായി, തുടർന്ന് 2023 ഓഗസ്റ്റ് വരെ ഘട്ടംഘട്ടമായി പലിശകൂട്ടി 5.25-5.50% ആക്കിയിരുന്നു.
ഇതാണ് 2024ൽ പടിപടിയായി കുറച്ചത്.
∙ എന്നാൽ, ട്രംപ് വീണ്ടും അധികാരത്തിലേറിയശേഷം പലിശനിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവ് തയാറായിരുന്നില്ല.
തകർന്ന് ഡോളറും ബോണ്ടും
ഫെഡറൽ റിസർവ് പലിശനിരക്ക് കാൽ ശതമാനം കുറയ്ക്കുകയും ഇനി ഈ വർഷം 2 തവണ കൂടി കുറയ്ക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തതിനു പിന്നാലെ തരിപ്പണമായി യുഎസ് ഡോളർ. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതികായ യുഎസ് ഡോളർ ഇൻഡക്സ് 43 മാസത്തെ താഴ്ചയായ 96.30ലേക്ക് കൂപ്പുകുത്തി.
ഇനി രണ്ടുതവണ കൂടി പലിശനിരക്ക് കുറച്ചാൽ, അടിസ്ഥാന പലിശനിരക്ക് മൂന്നര ശതമാനത്തിലേക്കെങ്കിലും താഴും.
പലിശ കുറയുന്നതിന് ആനുപാതികമായി യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി യീൽഡ്) ഇടിയും. അതോടെ, അവയിലേക്കുള്ള നിക്ഷേപവും കൊഴിയും.
ഈ ഭീതിയാണ് ഡോളറിനെ തളർത്തുന്നത്. 10-വർഷ ട്രഷറി യീൽഡ് 4.05ൽ നിന്ന് 4.03 ശതമാനത്തിലേക്ക് ഇടിഞ്ഞു.
ട്രംപ് ജനുവരിയിൽ അധികാരത്തിലേറുമ്പോൾ ഇത് 4.8 ശതമാനമായിരുന്നു; യുഎസ് ഡോളർ ഇൻഡക്സ് 110 ശതമാനത്തിനടത്തും.
∙ ഡോളർ തളരുന്നത്, ഇന്ത്യൻ റുപ്പിക്കും നേട്ടമാകും.
∙ യുഎസ് കടപ്പത്രങ്ങൾ അനാകർഷകമാകുന്നത് ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിലേക്ക് വിദേശ നിക്ഷേപമൊഴുകാനും സഹായിക്കും.
റെക്കോർഡ് തകർത്തിറങ്ങി സ്വർണം
ഫെഡറൽ റിസർവിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യാന്തര സ്വർണവില ഔണ്സിന് ചരിത്രത്തിലാദ്യമായി 3,700 ഡോളർ ഭേദിച്ച് കുതിച്ചുയർന്നു. ഒരുഘട്ടത്തിൽ 3,704.53 ഡോളർ വരെ വിലയെത്തിയെങ്കിലും തൊട്ടുപിന്നാലെ ലാഭമെടുപ്പ് തകൃതിയായി ആഞ്ഞടിച്ചു.
ഇപ്പോൾ (ഇന്ത്യൻ സമയം രാത്രി 12.25) വ്യാപാരം പുരോഗമിക്കുന്നത് 40 ഡോളർ ഇടിഞ്ഞ് 3,648 ഡോളറിലാണ്. ലാഭമെടുപ്പ് തുടരുകയാണെങ്കിൽ സ്വർണവില നഷ്ടത്തിൽതന്നെ നിൽക്കും.
ഇത് കരളത്തിലെ വിലക്കുതിപ്പിനും തടയിടും.
വോട്ടുനില 11-1; ആരാണ് ആ ഒരാൾ? തീരുമാനമെന്ത്?
ഒന്നിനെതിരെ 11 വോട്ടുകൾക്കാണ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ യുഎസ് ഫെഡറൽ റിസർവിന്റെ പണനയ നിർണയ സമിതി തീരുമാനിച്ചത്. ഈ തീരുമാനത്തെ എതിർക്കുകയായിരുന്നു ഒരാൾ? അല്ല.
പ്രസിഡന്റ് ട്രംപ് ഫെഡറൽ റിസർവ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കും ഫെഡറൽ റിസർവിന്റെ ഗവർണറായും അടുത്തിടെ നിയമിച്ച സ്റ്റീഫൻ മിറാൻ ആണ് ആ ഒരാൾ. ട്രംപിന്റെ വിശ്വസ്തൻ.
പുറമേ, ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനും. പലിശനിരക്ക് അര ശതമാനം കുറയ്ക്കണമെന്നാണ് സ്റ്റീഫൻ വാദിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]