
ചരക്കു-സേവന നികുതി (ജിഎസ്ടി) സ്ലാബ് ഘടന പൊളിച്ചെഴുതാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം പുതുതായി കാർ വാങ്ങാൻ ശ്രമിക്കുന്നവർക്ക് വൻ നേട്ടമാകും. നിലവിൽ ചെറുകാറുകൾക്ക് (ഹാച്ച്ബാക്ക്) 28 ശതമാനമാണ് ജിഎസ്ടി.
28% സ്ലാബ് ഒഴിവാക്കുന്നതോടെ ഇവയെ 18 ശതമാനം സ്ലാബിലേക്കു മാറ്റും. ഇത് വൻ വിലക്കുറവിന് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യത്ത് കാർ വിൽപന കുതിക്കാനും ഇതു സഹായിക്കും.
ചെറുകാറുകളുടെ വൻ വിപണിയായിരുന്ന ഇന്ത്യയിലിപ്പോൾ ഉപഭോക്താക്കൾ കൂടുതലും വാങ്ങുന്നത് എസ്യുവികൾ. ഹാച്ച്ബാക്കുകൾ പിന്നിലായിരിക്കുന്നു.
ജിഎസ്ടി കുറയുന്നതോടെ ഹാച്ച്ബാക്കുകൾക്ക് വീണ്ടും പ്രിയമേറുമെന്നാണ് വിപണിയുടെ പ്രതീക്ഷ. മാരുതി സുസുക്കി ചെയർമാൻ ആർ.സി.
ഭാർഗവ ജിഎസ്ടി കുറയ്ക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്തുകഴിഞ്ഞു.
നിലവിലെ നികുതി ദാ ഇങ്ങനെ
നിലവിൽ ഹാച്ച്ബാക്കുകൾ അഥവാ 4 മീറ്ററിൽ താഴെ നീളമുള്ളതും 1,200 സിസിവരെ എൻജിൻ ശേഷിയുള്ളതുമായ പെട്രോൾ, സിഎൻജി, എൽപിജി കാറുകൾക്ക് 29 ശതമാനമാണ് നികുതി. 28% ജിഎസ്ടിയും ഒരു ശതമാനം സെസും.
∙ എസ്യുവികൾക്കും മറ്റ് വലിയ കാറുകൾക്കും നികുതി 43-50%.
അതായത് 28% ജിഎസ്ടിയും ബാക്കി സെസും. ഈ കാറുകളെ 28% സ്ലാബ് ഒഴിവാക്കുമ്പോൾ 40% എന്ന പ്രത്യേക സ്ലാബിലേക്ക് മാറ്റാനാണ് സാധ്യത.
ഇവയ്ക്കും ചെറിയ വിലക്കുറവ് പ്രതീക്ഷിക്കാം.
കാറുകളുടെ നിലവിലെ നികുതി
(ബ്രായ്ക്കറ്റിൽ നിലവിലെ സെസ്)
∙ 1200 സിസിവരെയുള്ള പെട്രോൾ, സിഎൻജി, എൽപിജി കാറുകൾ : 28% (+1%), ആകെ 29%
∙ 1500 സിസിവരെയുള്ള ഡീസൽ കാർ : 28% (+3%), ആകെ 31%
∙ 1500 സിസി വരെയുള്ള മറ്റ് കാറുകൾ : 28% (+17%), ആകെ 45%
∙ 1500 സിസിക്ക് മുകളിൽ : 28% (+20%), ആകെ 48%
∙ എസ്യുവി : 28% (+22%), ആകെ 50%
∙ ഹൈബ്രിഡ് : 28% (+15%), ആകെ 43%
ഇലക്ട്രിക് കാറുകൾക്കോ?
ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) നിലവിൽ 5% ജിഎസ്ടിയേയുള്ളൂ. അത് തൽക്കാലം അങ്ങനെതന്നെ തുടരും.
ജിഎസ്ടി കുറഞ്ഞാൽ കാറിന് എത്ര വില കുറയും?
ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് താഴുമ്പോൾ ചെറുകാറുകൾക്ക് ശരാശരി 25,000 രൂപ വിലക്കുറവിനാണ് സാധ്യത.
ടൂ, ത്രീ വീലുകൾക്ക് വില കുറയില്ലേ?
ജിഎസ്ടി കുറയുന്നതോടെ ഇവയുടെ വിലയും കുറയും; വിൽപന കൂടും.
ത്രീവീലറുകൾക്ക് നിലവിൽ 28% ആണ് ജിഎസ്ടി. അത് 18 ശതമാനമായി കുറയാനാണ് സാധ്യത.
ടൂവീലർ 350 സിസി വരെയുള്ളവയ്ക്ക് 28% ജിഎസ്ടിയാണ് ഇപ്പോൾ. 350 സിസിക്ക് മുകളിൽ 28% ജിഎസ്ടിക്ക് പുറമെ 3% സെസും ചേർന്ന് 31 ശതമാനം.
350 സിസി വരെയുള്ളവയെ 18 ശതമാനത്തിലേക്ക് മാറ്റിയേക്കും.
ഇൻഷുറൻസ് പ്രീമിയം നികുതിരഹിതമായേക്കും
നിലവിൽ ഹെൽത്ത്, ലൈഫ് തുടങ്ങിയ ഇൻഷുറൻസ് പ്രീമിയത്തിന് 18% ജിഎസ്ടി ഈടാക്കുന്നത് കടുത്ത വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ജിഎസ്ടി കൗൺസിൽ പലതവണ നികുതി കുറയ്ക്കുന്നത് ചർച്ചയ്ക്കുവച്ചെങ്കിലും തീരുമാനമാകാതെ പിരിയുകയുമായിരുന്നു.
ഇക്കുറി ജിഎസ്ടി സ്ലാബുകൾ പരിഷ്കരിക്കുമ്പോൾ പ്രീമിയത്തിന്മേലുള്ള ജിഎസ്ടി 5% സ്ലാബിലേക്ക് മാറ്റിയേക്കും. അതേസമയം, നികുതി വേണ്ടെന്നുവയ്ക്കാനുള്ള സാധ്യതയുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള നികുതി കുറയുന്നത്, ഇൻഷുറൻസ് പരിരക്ഷ കൂടുതൽപേരിലേക്ക് എത്താൻ സഹായിക്കും.
ജിഎസ്ടി സ്ലാബുകൾ പരിഷ്കരിക്കാനും നികുതി കുറയ്ക്കാനുമുള്ള കേന്ദ്രനീക്കം വാഹനം, ഇൻഷുറൻസ്, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ് കമ്പനികളുടെ ഓഹരികളിൽ ഇന്നു വൻ കുതിപ്പിനും വഴിയൊരുക്കിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]