
റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈന അത് യൂറോപ്യൻ രാജ്യങ്ങൾ മറിച്ചുവിറ്റ് ലാഭം നേടുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. എന്നിട്ടും, ചൈനയ്ക്കെതിരെ എന്തുകൊണ്ട് ട്രംപ് നടപടിയെടുക്കില്ലെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ റൂബിയോയുടെ മറുപടി ഇങ്ങനെ ‘‘അതു പിന്നെ… ചൈന ആ എണ്ണ വാങ്ങി സംസ്കരിച്ച് യൂറോപ്യൻ രാജ്യങ്ങൾക്ക് വിൽക്കുകയാണ്.
ചൈനയ്ക്കുമേൽ അധിക തീരുവ ഏർപ്പെടുത്തിയാൽ രാജ്യാന്തര എണ്ണ വില കൂടാൻ അതിടവരുത്തും. അത് യൂറോപ്യൻ രാജ്യങ്ങൾക്ക് തിരിച്ചടിയാകും.
യൂറോപ്യൻ രാജ്യങ്ങൾ അത് ആഗ്രഹിക്കുന്നില്ല’’.
എന്നിട്ടെന്തേ ഇന്ത്യയ്ക്കെതിരെ നടപടി എടുത്തു എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ ‘‘ഇന്ത്യ വലിയതോതിൽ ഊർജ ആവശ്യകതയുള്ള രാജ്യമാണ്. പക്ഷേ, അവർ ദൗർഭാഗ്യകരമെന്നോണം വാങ്ങുന്നത് റഷ്യൻ എണ്ണയാണ്.
യുക്രെയ്നെതിരായ യുദ്ധത്തിന് റഷ്യയ്ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് ഇതുവഴി ഇന്ത്യ. അമേരിക്കയ്ക്ക് അത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്’’.
ഇന്ത്യയ്ക്കുമേൽ 25% ഇറക്കുമതി തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള പിഴയായി 25% കൂടി പ്രഖ്യാപിച്ച് മൊത്തം തീരുവ 50% ആക്കിയിരുന്നു.
ചൈനയ്ക്കെതിരെ അധിക തീരുവയോ പിഴയോ പ്രഖ്യാപിച്ചില്ലെന്ന് മാത്രമല്ല, വ്യാപാരക്കരാറിൽ തുടർ ചർച്ചകൾക്കായി 90 ദിവസത്തെ സാവകാശവും അനുവദിച്ചു. റഷ്യൻ എണ്ണ ചൈന വഴി വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ അപ്പോൾ നടപടി എടുക്കുന്നില്ലേ എന്നും റൂബിയോയോട് മാധ്യമങ്ങളുടെ ചോദ്യമുണ്ടായി.
മറുപടി നോക്കാം – ‘‘അതേക്കുറിച്ച് എനിക്കറിയില്ല. പക്ഷേ, അധിക തീരുവ പ്രഖ്യാപിച്ചാൽ അതിനു വലിയ പ്രതിഫലനങ്ങളുണ്ടാകും.
ഈ പ്രതിസന്ധി പരിഹരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തന്നെ ശ്രമിക്കുമെന്ന് കരുതുന്നു’’.
നേരത്തേ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 100% തീരുവ ഏർപ്പെടുത്തുന്നത് യുഎസ് ആലോചിച്ചിരുന്നു. രാജ്യന്തര എണ്ണവില കുത്തനെ കൂടുമെന്നതിനാൽ അത് യൂറോപ്പിന് തിരിച്ചടിയാകും.
യൂറോപ്യൻ രാഷ്ട്രങ്ങൾ അമേരിക്കയുടെ ആ നീക്കത്തെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. അതേസമയം, ഇന്ത്യ ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുകയാണ്.
കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഈമാസം ഇറക്കുമതി കൂടിയിട്ടുമുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ എ.എസ്.
സാഹ്നിയും പറഞ്ഞിരുന്നു.
ഇന്ത്യയ്ക്ക് പിന്നെയും ഭീഷണി
യുഎസിന്റെ തന്ത്രപ്രധാന വ്യാപാര പങ്കാളിയായി ഇന്ത്യയെ തുടർന്നും പരിഗണിക്കണമെങ്കിൽ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി വൈറ്റ്ഹൗസിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. ചൈന, റഷ്യ എന്നിവയുമായി ഇന്ത്യ ബന്ധം ദൃഢമാക്കാനാണ് ശ്രമിക്കുന്നത് അതിനെ യുഎസ് പിന്തുണയ്ക്കുന്നില്ല.
ചൈനയും റഷ്യയുമായി അടുക്കുന്ന ഇന്ത്യയ്ക്ക് നൂതന ആയുധങ്ങളും സാങ്കേതികവിദ്യകളും നൽകുന്നത് യുഎസ് പുനഃപരിശോധിച്ചേക്കുമെന്നും നവാരോ പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]