ലോകം ആകാംക്ഷയോടെ ശ്രദ്ധിച്ച ഓഗസ്റ്റ് 15ലെ കൂടിക്കാഴ്ച കാര്യമായ പ്രഖ്യാപനങ്ങളില്ലാതെ പിരിഞ്ഞതോടെ ഇനി ശ്രദ്ധ ഇന്ന് ട്രംപുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും യൂറോപ്യൻ യൂണിയൻ നേതാക്കളും നടത്തുന്ന ചർച്ചയിൽ. യുക്രെയ്നിലെ ധാതുസമ്പന്നമായ ഡോൺബാസ് റഷ്യയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യമാണ് ഓഗസ്റ്റ് 15ലെ കൂടിക്കാഴ്ചയിൽ ട്രംപിനു മുന്നിൽ പുട്ടിൻ വച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഇത് അംഗീകരിക്കണമെന്നും സമാധാനനീക്കത്തിന് തയാറാകണമെന്നും സെലെൻസ്കിയോട് ട്രംപും നിർദേശിച്ചിട്ടുണ്ട്.
ഡോൺബാസ് വിട്ടുകൊടുക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് സെലെൻസ്കി വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞതവണ സെലെൻസ്കി അമേരിക്ക സന്ദർശിച്ചപ്പോൾ പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസും ചേർന്ന് പരസ്യമായി നിർത്തിപ്പൊരിച്ചിരുന്നു. അമേരിക്കയിൽ നിന്ന് മടങ്ങിപ്പോകണമെന്ന് അവർ ആവശ്യപ്പെട്ടതും സെലെൻസ്കിക്ക് തിരിച്ചടിയായിരുന്നു.
ഇക്കുറി സെലെൻസ്കി ഇത്തരം അപമാനം നേരിടുന്നത് ചെറുക്കാനാണോ യൂറോപ്യൻ യൂണിയൻ നേതാക്കളെയും ഒപ്പം കൂട്ടുന്നതെന്ന ചോദ്യത്തിന് ‘‘അങ്ങനെ തോന്നുന്നില്ല’’ എന്ന മറുപടിയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മാധ്യമങ്ങൾക്ക് നൽകിയത്.
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലേയെൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഫ്രെഡ്റിച് മെർസ് തുടങ്ങിയവരാണ് സെലെൻസ്കിക്ക് ഒപ്പമുള്ളത്.
യുക്രെയ്നിലെ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നീ മേഖലകളെ ചേർത്തുവിശേഷിപ്പിക്കുന്ന പേരാണ് ഡോൺബാസ്. യുക്രെയ്നിന് നാറ്റോയ്ക്ക് സമാനമായ സുരക്ഷ ഒരുക്കുന്നതിനെ എതിർക്കില്ലെന്ന് പുട്ടിൻ സമ്മതിച്ചെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനെ സെലെൻസ്കിയും യൂറോപ്യൻ യൂണിയൻ നേതാക്കളും സ്വാഗതം ചെയ്തു. നാറ്റോ അംഗരാജ്യത്തെ ഏതെങ്കിലും രാജ്യം ആക്രമിച്ചാൽ അതു നാറ്റാ രാജ്യങ്ങൾക്കെല്ലാം നേരെയുള്ള യുദ്ധമായി കണക്കാക്കി തിരിച്ചടിക്കാൻ വ്യവസ്ഥ ചെയ്യുന്ന സുരക്ഷാച്ചട്ടമായ ‘ആർട്ടിക്കിൾ 5’ പുട്ടിൻ അംഗീകരിച്ചേക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.
എന്നാൽ, പകരം പുട്ടിൻ ആവശ്യപ്പെടുന്നതാണ് ഡോൺബാസ്.
ഇതിനിടെ, റഷ്യ ‘വലിയ ശക്തി’ ആണെന്നും സമാധാനനീക്കത്തിന് യുക്രെയ്ൻ വഴങ്ങണമെന്നും അലാസ്കയിലെ യോഗത്തിനുശേഷം ട്രംപ് പറഞ്ഞത് സെലെൻസ്കിയെയും യൂറോപ്യൻ യൂണിയൻ നേതാക്കളെയും നിരാശപ്പെടുത്തി. പുട്ടിനും റഷ്യയ്ക്കുമെതിരായ നിലപാടിൽനിന്ന് ട്രംപ് പൊടുന്നനെ മലക്കംമറിഞ്ഞത് സെലെൻസ്കിയെ കൂടുതൽ സമ്മർദത്തിലുമാക്കി.
യുക്രെയ്ന്റെ ഒരിഞ്ച് ഭൂമിപോലും പുട്ടിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് സെലെൻസ്കി.
ഇന്ത്യയിൽ നേട്ടത്തിന്റെ അനുകൂലക്കാറ്റ്
ആഭ്യന്തരതലത്തിൽ നിന്നുള്ള അനുകൂലക്കാറ്റ് വീശിയടിക്കുന്നുണ്ട് ഇന്ത്യൻ ഓഹരി വിപണിയിൽ. അതു നേട്ടമാക്കാൻ ഓഹരി വിപണികൾക്ക് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇന്നുരാവിലെ ഗിഫ്റ്റ് നിഫ്റ്റി 303 പോയിന്റ് കുതിച്ചുകയറി 24,920ൽ എത്തി. സെൻെസക്സും നിഫ്റ്റിയും ഇന്നു വൻ നേട്ടത്തിൽ വ്യാപാരം തുടങ്ങിയേക്കാമെന്ന പ്രതീക്ഷ ഇതു നൽകുന്നു.
∙ എസ് ആൻഡ് പി ഗ്ലോബൽ ഇന്ത്യയുടെ വിശ്വാസ്യത റേറ്റിങ് ബിബിബി നെഗറ്റീവിൽ നിന്ന് ബിബിബി പോസിറ്റീവ് ആക്കിയത് വൻ ഉത്തേജകമാകും.
∙ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ നെക്സ്റ്റ് ജെൻ ജിഎസ്ടി പരിഷ്കാരം, നികുതിനിരക്ക് കുത്തന്നെ വെട്ടിക്കുറയ്ക്കാനുള്ള നീക്കം, പ്രതിരോധക്കരുത്ത് ശക്തമാക്കാനുള്ള ‘മിഷൻ സുദർശൻ ചക്ര’ പദ്ധതി എന്നിവ ഓഹരി വിപണിക്ക് ഊർജമാകും.
∙ എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, പവർഗ്രിഡ്, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, കോട്ടക് ബാങ്ക്, ബജാജ് ഫിനാൻസ്, ടാറ്റ ക്യാപിറ്റൽ തുടങ്ങിയവയുടെ റേറ്റിങ്ങും എന്നിവയുടെ റേറ്റിങ്ങും എസ് ആൻഡ് പി ഉയർത്തിയത് ഓഹരികളെ സ്വാധീനിക്കും.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ ഓഹരികൾ വിറ്റൊഴിയുന്നതാണ് ഒരു തലവേദന.
2025ൽ ഇതിനകം അവർ പിൻവലിച്ചത് 1.5 ലക്ഷം കോടി രൂപയാണ്.
നേട്ടത്തിലേറെ യുഎസ് വിപണി; ഏഷ്യയിൽ സമ്മിശ്രം
യുഎസ് ഓഹരി വിപണികൾ തീരുവ, റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച എന്നിവയിൽ നിന്നു ശ്രദ്ധമാറ്റി ഇപ്പോൾ ഉറ്റുനോക്കുന്നത് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ കഴിഞ്ഞ പണനയ നിർണയ യോഗത്തിലെ മിനുട്സിലേക്കാണ്. ബുധനാഴ്ച മിനുട്സ് പുറത്തുവരും.
രാജ്യത്ത് പണപ്പെരുപ്പം വീണ്ടും കൂടിത്തുടങ്ങിയ പശ്ചാത്തലത്തിൽ പലിശനിരക്കിന്റെ ഭാവിയെക്കുറിച്ച് യുഎസ് ഫെഡ് എന്തുപറയുമെന്നതാണ് ആകാംക്ഷ.
∙ ജാക്സൺ ഹോം സിംപോസിയത്തിൽ ഫെഡ് അംഗങ്ങൾ നടത്തുന്ന പ്രഭാഷണങ്ങളും നിർണായകമാണ്.
∙ കോർപറേറ്റ് കമ്പനികളുടെ ജൂൺപാദ പ്രവർത്തനഫലം പൊതുവേ യുഎസ് ഓഹരി വിപണികൾക്ക് ആശ്വാസമായിട്ടുണ്ട്. ഇതിനകം 92% കമ്പനികൾ പ്രവർത്തനഫലം പുറത്തുവിട്ടു.
അവയിൽ 82 ശതമാനവും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച കണക്കുകളുമാണ് വെളിപ്പെടുത്തിയത്.
∙ യുഎസ് ഫ്യൂച്ചേഴ്സിൽ ഡൗ ജോൺസ് സൂചിക 0.09%. എസ് ആൻഡ് പി500 സൂചിക 0.11%, നാസ്ഡാക് 0.18% എന്നിങ്ങനെ ഉയർന്നു.
ഏഷ്യയിൽ ഓഹരി വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്.
ട്രംപ്-സെലെൻസ്കി യോഗത്തിലേക്കാണ് ഏവരുടെയും ഉറ്റുനോട്ടം. ദക്ഷിണ കൊറിയയുടെ കോസ്പി 1.25% ഇടിഞ്ഞു.
ജാപ്പനീസ് നിക്കേയ് 0.73%, ചൈനയുടെ ഷാങ്ഹായ് സൂചിക 0.66%, ഹോങ്കോങ് 0.37% എന്നിങ്ങനെ ഉയർന്നു. യൂറോപ്യൻ വിപണികൾ ചുവപ്പിലാണുള്ളത്.
എഫ്ടിഎസ്ഇ 0.42%, ഡാക്സ് 0.07% എന്നിങ്ങനെ താഴ്ന്നു.
സ്വർണം എണ്ണയും
രാജ്യാന്തര സ്വർണവില ഔൺസിന് 7 ഡോളർ ഉയർന്ന് 3,344 ഡോളറിലാണ് നിലവിൽ വ്യാപാരം ചെയ്യുന്നത്. കേരളത്തിൽ ഇന്നു വിലയിൽ നേരിയ മാറ്റത്തിനോ വിലസ്ഥിരത നേടാനോ ആണ് സാധ്യത.
റഷ്യയ്ക്കുമേലുള്ള ഉപരോധം ഒഴിവായേക്കുമെന്ന സൂചനകളെ തുടർന്ന് ക്രൂഡ് ഓയിൽ വില താഴുകയാണ്. ഉപരോധം മാറിയാൽ റഷ്യ വൻതോതിൽ എണ്ണ രാജ്യാന്തര വിപണിയിലേക്ക് എത്തിച്ചേക്കുമെന്ന വിലയിരുത്തലാണ് കാരണം.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.11% താഴ്ന്ന് 62.73 ഡോളറിലും ബ്രെന്റ് വില 0.24% കുറഞ്ഞ് 65.69ലും എത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]