
അദാനി ഗ്രൂപ്പ് ‘അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ ഉൽപന്ന വിഭാഗത്തിലെ’ (എഫ്എംസിജി) സാന്നിധ്യം പൂർണമായി അവസാനിപ്പിക്കുന്നു. ഇതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി എഡബ്ല്യുഎൽ അഗ്രി ബിസിനസിലെ 20% ഓഹരികൾ കൂടി സിംഗപ്പുർ കമ്പനിയായ വിൽമർ ഇന്റർനാഷണലിന് വിറ്റഴിച്ചതായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച കത്തിൽ അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
7,150 കോടി രൂപയുടേതാണ് ഇടപാട്. വിൽമറിന്റെ ഉപകമ്പനിയായ ലെൻസ് ആണ് അദാനിയിൽ നിന്ന് ഓഹരികൾ ഏറ്റെടുക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ എഡബ്ല്യുഎൽ അഗ്രി ബിസിനസിലെ 13.5% ഓഹരികൾ ഒന്നിന് 275 രൂപനിരക്കിൽ അദാനി ഗ്രൂപ്പ് വിറ്റഴിച്ചിരുന്നു.
ഇതുവഴി 4,850 കോടി രൂപയും നേടി. 20% ഓഹരികൾ കൂടി വിറ്റതോടെ എഡബ്ല്യുഎൽ അഗ്രി ബിസിനസിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം 10.42 ശതമാനമായി.
വൈകാതെ ഈ ഓഹരികളും മുൻകൂട്ടി നിശ്ചയിച്ച നിക്ഷേപകർക്ക് വിറ്റഴിക്കുമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. നിലവിലെ ഓഹരി വിൽപന വഴി 10,874 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
ജനുവരിയിൽ നേടിയ 4,855 കോടി രൂപയും ചേരുമ്പോൾ എഡബ്ല്യുഎൽ അഗ്രി ബിസിനസിലെ ഓഹരി വിൽപനവഴി ആകെ നേടുക 15,729 കോടി രൂപ.
അദാനി കമ്മോഡിറ്റീസിന്റെ ഓഹരി വിൽപന
അദാനി ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസിന്റെ കീഴിലുള്ള അദാനി കമ്മോഡിറ്റീസ് ലിമിറ്റഡാണ് എഡബ്ല്യുഎൽ അഗ്രി ബിസിനസിലെ ഓഹരികൾ പൂർണമായും വിറ്റഴിക്കുന്നത്. ഭക്ഷ്യ എണ്ണ, ധാന്യപ്പൊടികൾ, മറ്റ് ഭക്ഷ്യോൽപന്നങ്ങൾ എന്നിവ വിറ്റഴിക്കുന്ന കമ്പനിയാണ് എഡബ്ല്യുഎൽ അഗ്രി ബിസിനസ്.
നേരത്തേ പേര് അദാനി വിൽമർ എന്നായിരുന്നു. അദാനി ഗ്രൂപ്പ് ഓഹരി വിറ്റൊഴിയുന്നതിന്റെ ഭാഗമായാണ് പേര് മാറ്റിയത്.
അദാനിയിൽ ഓഹരികൾ സ്വന്തമാക്കുന്ന വിൽമർ ഇന്റർനാഷണൽ 64% ഓഹരി പങ്കാളിത്തത്തോടെ എഡബ്ല്യുഎൽ അഗ്രി ബിസിനസിന്റെ മുഖ്യ ഓഹരി ഉടമകളായി മാറും.
അദാനിയുടെ ഓഹരിവിൽപനയുടെ പശ്ചാത്തലത്തിൽ എഡബ്ല്യുഎൽ അഗ്രി ബിസിനസ് ഓഹരികൾ ഇന്നലെ 8% വരെ ഉയർന്നിരുന്നു. ഇന്ന് വ്യാപാരത്തിന്റെ ആദ്യ സെഷനിൽ ഓഹരിവില നേരിയ നഷ്ടത്തിലാണുള്ളത്.
അദാനി എന്റർപ്രൈസസ് ഓഹരികൾ 0.15% നേട്ടത്തോടെ 2,620.60 രൂപയിലും വ്യാപാരം ചെയ്യുന്നു.
അദാനിയുടെ ലക്ഷ്യം
അടിസ്ഥാനസൗകര്യ വികസനം, ഊർജം, ഗതാഗതം, ലോജിസ്റ്റിക്സ് എന്നിങ്ങനെ കമ്പനിയുടെ മുഖ്യ പ്രവർത്തനമേഖലകളിൽ മാത്രം ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായാണ് അദാനി ഗ്രൂപ്പ് എഫ്എംസിജി ബിസിനസിൽ നിന്നു പിന്മാറുന്നത്. അദാനി ഓഹരികൾ വിറ്റൊഴിയും മുമ്പ് അദാനി വിൽമർ എന്ന സംയുക്ത സംരംഭത്തിൽ അദാനി ഗ്രൂപ്പിനും വിൽമറിനും 44% വീതമായിരുന്നു ഓഹരി പങ്കാളിത്തം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]